മനോധൈര്യമാണ് ശ്രീയ അയ്യരുടെ കെെമുതൽ. പലവട്ടം വിഷാദം കീഴടക്കാൻ ശ്രമിച്ചപ്പോഴും പൂർവാധികം ശക്തിയോടെ അവർ തിരിച്ചുവന്നു. ആത്മഹത്യയുടെ വക്കിൽ നിന്നാണ് ശ്രീയ പൊരുതിക്കയറിയത്. ആങ്കർ ആയിത്തുടങ്ങിയ ജീവിതം ഇപ്പോൾ എത്തി നിൽക്കുന്നത് ജിമ്മിന് മുന്നിലാണ്. പുരുഷന്മാർക്ക് മേൽക്കോയ്മയുള്ള ‘ജിം ഓണർ‘ എന്ന ലേബലിലേക്ക് ശ്രീയ അയ്യർ നടന്നടുത്തു, നേട്ടങ്ങളുണ്ടാക്കി.

To advertise here,

ഒന്നരവർഷം മുൻപാണ് കുറവൻകോണത്ത് സ്വന്തമായൊരു ജിം തുടങ്ങുന്നത്. ജീവിതത്തിലെ രണ്ടാം ഇന്നിങ്സായാണ് ശ്രീയ ഇതിനെ കാണുന്നത്. ബോഡി ബിൽഡിങ് റെക്കോഡുകൾ തകർക്കുന്ന തിരക്കിലാണ് അവരിപ്പോൾ. ജീവിതത്തിൽ തോറ്റ് പിന്മാറുന്നവർക്ക് സ്വന്തം ജീവിതം കൊണ്ട് മാതൃകയാകുകയാണ് ശ്രീയ.

2018-ൽ സൗത്ത് ഇന്ത്യ ബോഡി ബിൽഡിങ് അസോസിയേഷന്റെ മിസ് സൗത്ത് ഇന്ത്യ ഫിറ്റനസ്, ട്രിവാൻഡ്രം ഡിസ്ട്രിക്ട് ബോഡി ബിൽഡിങ് അസോസിയേഷന്റെ മിസ് ക്വീൻ ഓഫ് ട്രിവാൻഡ്രം, കേരള ബോഡി ബിൽഡിങ് അസോസിയേഷന്റെ മിസ് വിമൺ ഫിസിക്ക് കിരീടജേതാവുമാണ് ശ്രീയ.

2018, 2019, 2020 എന്നീ വർഷങ്ങളിൽ മിസ് ട്രിവാൻഡ്രം ആയിരുന്നു. കോവിഡ് കാലത്ത് സോഷ്യൽ മീഡിയയിലൂടെ ഫിറ്റനസ് വീഡിയോസ് പങ്കുവെച്ചു തുടങ്ങി. ഫിറ്റ്‌നസിന് പുറമേ സൂംബാ, വിമൻ കിക്ക് ബോക്‌സിങ്, ഷൂട്ടിങ് പരിശീലനം എന്നിവയിലും ശ്രീയ സജീവമാണ്. ഇന്റീരിയർ ഡിസൈനറായ ജിനു തോമസാണ് ഭർത്താവ്. അച്ഛൻ ഹരിഹര അയ്യർ മൂന്നുവർഷം മുൻപ് വിട്ടുപിരിഞ്ഞെങ്കിലും അമ്മ ബേബിയും സഹോദരൻ ശ്രീകാന്തും ശ്രീയയുടെ സ്വപ്നങ്ങൾക്ക് ഒപ്പമുണ്ട്.