ഇരിങ്ങാലക്കുട: അധ്യാപികയായ രാഖിലയുടേയും കുട്ടികളുടേയും കസേരകളി വൈറലാണ്. വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടി ഫെയ്‌സ് ബുക്കിലൂടെ കണക്ക് പഠിക്കാനുള്ള കസേരകളി പങ്കുവയ്ക്കുകയും ചെയ്തു. ഇരിങ്ങാലക്കുട എസ്.എന്‍.എല്‍.പി. സ്‌കൂളിലെ നാലാംക്ലാസ് വിദ്യാര്‍ഥികളെ അധ്യാപികയായ രാഖിലയാണ് കസേരകളിയിലൂടെ കണക്ക് പഠിപ്പിക്കുന്നത്. ചതുഷ്‌ക്രിയകളായ ഗുണനം, ഹരണം, സങ്കലനം, വ്യവകലനം എന്നിവ ബോര്‍ഡില്‍ എഴുതിക്കൊടുത്താണ് കണക്ക് കളി. അഞ്ചുകുട്ടികളെ വീതമാണ് ഇതില്‍ പങ്കെടുപ്പിക്കുന്നത്. ഒരു സംഖ്യ ഗുണിക്കാനോ കൂട്ടാനോ കിഴിക്കാനോ ഹരിക്കാനോ വേണ്ടി ബോര്‍ഡില്‍ എഴുതിക്കൊടുക്കും.  അഞ്ചുപേരും ബോര്‍ഡില്‍ വന്ന് ക്രിയ ചെയ്യും. വേഗത്തില്‍ ചെയ്യുന്നയാള്‍ക്കാണ് ആദ്യത്തെ കസേര. അങ്ങനെ ഓരോരുത്തരായി ഓരോ കസേരകളിലും ഇടം പിടിക്കും. ഏറ്റവുമൊടുവില്‍ എത്തുന്നയാള്‍ വെളിയിലാകും.

To advertise here,

വീണ്ടും അഞ്ചുകുട്ടികളെ നിര്‍ത്തി മറ്റൊരു ക്രിയ നല്‍കാന്‍ കൊടുക്കും. ഒടുവില്‍ ഓരോ കളിയിലും ജേതാക്കളായവരെ വീണ്ടും ഒരുമിച്ച് മത്സരിപ്പിക്കും. അങ്ങനെ കസേരകളിപോലെ ഏറ്റവും വേഗത്തില്‍  കണക്കിന്റെ ക്രിയകള്‍ പഠിച്ചെടുക്കാന്‍ പ്രാപ്തരാക്കുകയാണ് ചെയ്യുന്നതെന്ന് രാഖില പറഞ്ഞു. 17 കുട്ടികളാണ് ക്ലാസിലുള്ളത്. ക്ലാസെടുക്കുന്നത് കുട്ടികള്‍ തന്നെയാണ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്. പിന്നീടത് അധ്യാപകരുടെ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തു. അവിടെനിന്നാണ് മന്ത്രിയുടെ മുന്നിലെത്തിയത്.