താമരശ്ശേരി : വാഹനങ്ങളുടെ യന്ത്രത്തകരാറും അപകടങ്ങളും സഞ്ചാരീപ്രവാഹവുമെല്ലാം ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്ന താമരശ്ശേരി ചുരത്തിലെ യാത്രാദുരിതത്തിന് ആക്കംകൂട്ടുന്നതരത്തിൽ നിലനിന്നിരുന്ന റോഡ് തകർച്ചയ്ക്ക് ഒടുവിൽ താത്കാലിക പരിഹാരം. താമരശ്ശേരി ചുരത്തിലെ കൊടുംവളവുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ മഴക്കാലത്ത് യാത്രാദുരിതം തീർക്കുന്ന വിസ്താരമുള്ള കുഴികൾ കാത്തിരിപ്പിനൊടുവിൽ അടച്ചുതുടങ്ങി. താമരശ്ശേരി ചുരത്തിലെ ആറ്, എട്ട്, രണ്ട്, നാല് വളവുകളിലെയും മറ്റിടങ്ങളിലെയും കുഴികൾ യാത്രക്കാർക്ക് അപകടക്കെണിയൊരുക്കുകയും ഗതാഗതക്കുരുക്ക് രൂക്ഷമാക്കുകയും ചെയ്യുന്നത് സംബന്ധിച്ച് ‘മാതൃഭൂമി’ വാർത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് നടപടി.

To advertise here,

ഏഴാം ഹെയർപിൻ വളവിലെ ചെറിയകുഴികൾ ബുധനാഴ്ച താത്കാലികമായി നികത്തിയിരുന്നു. അതിന് പിന്നാലെയാണ് ടാർ അടർന്നുമാറി റോഡിൽ ചാലുകൾ രൂപപ്പെട്ട എട്ടാം ഹെയർപിൻ വളവിൽ വ്യാഴാഴ്ച പകൽ അറ്റകുറ്റപ്പണി നടത്തിയത്. ചെറിയ മെറ്റലും ടാറും ഇടകടലർത്തിയുള്ള ബിറ്റുമിനസ് മിശ്രിതമുപയോഗിച്ചാണ് വലിയ റോഡ് തകർച്ചയുള്ള എട്ടാംവളവിൽ കുഴികൾ നികത്തിയത്. വൈകീട്ട് മഴപെയ്തതോടെ പ്രവൃത്തി തത്കാലത്തേക്ക് നിർത്തിവെച്ചു. ആറാം ഹെയർപിൻ വളവ് ഉൾപ്പെടെ ചുരത്തിലെ മറ്റിടങ്ങളിലെ കുഴിനികത്തൽ പ്രവൃത്തി കാലാവസ്ഥ അനുകൂലമാവുന്നപക്ഷം വരുംദിവസങ്ങളിൽ തുടരും.

ക്വാറിവേസ്റ്റും എംസാൻഡും മാത്രമിട്ട് നടത്തിയിരുന്ന പേരിനുമാത്രമുള്ള കുഴിനികത്തലിന് പകരം ടാറും മെറ്റലും ഇടകർന്ന ബിറ്റുമിനസ് മിശ്രിതമുപയോഗിച്ചാണ് ഇപ്പോഴത്തെ അറ്റകുറ്റപ്രവൃത്തി. മഴമാറാത്ത നിലവിലെ സാഹചര്യത്തിൽ ഇത്തരത്തിലുള്ള അറ്റകുറ്റപ്പണിയേ സാധ്യമാകൂവെന്നാണ് പൊതുമരാമത്ത് ദേശീയപാത വിഭാഗം അധികൃതർ പറയുന്നത്. ഏതായാലും മഴമാറുമ്പോൾ സാഹചര്യത്തിൽ ചുരത്തിലെ റോഡ് തകർന്ന ഭാഗങ്ങളിൽ ശാസ്ത്രീയമായി റീടാർ ചെയ്യണമെന്നതാണ് യാത്രക്കാരുടെ പ്രധാന ആവശ്യം. ഇന്റർലോക്കുകൾ ഇളകി കുഴികളായ രണ്ട്, നാല് വളവുകളിലും അടിയന്തരമായി അറ്റകുറ്റപ്പണി നടത്തേണ്ടതുണ്ട്.