മാനന്തവാടി : ചൂരലെന്ന് കേട്ടാൽ പല കുട്ടികൾക്കും പേടിയാണെങ്കിലും നല്ലൂർനാട് അംബേദ്കർ മെമ്മോറിയൽ ഗവ. മോഡൽ റെസിഡൻഷ്യൻ ഹയർസെക്കൻഡറി സ്കൂളിലെ ഇ.എ. യദുകൃഷ്ണന് മധുരമുള്ള ഓർമ്മയാണ്. ചൂരൽകൊണ്ടുള്ള ഉത്പന്നനിർമാണം പല കുട്ടികൾക്കും പുതുമയാണെങ്കിലും യദുവിന് അതൊരു കലാവാസനയും ജീവിതത്തിന്റെ ഭാഗവുമാണ്. കാട്ടിക്കുളം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടന്ന മാനന്തവാടി ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ഒന്നാംസ്ഥാനവും എ ഗ്രേഡും നേടിയാണ് പത്താംക്ലാസുകാരനായ യദു ജില്ലാ ശാസ്ത്രോത്സവത്തിനെത്തിയത്.
കഴിഞ്ഞവർഷം നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും നേടിയതിലുള്ള ആത്മവിശ്വാസത്തോടെയായിരുന്നു ഇത്തവണ ജില്ലാ ശാസ്ത്രോത്സവത്തിനെത്തിയത്. ഒന്നാംസ്ഥാനവും എ ഗ്രേഡും നേടി മടങ്ങുമ്പോൾ അത് ജീവിതത്തിലെന്നും മറക്കാത്ത അനുഭൂതിയായി.
പേനയിട്ടുവെക്കാൻ സാധിക്കുന്ന പെൻഹോൾഡറും ക്ഷേത്രത്തിലേക്ക് പൂവും പ്രസാദവും കൊണ്ടുപേകാൻ പൂക്കുട്ടയും സാധനങ്ങളിട്ടുവെക്കാൻ സാധിക്കുന്ന കുട്ടയുമാണ് രണ്ടരമണിക്കൂറിനുള്ളിൽ യദു നിർമിച്ചത്.
അച്ഛനും മുത്തച്ഛനുമൊക്കെ പാരമ്പര്യമായി ചെയ്തുപോകുന്ന തൊഴിലാണെന്ന് യദു പറഞ്ഞു. ചൂരലിന്റെ ലഭ്യത കുറഞ്ഞതിനാലും അധ്വാനത്തിനനുസരിച്ചുള്ള പ്രതിഫലം ലഭിക്കാത്തതിനാലും പലരും ഈ ജോലി ഇപ്പോൾ ചെയ്യുന്നില്ല. കഴിഞ്ഞവർഷം മുതലാണ് ശാസ്ത്രോത്സവത്തിൽ ചൂരൽകൊണ്ടുള്ള ഉത്പന്നനിർമാണം മത്സരയിനമായി ഏർപ്പെടുത്തിയത്. പഠിക്കുന്നത് റെസിഡൻഷ്യൽ സ്കൂളിലാണെങ്കിലും യദുവിന്റെ കഴിവും താത്പര്യവും പരിഗണിച്ച് ഒഴിവുദിവസങ്ങളിൽ അധ്യാപകർ പരിശീലനത്തിന് വീട്ടിലേക്ക് അയക്കാറുണ്ട്. ആദിവാസി കുറിച്യ വിഭാഗത്തിൽപ്പെട്ട യദുകൃഷ്ണൻ വാളാട് എടത്തന അച്ചപ്പന്റെയും ശാരദയുടെയും മകനാണ്.
Published: 07 Nov 2026, 03:24 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented