പടിഞ്ഞാറത്തറ : തെരുവുനായശല്യം നിയന്ത്രിക്കുന്നതിൽ ഗ്രാമപ്പഞ്ചായത്തുകൾ അതീവ ജാഗ്രത പുലർത്തണമെന്ന് മന്ത്രി കെ.എം. ഷാജി. പടിഞ്ഞാറത്തറയിൽ നിർമിച്ച ആനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി.) കേന്ദ്രം ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. സ്കൂളിൽ പോകുന്ന കുട്ടികളെയടക്കം തെരുവുനായകൾ ആക്രമിക്കുന്ന സാഹചര്യമാണുള്ളതെന്നും ഈ വിഷയത്തിൽ അടിയന്തരപരിഹാരം കാണേണ്ടത് തദ്ദേശസ്വയംഭരണവകുപ്പിനുമുന്നിലുള്ള പ്രധാന വെല്ലുവിളിയാണെന്നും മന്ത്രി പറഞ്ഞു. വളർത്തുനായകൾ പ്രസവിച്ചുണ്ടാകുന്ന കുഞ്ഞുങ്ങളെ തെരുവിൽ ഉപേക്ഷിക്കുന്നതാണ് തെരുവുനായകളുടെ എണ്ണംവർധിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന്. മനുഷ്യരുടെ സുരക്ഷയ്ക്കൊപ്പം തെരുവുനായകളുടെ അതിജീവനവും ഉറപ്പാക്കുന്ന തരത്തിലുള്ള ശാസ്ത്രീയ ഇടപെടലുകളാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമപ്പഞ്ചായത്തുകളിൽ ഒരേക്കർ സ്ഥലത്ത് ആയിരത്തിലധികം നായകളെ പാർപ്പിക്കാവുന്ന തരത്തിലുള്ള ഷെൽട്ടറുകൾ നിർമിക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ട്. ഇതിനായി പഞ്ചായത്തുകളുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

To advertise here,

തദ്ദേശസ്വയംഭരണവകുപ്പ് 97 ലക്ഷം രൂപയും മൃഗസംരക്ഷണവകുപ്പ് 33 ലക്ഷം രൂപയും ചെലവഴിച്ചാണ് എ.ബി.സി. കേന്ദ്രം പൂർത്തിയാക്കിയത്. ഓപ്പറേഷൻ തിയേറ്റർ, പ്രീ-സർജറി മുറികൾ, പോസ്റ്റ് ഓപ്പറേറ്റീവ് ഷെൽട്ടർ, 84 കൂടുകൾ തുടങ്ങിയ സൗകര്യങ്ങളാണ് കേന്ദ്രത്തിലുള്ളത്. പ്രതിമാസം 200 വന്ധ്യംകരണ ശസ്ത്രക്രിയകൾ നടത്തുകയാണ് ലക്ഷ്യം. ജില്ലയിലെ രണ്ടാമത്തെ ആനിമൽ ബർത്ത് കൺട്രോൾ കേന്ദ്രമാണിത്.

ആദ്യഘട്ടത്തിൽ സ്കൂൾ പരിസരങ്ങൾ, ടൗണുകൾ, മാർക്കറ്റുകൾ, ആശുപത്രികൾ എന്നിവ ഉൾപ്പെടെയുള്ള ജനസാന്ദ്രതയേറിയ മേഖലകളിൽനിന്നാണ് തെരുവുനായകളെ പിടികൂടുക. കേന്ദ്രത്തിലെത്തിക്കുന്ന നായകൾക്ക് വിദഗ്ധ ശസ്ത്രക്രിയയും ആവശ്യമായ പരിചരണവും നൽകും. തുടർന്ന്, പേവിഷ പ്രതിരോധ കുത്തിവെപ്പ് നൽകി പിടികൂടിയ സ്ഥലത്തുതന്നെ തിരിച്ചെത്തിക്കും.

എ.ബി.സി. കേന്ദ്രത്തിലെ ഓപ്പറേഷൻ തിയേറ്റർ ഉഷാ വിജയൻ എം.എൽ.എ. ഉദ്ഘാടനംചെയ്തു. ആസ്പിരേഷൻ ജില്ലാപദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പു യത്നത്തിൽ മികച്ചപ്രകടനം കാഴ്ചവെച്ച സ്ഥാപനങ്ങൾക്കും ജീവനക്കാർക്കുമുള്ള പുരസ്കാരങ്ങളും മന്ത്രി വിതരണംചെയ്തു. കുടുംബശ്രീ മിഷന്റെ ‘ധീരം’ സ്വയംരക്ഷാ പരിശീലനപദ്ധതി ഗുണഭോക്താക്കൾക്ക് ജേഴ്സിയും വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് സ്പോർട്സ് കിറ്റും വിതരണംചെയ്തു. അധ്യാപകദിനാചരണത്തിന്റെ ഭാഗമായി പഞ്ചായത്ത് പരിധിയിലെ വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകരെ ആദരിച്ചു.

ആനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയുടെ അംഗീകാരപത്രം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ കൈമാറി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രികാ കൃഷ്ണൻ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ, മാനന്തവാടി നഗരസഭാധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ ജാസർ പാലക്കൽ, കെ.കെ. അസ്മ, എം.ജി. ബിജു, ഖമർ ലൈല, സി.വി. രാജൻ, സി.സി. രജിത, നാസർ കാദിരി, റംല ഹംസ, സൂസി ബാബു, വി. കേശവൻ, സി.പി. രഞ്ജിത്ത്, എസ്.എം പ്രമോദ്, അഞ്ജു ബാലൻ, ഗിരിജാ സുധാകരൻ, ഡോ. വി. ജയേഷ്, ഡോ. കെ.ആർ. ബിനു പ്രശാന്ത്, ഡോ.വി.ജെ. മാനോജ്, ഡോ. ആര്യ തെരേസ തുടങ്ങിയവർ സംസാരിച്ചു.

2346 തെരുവുനായകളെ വന്ധ്യംകരിച്ചു

തെരുവുനായ നിയന്ത്രണത്തിന്റെ ഭാഗമായി ജില്ലയിൽ ഇതുവരെ 2346 തെരുവുനായകളെ വന്ധ്യംകരിച്ചു. ജില്ലയിലെ ആദ്യ ആനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി.) കേന്ദ്രമായ സുൽത്താൻബത്തേരിയിലാണ് നായകളെ വന്ധ്യംകരിച്ചത്. 2025 ജൂണിൽ പ്രവർത്തനം ആരംഭിച്ച കേന്ദ്രത്തിൽ 69 കൂടുകളാണുള്ളത്.