വരുമാനം കുറഞ്ഞു ജോലിക്കുള്ളത് പഴയതലമുറക്കാർ മാത്രം
പേരാമ്പ്ര : പഴയകാലത്തെ അപേക്ഷിച്ച് വരുമാനം കുറഞ്ഞതോടെ കൊല്ലപ്പണിക്കാർ പ്രതിസന്ധിയിൽ. യന്ത്രവത്കരണം കടന്നുവന്നതോടെ വ്യാവസായികമായി ഇരുമ്പ് ഉത്പന്നങ്ങൾ വിപണിയിൽ യഥേഷ്ടം ലഭ്യമാകുന്നതാണ് പാരമ്പര്യമായി ജോലിചെയ്യുന്നവരുടെ വരുമാനം കുറയാൻ പ്രധാനകാരണം. വൻകിട കമ്പനികൾ നിർമിക്കുന്ന ഇരുമ്പായുധങ്ങൾ വിപണിയിൽ സുലഭമാണ്.
കാർഷികമേഖലയിൽ ജോലികൾ കുറയുന്നതും ഇവരെ ബാധിക്കുന്നുണ്ട്. ജോലിക്കാവശ്യമായ കരിയുടെ വിലവർധനയും പണിയായുധങ്ങൾ നിർമിക്കുന്നതിനാവശ്യമായ പഴയ ഇരുമ്പിന്റെ ക്ഷാമവും പ്രതിസന്ധികൾക്ക് ആക്കംകൂട്ടി. കരിയുണ്ടാക്കാനുള്ള ചിരട്ടയ്ക്ക് പൊള്ളുന്ന വിലയായി. മരക്കരിയാണ് ഇപ്പോൾ വാങ്ങുന്നത്.
കുറഞ്ഞ കാലത്തിനിടയിൽ ഇതിനും ഇരട്ടിയിലേറെ വിലകൂടി. വാഹനങ്ങളുടെ ലീഫ് പോലുള്ള പഴയ ഇരുമ്പായിരുന്നു കൊല്ലപ്പണിയിൽ സാധനങ്ങളുണ്ടാക്കാൻ കൂടുതലായി ഉപയോഗിച്ചിരുന്നത്. ഇപ്പോൾ ഇവയെല്ലാം ഒന്നിച്ച് കയറ്റി പ്പോകുന്നതിനാൽ ആവശ്യത്തിന് കിട്ടാനില്ലെന്നും കൊല്ലപ്പണിക്കാർ പറയുന്നു.
പഴയകാലത്ത് നാടിന്റെ വികസന പ്രവർത്തനങ്ങളിൽ കൊല്ലപ്പണിക്കാരുടെ പങ്ക് ഒഴിച്ചുകൂടാൻ പറ്റാത്തതായിരുന്നു. ഇവരുടെ കുടുംബങ്ങളിൽ മുഴുവൻ പേരും ഈ തൊഴിലിൽ ഏർപ്പെട്ടിരുന്നു. പുതിയ തലമുറയെല്ലാം വരുമാനം കൂടുതൽ ലഭിക്കുന്ന ജോലികളിലേക്ക് ചേക്കേറിയതോടെ ചുരുക്കം തൊഴിലാളികൾ മാത്രമാണ് ഓരോപ്രദേശത്തും ഈ തൊഴിൽ മേഖലയിൽ അവശേഷിക്കുന്നത്.
ഭൂരിഭാഗവും 50 വയസ്സ് പിന്നിട്ടവരാണ്. ഇവരുടെ കാലവും കഴിഞ്ഞാൽ പാരമ്പര്യമായി ഈ തൊഴിൽ ചെയ്യുന്നവർ ആരുമുണ്ടാകില്ലെന്ന അവസ്ഥയാണുള്ളത്.
മുതുകാട്, ചെമ്പനോട, പെരുവണ്ണാമൂഴി, പിള്ളപ്പെരുവണ്ണ, നരിനട, പട്ടാണിപ്പാറ, ലാസ്റ്റ് പന്തിരിക്കര, കടിയങ്ങാട്, പാലേരി , പേരാമ്പ്ര കല്ലോട് ഭാഗങ്ങളിലൊക്കെ നേരത്തേ ഉണ്ടായിരുന്ന കൊല്ലപ്പണിശാലകൾ പൂട്ടിക്കഴിഞ്ഞതായി നാല്പത് വർഷത്തിലേറെയായി പന്തിരിക്കര പള്ളിക്കുന്നിൽ കൊല്ലപ്പണിയെടുക്കുന്ന എം.പി. പ്രകാശൻ ചൂണ്ടിക്കാട്ടി.
പ്രായമായവർ രംഗംവിടുന്നതോടെ പണിശാലയ്ക്കും താഴ് വീഴുന്ന അനുഭവമാണ് പലയിടത്തും. അനുദിനം തകർച്ചയിലേക്ക് നീങ്ങുന്ന ഈ തൊഴിൽമേഖലയെ സംരക്ഷിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പരമ്പരാഗത കൊല്ലപ്പണിക്കാർ ആവശ്യപ്പെടുന്നത്.
സർക്കാർ സാമ്പത്തിക സഹയമൊക്കെ നൽകാറുണ്ടെങ്കിലും അതൊന്നും പുതിയതലമുറയെ ജോലിയിൽ പിടിച്ചുനിർത്താൻ പര്യാപ്തമല്ല.
Published: 04 Sept 2026, 03:41 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented