എടപ്പാൾ: ഭിന്നശേഷി മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്കുള്ള സംസ്ഥാന തല പുരസ്കാരം പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്. സംസ്ഥാനത്തെ മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള ഭിന്നശേഷി അവാർഡാണ് പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് നേടിയത്. ഭിന്നശേഷിക്കാരുടെ ക്ഷേമം, പുനരധിവാസം, ശാക്തീകരണം എന്നിവ ലക്ഷ്യമിട്ട് നടപ്പാക്കിയ വിവിധ പദ്ധതികളാണ് അവാർഡിന് അർഹമാക്കിയത്. ഭിന്നശേഷിക്കാരായ കുട്ടികൾക്കായി നടപ്പാക്കുന്ന സ്കോളർഷിപ്പ് പദ്ധതി, ഭിന്നശേഷി കലോത്സവം, എടപ്പാൾ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി ബേസ്ഡ് ഇന്റർവെൻഷൻ സെന്റർ (സി.ബി.ഐ സി.) എന്നിവ ബ്ലോക്ക് പഞ്ചായത്തിന്റെ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ്.
2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിച്ച സി.ബി.ഐ സി ഇന്ന് മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും മാതൃകയായ പദ്ധതിയാണ്. പ്രതിവർഷം 30 ലക്ഷത്തിലധികം രൂപയാണ് പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പദ്ധതിക്കായി വകയിരുത്തുന്നത്. ജനനം മുതൽ 12 വയസ്സുവരെയുള്ള കുട്ടികളിലെ ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരത്തേ കണ്ടെത്തി ആവശ്യമായ ഇടപെടലുകളും ചികിത്സാ പിന്തുണയും ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഓട്ടിസം, ശ്രദ്ധക്കുറവ്, ഹൈപ്പർ ആക്ടിവിറ്റി, സെറിബ്രൽ പാൾസി, പക്ഷാഘാതം, പഠനവൈകല്യങ്ങൾ തുടങ്ങിയവ നേരിടുന്ന കുട്ടികൾക്ക് കേന്ദ്രത്തിലൂടെ വിവിധ സേവനങ്ങൾ ലഭ്യമാക്കുന്നു. ഫിസിയോതെറാപ്പി, സ്പെഷ്യൽ എജ്യുക്കേഷൻ, സ്പീച്ച് ആൻഡ് ലാംഗ്വേജ് തെറാപ്പി, ഒക്യുപ്പേഷണൽ തെറാപ്പി, പഠനവൈകല്യ നിർണയം, പെരുമാറ്റ പരിഷ്കരണം, രക്ഷിതാക്കൾക്കുള്ള കൗൺസലിങ്, മാനസികാരോഗ്യ വിദ്യാഭ്യാസം തുടങ്ങിയ സേവനങ്ങളും ലഭ്യമാണ്. സൈക്കോളജിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, സ്പെഷ്യൽ എജ്യുക്കേറ്റർ, സ്പീച്ച് ലാംഗ്വേജ് തെറാപ്പിസ്റ്റ്, ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റ് എന്നിവരുടെ സേവനവും കേന്ദ്രത്തിലുണ്ട്.
വിവിധ ആവശ്യങ്ങൾക്കായി പല കേന്ദ്രങ്ങളെ ആശ്രയിക്കേണ്ടിവരുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരിടത്ത് തന്നെ സമഗ്രമായ സേവനങ്ങൾ ലഭ്യമാക്കുന്ന വൺ സ്റ്റോപ്പ് സെന്റർ എന്ന നിലയിലും സി.ബി.ഐ.സി ശ്രദ്ധേയമാണ്.
ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള സ്കോളർഷിപ്പിനായി ഗ്രാമപഞ്ചായത്തുകൾക്ക് ബ്ലോക്ക് പഞ്ചായത്ത് സാമ്പത്തിക വിഹിതം നൽകുന്നതും മികച്ച പ്രവർത്തനമായി വിലയിരുത്തി. പ്രതിവർഷം 13 ലക്ഷം രൂപ വീതമാണ് ഇതിനായി ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തുന്നത്. ബ്ലോക്ക് പഞ്ചായത്ത് കാര്യാലയം, ശുചിമുറികൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ, ഘടക സ്ഥാപനങ്ങൾ, ബ്ലോക്ക് കോമ്പൗണ്ടിൽ പുതുതായി നിർമിച്ച ഓപ്പൺ ഓഡിറ്റോറിയം എന്നിവയും ഭിന്നശേഷി സൗഹൃദമായാണ് സജ്ജീകരിച്ചിട്ടുള്ളത്. ഈ പ്രവർത്തനങ്ങളുടെയും ഭിന്നശേഷി സൗഹൃദ വികസനത്തിനായി പഞ്ചായത്ത് നടപ്പാക്കിയ വിവിധ പദ്ധതികളുടെയും തുടർച്ചയായ ഇടപെടലുകളുടെയും അടിസ്ഥാനത്തിലാണ് പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന് സംസ്ഥാന ഭിന്നശേഷി അവാർഡ് ലഭിച്ചതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആർ. ഗായത്രിയും വൈസ് പ്രസിഡന്റ് എ.പി. വിമലും പറഞ്ഞു.
Content Highlights: Ponnani Block Panchayat has won the Kerala state-level award for best performance in the field of disability welfare and inclusive initiatives.
Published: 29 Nov 2026, 01:57 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented