മണ്ണാർക്കാട് : ഇ.എസ്.എ. വിജ്ഞാപനവുമായി ബന്ധപ്പെട്ട് സമഗ്രമായ പുനഃപരിശോധന ആവശ്യമാണെന്നും നിലവിലെ വനാതിർത്തിക്ക് പുറത്തേക്ക് ഇ.എസ്.എ.യുടെ പരിധി വർധിപ്പിക്കരുതെന്നും ആവശ്യപ്പെട്ട് സംയുക്തകർഷകസമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇ.എസ്.എ. ബാധിതമേഖലകളിൽ ഹർത്താൽ ആചരിച്ചു.
വെള്ളിയാഴ്ച രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയായിരുന്നു ഹർത്താൽ. അട്ടപ്പാടി, പാലക്കയം പോലുള്ള ഭാഗങ്ങളിൽ കടകളടച്ചിട്ടു. ഇവിടങ്ങളിലെ ഏതാനും സ്വകാര്യബസുകളും ഓടിയില്ല.
അട്ടപ്പാടി താലൂക്കിലെ അഗളി, ഷോളയൂർ, പുതൂർ, കോട്ടത്തറ, കള്ളമല, പാടവയൽ, മണ്ണാർക്കാട് താലൂക്കിലെ പാലക്കയം, പാലക്കാട് താലൂക്കിലെ പുതുപ്പരിയാരം, മലമ്പുഴ-രണ്ട്, പുതുശ്ശേരി-ഈസ്റ്റ്, ചിറ്റൂർ താലൂക്കിലെ മുതലമട ഒന്ന്, രണ്ട് വില്ലേജുകൾ, നെല്ലിയാമ്പതി, ആലത്തൂർ താലൂക്കിലെ കിഴക്കഞ്ചേരി-ഒന്ന് എന്നിവിടങ്ങളിലാണ് ഹർത്താൽ ആചരിച്ചത്.
സർക്കാർ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമെല്ലാം പതിവുപോലെ പ്രവർത്തിച്ചു.
വിവിധയിടങ്ങളിൽ ഹർത്താൽ അനുകൂലികളുടെ നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും നടത്തി.
അട്ടപ്പാടി മേഖലയിൽ കടകൾ അടച്ചിടേണ്ടിവന്നത് പൊതുജനത്തെ ബാധിച്ചു.
ദീപാവലി ആഘോഷത്തിന്റെ മുന്നോടിയായി കടകളിലേക്ക് സാധനങ്ങൾ വാങ്ങാനെത്തിയവരാണ് നിരാശരായി മടങ്ങിയത്.
പാലക്കയം വില്ലേജിന്റെ ഭാഗമായ കാഞ്ഞിരത്ത് സംയുക്തകർഷകസമിതിയുടെ നേതൃത്വത്തിൽ പ്രകടനവും വിശദീകരണ യോഗവും നടത്തി.
സംയുക്തകർഷകസമിതി ജില്ലാ കൺവീനർ പൊറ്റശ്ശേരി മണികണ്ഠൻ ഉദ്ഘാടനംചെയ്തു. വിവിധ കർഷക സംഘടനകളെ പ്രതിനിധീകരിച്ച് നിസാർ മുഹമ്മദ്, കെ. രാധാകൃഷ്ണൻ, പി. ചിന്നക്കുട്ടൻ, ടി.എം. സിദ്ധാർഥ് തുടങ്ങിയവർ സംസാരിച്ചു.
Published: 07 Nov 2026, 03:12 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented