ഇരിങ്ങാലക്കുട: കേരളം മാറിമാറി ഭരിച്ച സർക്കാരുകൾ പട്ടികജാതി വിഭാഗത്തെ നിരന്തരം അവഗണനയ്ക്കുകയും അവഹേളിക്കുകയുമാണെന്ന് പി.കെ. ചാത്തൻ മാസ്റ്റർ സ്മൃതിസഭ യോഗം ആരോപിച്ചു. പട്ടികജാതി ക്ഷേമത്തിനായി അനുവദിക്കുന്ന കോടിക്കണക്കിന് രൂപ ചെലവഴിക്കാതെ നഷ്ടപ്പെടുത്തുകയും, വകമാറ്റുകയുമാണ്. 2020- 23 കാലയളവിൽ തദ്ദേശ സ്ഥാപനങ്ങളിൽ 83 കോടി രൂപയാണ് നഷ്ടപ്പെടുത്തിയത്. വിദ്യാർഥികളുടെ സ്‌കോളർഷിപ്പ് കുടിശ്ശിക 377 കോടിയാണ്. വീടും ഭൂമിയുമില്ലാത്ത 3,735 കുടുംബങ്ങളെ ലൈഫ് മിഷനിൽ നിന്ന് ഒഴിവാക്കി. 191 വികസന പദ്ധതികളിൽ 107 എണ്ണം മാത്രമാണ് നടപ്പാക്കിയത്. ഉന്നതികളിൽ പ്രഖ്യാപിച്ച ആയിരം വിജ്ഞാൻവാടികൾക്കായി 50 കോടി രൂപ പ്രഖ്യാപിച്ചെങ്കിലും ചെലവഴിച്ചത് വെറും ആറുകോടി മാത്രമാണെന്നും യോഗം ചൂണ്ടിക്കാട്ടി. പട്ടികജാതി വിഭാഗത്തിന്റെ വികസനം ആരുടെയും ഔദാര്യമല്ല, അത് ഭരണഘടന ഉറപ്പുനൽകുന്ന അവകാശമാണെന്നും ആദ്യ പട്ടികജാതി വകുപ്പ് മന്ത്രിയും, നവോത്ഥാന നായകനുമായ പി കെ ചാത്തൻ മാസ്റ്റർക്ക് ജന്മനാട്ടിൽ പോലും അർഹമായ സ്മാരകം നിർമ്മിക്കാൻ കഴിയാത്തത് കേരളത്തിന് അപമാനമാണെന്നും യോഗം ചൂണ്ടിക്കാട്ടി. ചാത്തൻമാസ്റ്ററുടെ സ്മരണയ്ക്കായി സാമൂഹ്യക്ഷേമ പഠനകേന്ദ്രവും, തൊഴിൽ പരിശീലനകേന്ദ്രവും സ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗം ബി.ജെ.പി. ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു. മുൻ എം.എൽ.എ. സി.സി. മുകുന്ദൻ അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ എസ്. സുരേഷ്, സംസ്ഥാന ഉപാധ്യക്ഷൻ കെ. സോമൻ, എസ്.സി. മോർച്ച സംസ്ഥാന അധ്യക്ഷൻ ഷാജുമോൻ വട്ടേക്കാട്, മുൻ എം.എൽ.എ.മാരായ കെ. അജിത്, എസ്. രാജേന്ദ്രൻ, അഡ്വ. പന്തളം പ്രതാപൻ, ലോചനൻ അമ്പാട്ട്, ബി. ബബുൽദേവ്, അഡ്വ. സ്വപ്നജിത് എന്നിവർ ഉൾപ്പടെ നിരവധി പേർ യോഗത്തിൽ പങ്കെടുത്തു.

To advertise here,