പുല്പള്ളി : പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായി മാറിയ ആലിൻചുവട്- അമ്മാവൻമുക്ക് റോഡിലൂടെയുള്ള യാത്ര വലിയദുരിതമാണ്.

To advertise here,

പുല്പള്ളി ഗ്രാമപ്പഞ്ചായത്തിന്റെ കീഴിലുള്ള ഈ റോഡ് തകർന്നിട്ട് വർഷങ്ങളായി. രണ്ട് ആദിവാസി ഉന്നതികളിലേതടക്കം നൂറുകണക്കിന് കുടുംബങ്ങൾ നിത്യവും യാത്രചെയ്യുന്ന റോഡാണിത്. പുല്പള്ളി ടൗൺ ചുറ്റാതെ, എരിയപ്പള്ളിയിൽനിന്ന്‌ പഴശ്ശിരാജാ കോളേജ് ഭാഗത്തേക്ക് എളുപ്പത്തിൽ യാത്രചെയ്യുന്നതിനുള്ള വഴിയാണിത്. നിത്യവും ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്ന റോഡായിട്ടും അത് നന്നാക്കാൻ അധികൃതർ താത്പര്യമെടുക്കാത്തത് നാട്ടുകാർക്കിടയിൽ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

രണ്ട് കിലോമീറ്ററോളം ദൂരമുള്ള റോഡിൽ ചേപ്പില പുതിയ ഉന്നതിക്ക് സമീപമുള്ള കയറ്റത്തിലാണ് റോഡ് പൂർണമായി തകർന്നുകിടക്കുന്നത്. വലിയ കുണ്ടും കുഴിയും നിറഞ്ഞ്, മെറ്റലുകൾ ഇളകിത്തെറിച്ചുകിടക്കുന്ന ഈ കയറ്റം സ്ഥിരം അപകടമേഖലയായി മാറിയിരിക്കുകയാണ്. റോഡിലൂടെ കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും സഞ്ചരിക്കാൻകഴിയാത്ത സ്ഥിതിയാണ്.

കയറ്റത്തിലുള്ള കുഴികളിൽ ചാടിയും ഇളകിക്കിടക്കുന്ന മെറ്റലുകളിൽ കയറിയും വാഹനങ്ങളുടെ ചക്രങ്ങൾ തെന്നിമറിയുകയാണ്. കുഴിയിൽ ചാടി വാഹനങ്ങളുടെ അടിഭാഗം തട്ടുന്നതും പതിവാണ്. കഴിഞ്ഞദിവസംമാത്രം രണ്ട് ഇരുചക്രവാഹനങ്ങളാണ് ഇവിടെ അപകടത്തിൽപ്പെട്ടത്. യാത്രക്കാർ ചെറിയപരിക്കുകളോടെ രക്ഷപ്പെട്ടു. ഓവുചാൽ ഇല്ലാത്തതിനാൽ മഴവെള്ളം റോഡിലൂടെയാണ് ഒഴുകുന്നത്. ഇതാണ് റോഡിന്റെ തകർച്ചയ്ക്ക് ആക്കംകൂട്ടുന്നത്.

റോഡ് തകർന്നുകിടക്കുന്നതിനാൽ ഓട്ടംവിളിച്ചാൽ ഓട്ടോറിക്ഷകൾപോലും ഇതുവഴിവരാത്ത സ്ഥിതിയാണെന്നാണ് നാട്ടുകാർ പറയുന്നത്. പ്രദേശത്തെ വയോധികർക്കും രോഗികൾക്കുമടക്കം അടിയന്തരഘട്ടങ്ങളിൽ ആശുപത്രിയിലെത്താൻപോലും റോഡിന്റെ ശോച്യാവസ്ഥ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് പലവട്ടം അധികൃതരോട് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് പ്രദേശവാസികൾ പറയുന്നു. ഈ റോഡിന്റെ ദുരവസ്ഥയ്ക്ക് പരിഹാരംകാണാൻ അടിയന്തരമായി നടപടിസ്വീകരിച്ചില്ലെങ്കിൽ ഗ്രാമപ്പഞ്ചായത്തിനെതിരേ സമരം ആരംഭിക്കാനുള്ള നീക്കത്തിലാണ് പ്രദേശവാസികൾ.