കുരങ്ങുകൾ ആസ്ബസ്റ്റോസ് ഷീറ്റുകളും പുകക്കുഴലുകളും തകർത്തു
പനമരം : കുരങ്ങുകൾ വീടിനുമുകളിലെ ആസ്ബസ്റ്റോസ് ഷീറ്റുകളും പുകക്കുഴലുകളും നശിപ്പിച്ചു. പച്ചിലക്കാട് ടൗണിനു സമീപത്തെ പാലത്തി റഷീദിന്റെ വീടിന്റെ അടുക്കളഭാഗത്തെ രണ്ട് ആസ്ബസ്റ്റോസ് ഷീറ്റുകളും പുകക്കുഴലുകളുമാണ് കുരങ്ങുകൾ തകർത്തത്.
സമീപത്തെ സ്വകാര്യകെട്ടിടത്തിന് മുകളിലെ ഷീറ്റുകളും നശിപ്പിച്ചിട്ടുണ്ട്. പ്രദേശത്തെ അതിരൂക്ഷമായ കുരങ്ങുശല്യത്തിന് ഉടൻ പരിഹാരം കാണണം. കൂട്ടത്തോടെയെത്തുന്ന കുരങ്ങുകൾ കാരണം പൊറുതിമുട്ടിയെന്നാണ് പ്രദേശവാസികളായ പാലത്തി ആയിഷ, ഷഹർബാൻ, റോഷ്ന പർവിൻ, ലിസി ഹരിദാസൻ തുടങ്ങിയവർ പറയുന്നത്.
പച്ചിലക്കാട് ടൗൺപ്രദേശങ്ങളിലും പരിസരങ്ങളിലും കുരങ്ങുശല്യം അതിരൂക്ഷമാണിപ്പോൾ. പച്ചിലക്കാട്, പടിക്കംവയൽ, തെക്കൻകനി, മിച്ചഭൂമി തുടങ്ങി പ്രദേശങ്ങളിലാണ് കുരങ്ങുകൾ സ്ഥിരം പ്രശ്നക്കാരാവുന്നത്. വീടുകൾക്കുള്ളിൽവരെ കയറി നാശനഷ്ടം വരുത്തുകയാണ്. വിളഞ്ഞ പച്ചക്കറികളും പഴങ്ങളുമെല്ലാം ഭക്ഷണമാക്കുകയാണ്. കുടിവെള്ളടാങ്കുകളും പൈപ്പുകളുമെല്ലാം തകർക്കുന്നതും പതിവായിട്ടുണ്ട്. അലക്കിയിട്ട വസ്ത്രങ്ങൾ ഉൾപ്പെടെ എടുത്ത് കൊണ്ടുപോവുന്നുമുണ്ട്.
വലിയ തോട്ടങ്ങളിലും എസ്റ്റേറ്റുകളിലും തമ്പടിച്ച് ഇവ കൂട്ടത്തോടെയെത്തുകയാണ്. ചില തോട്ടങ്ങൾ കാടുമൂടിയത് കുരങ്ങുകൾക്ക് ആവാസകേന്ദ്രമൊരുക്കാൻ ഇടയാക്കുകയുമാണ്. അടുത്തകാലത്തായി കുരങ്ങുകളുടെ എണ്ണം കൂടിയിട്ടുണ്ട്. കുരങ്ങു ശല്യത്തിന് അറുതിവരുത്താൻ ബന്ധപ്പെട്ടവർ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Published: 08 Nov 2026, 04:06 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented