കൊട്ടിയൂര്‍ (കണ്ണൂര്‍): കൊട്ടിയൂര്‍ പന്നിയാംമലയില്‍ കൃഷിയിടത്തിലെ മുള്ളുവേലിയില്‍ കുടുങ്ങിയ കടുവയെ വനംവകുപ്പ് അധികൃതര്‍ മയക്കുവെടിവെച്ച് കൂട്ടിലാക്കി. കണ്ടപ്പുനം വനം വകുപ്പ് ഓഫീസിലേക്ക് മാറ്റിയ കടുവയെ പരിശോധിച്ചപ്പോള്‍ കൈക്ക് ചെറിയ പരിക്കുള്ളതായും ഒരു പല്ല് ഇളകിയതായും കണ്ടെത്തി. ഈ അവസ്ഥയില്‍ വനത്തില്‍ വിടാന്‍ സാധിക്കില്ലെന്നും ചികിത്സിക്കണമെന്നും വെറ്റിനറി ഡോക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്ന് രാത്രി 8.50ഓടെ കടുവയെ തൃശ്ശൂര്‍ മൃഗശാലയിലേക്ക് കൊണ്ടുപോയി.
ചൊവ്വാഴ്ച പുലര്‍ച്ചെ നാലോടെ റബ്ബര്‍ ടാപ്പിങ്ങിനുപോകുകയായിരുന്ന കുന്നുംപുറം സിബിയാണ് റോഡരികിലെ മുള്ളുവേലിയില്‍ വന്യജീവി കുടുങ്ങിക്കിടക്കുന്നത് കണ്ടത്. ഭയന്ന് നിലവിളിച്ചോടിയ സിബി സുഹൃത്തിനെയും കൂട്ടിവന്ന് വീണ്ടും നോക്കിയപ്പോഴാണ് വലതുകൈ മുള്ളുകമ്പിയില്‍ കുടുങ്ങി റോഡിലേക്ക് തൂങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടത് കടുവയാണെന്ന് ഉറപ്പിച്ചത്. കേളകത്തെ അരീക്കാട്ട് പ്രദീപിന്റെ ആള്‍പ്പാര്‍പ്പില്ലാത്ത കശുമാവിന്‍തോട്ടത്തിലാണ് ഏഴുവയസ്സുള്ള ആണ്‍ കടുവ കുടുങ്ങിയത്. ഉടന്‍ നാട്ടുകാരെയും വനം വകുപ്പ് അധികൃതരെയും അറിയിച്ചു. അഞ്ചോടെ കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലെ ദ്രുതപ്രതികരണസേനയും വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും ഇരിട്ടി തഹസില്‍ദാര്‍ വി.എസ്. ലാലിമോളും എത്തി.
കടുവ കിടന്ന സ്ഥലത്തിന് നൂറുമീറ്റര്‍ അകലെ റോഡിന്റെ ഇരുവശത്തും വലയും കയറും കെട്ടി നിയന്ത്രണം ഏര്‍പ്പെടുത്തി. കണ്ണൂര്‍ ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ പി. കാര്‍ത്തിക്കിന്റെ നിര്‍ദേശത്തില്‍ കടുവയെ മയക്കുവെടിവെക്കാന്‍ ഡോ. ആര്‍. രാജ്, ഡോ. ഡേവിഡ് എബ്രഹാം, ഡോ. ബിനോയി സി. ബാബു എന്നിവരുള്‍പ്പെട്ട മൃഗഡോക്ടര്‍മാരുടെ സംഘം ഒന്‍പതരയോടെ എത്തി.
11ഓടെ ഡോക്ടര്‍മാരുടെ സംഘം ജീപ്പിലിരുന്ന് അഞ്ചുമീറ്റര്‍ അകലെനിന്ന് ഒരു മയക്കുവെടിവെച്ചു. അരമണിക്കൂറിനുശേഷം കടുവ മയങ്ങിയെന്ന് ഉറപ്പാക്കിയശേഷം വലയിലാക്കി വാഹനത്തിലെ കൂട്ടിലേക്ക് മാറ്റി. കടുവയെ കണ്ടപ്പുനത്തെ വനംവകുപ്പ് ഓഫീസിലേക്ക് കൊണ്ടുപോകാന് തുടങ്ങവെ യൂത്ത് കോണ്ഗ്രസ് പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞു. വനത്തില്‍ തുറന്നുവിടരുതെന്നായിരുന്നു ആവശ്യം. ഇവര്‍ പിന്‍വാങ്ങിയശേഷം വനംവകുപ്പ് ഓഫീസിലേക്ക് കൊണ്ടുപോയ കടുവയ്ക്ക് ചികിത്സ നല്‍കി. കടുവ പൂര്‍ണ ആരോഗ്യവാനായശേഷം വന്യജീവിസങ്കേതത്തില്‍ തുറന്നുവിടുമെന്ന് പി. കാര്‍ത്തിക് ഡി.എഫ്.ഒ. അറിയിച്ചു.
എന്നാല് വന്യജീവിസങ്കേതത്തില് വിടാന് അനുവദിക്കില്ലെന്ന് കൊട്ടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം പറഞ്ഞു. കടുവയെ മൃഗശാലയിലേക്ക് മാറ്റാന്‍ തീരുമാനമാകാതെ പിരിഞ്ഞുപോകില്ലെന്ന് പറഞ്ഞ് വനംവകുപ്പ് ഓഫീസിന് മുന്നില്‍ പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ പ്രതിഷേധിച്ചു. ഒടുവില്‍ തൃശ്ശൂര്‍ മൃഗശാലയിലേക്ക് കൊണ്ടുപോയപ്പോള്‍ ജില്ലാ അതിര്‍ത്തി കടക്കുംവരെ വാഹനത്തെ കൊട്ടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പിന്തുടര്‍ന്നു.
Content Highlights: tiger in kottiyoor caged finally
Published: 13 Feb 2024, 10:24 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented