വില്ലൻ വേഷങ്ങൾ നൽകിയ ഒറ്റപ്പെടുത്തലുകൾ, ഭയത്തോടേയും വെറുപ്പോടെയും നോക്കിയ സമൂഹം; വെള്ളിത്തിരയില്‍ ടി.ജി.രവിയുടെ 50 വർഷങ്ങള്‍
മലയാള സിനിമയിലെ ‘ ക്രൂരനായ വില്ലൻ’ എന്ന പട്ടം പതിറ്റാണ്ടുകളോളം കൈവശം വെച്ച ടി.ജി.രവി എന്ന തൃശ്ശൂർക്കാരുടെ രവിയേട്ടന് സിനിമാഭിനയത്തിൽ അരനൂറ്റാണ്ട്. സ്വയം നിർമ്മിച്ച സിനിമയിൽ തന്നെ വില്ലൻ വേഷം ചെയ്ത അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ പലതും കൊടും ക്രൂരതയുടെ അടയാളങ്ങളായി. അലവലാതി ഷാജി ഇപ്പോഴും ട്രോളൻമാർ ആഘോഷിക്കുമ്പോൾ നടൻ തിരിച്ചറിയുന്നു, അത് തന്റെ അഭിനയത്തിനുള്ള അംഗീകാരമാണെന്ന്.
സിനിമയിൽ അമ്പതാണ്ട് ആയെങ്കിലും രവിയുടെ കലാജീവിതത്തിന് 75 ലേറെ പ്രായമുണ്ട്. 81കാരനായ അദ്ദേഹം ആറാം വയസ്സിൽ മൂർക്കനിക്കരയിലെ സർക്കാർ എൽപി സ്കൂളിലാണ് ആദ്യമായി സ്റ്റേജിലെത്തിയത്. പിന്നീട് സിനിമയിലെത്തും വരെ നാടകം പലപ്പോഴായി കൂടെയുണ്ടായിരുന്നു. റേഡിയോ നാടകത്തിലൂടെ പരിചയപ്പെട്ട തിക്കൊടിയനായിരുന്നു ആദ്യ സിനിമയിലേക്ക് കൈപിടിച്ചത്. ജി. അരവിന്ദന്റെ ഉത്തരായണം.(1974). ഒരു നടനെന്ന ഇമേജ് കിട്ടാത്ത ‘സങ്കടം’ തീർക്കാൻ സ്വയം നിർമ്മിച്ച സിനിമയായിരുന്നു പാദസരം. സാമ്പത്തികമായി ചിത്രം പരാജയപ്പെട്ടപ്പോൾ പി.ജി.വിശ്വംഭരനെ സംവിധാനമേൽപ്പിച്ച് ‘ചാകര’യും നിർമ്മിച്ചു. അത് ഹിറ്റായി.
പറങ്കി മലയിലൂടെയാണ് ഇരുത്തം വന്ന വില്ലനായത്. അതിൽ തൃശ്ശൂർ ഭാഷ സമർഥമായി ഉപയോഗിക്കുകയും ചെയ്തു. 1970 -80 വർഷങ്ങളിൽ, നേരിട്ടു കാണുമ്പോള് സ്ത്രീകൾ മാറി നടക്കുന്ന വിധം, വില്ലത്തരത്തിന്റെ ആൾരൂപമായി ടി.ജി.രവി. തുടർച്ചയായ വില്ലൻ വേഷങ്ങൾ ചെയ്തപ്പോൾ വ്യക്തിപരമായി തിരിച്ചടികൾ നേരിട്ടതായി നടൻ പറയുന്നു. പലപ്പോഴും ഒരു കുറ്റവാളിയെപ്പോലെ മാറ്റി നിർത്തപ്പെട്ടു. വീടുകളിലെ ചടങ്ങുകളിൽ ആളുകൾ ഭയത്തോടേയും വെറുപ്പോടേയും നോക്കാന് തുടങ്ങി. പക്ഷേ, ഭാര്യ അമ്പിളി (ഡോ.വി.കെ.സുഭദ്ര) കൂടെ നിന്നു. ഒരിക്കൽ മാത്രം അതിനു മാറ്റമുണ്ടായി. ഒരു ചിത്രത്തിൽ രവിയുടെ രംഗത്തോടൊപ്പം അശ്ലീല രംഗങ്ങൾ കൂട്ടിച്ചേർത്ത് പ്രദർശിപ്പിച്ചു. തിയ്യേറ്ററിൽ ഇതു കണ്ട് ഭാര്യ കരഞ്ഞു. അവിടെ നിന്ന് ഇരുവരും ഇറങ്ങിപ്പോന്നു. നാളുകൾക്കു ശേഷം ആ സംവിധായകനെ കണ്ടപ്പോൾ മാറ്റി നിർത്തി ‘കൈകാര്യം ‘ ചെയ്താണ് രവി ആ ദു:ഖത്തിന് പരിഹാരം ചെയ്തത്.
1921 ലെ വാരിയംകുന്നന്റെ ഉൾപ്പെടെയുള്ള വേഷങ്ങളിലൂടെ വൈവിധ്യമുള്ള കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ രവി 300 ഓളം സിനിമകൾ പിന്നിട്ടു.ചെറു വേഷങ്ങൾക്കും വ്യക്തിത്വം നൽകുന്ന അഭിനയ ശൈലിക്ക് സ്വീകാര്യതയേറി. ഇപ്പോൾ, ദരിദ്രകുടംബത്തിലെ പെൺകുട്ടികളുടെ അച്ഛനായി വേഷം ചെയ്യുമ്പോൾ, പണ്ട്, സ്ത്രീകളെ ഉപദ്രവിക്കുന്ന കഥാപാത്രങ്ങൾ ചെയ്ത്തിന്റെ പരിഹാരമായി തോന്നുമെന്ന് രവി നർമ്മം പങ്കിടുന്നു.
ഭാര്യയുടെ മരണശേഷം സിനിമയോട് താൽപര്യം കുറഞ്ഞ ടി.ജി.രവി കുറേ നാൾ മകന് രഞ്ജിത്തിനൊപ്പം ആഫ്രിക്കയിൽ താമസിച്ചു. പിന്നീട് തിരിച്ചുവന്നാണ് സിനിമയിൽ സക്രിയമായത്. എഞ്ചിനിയർ കൂടിയായ രവി അവിടേയും ആ മേഖലയുമായി ബന്ധപ്പെട്ട ജോലി ചെയ്തു. നടൻ ശ്രീജിത്ത് രവി ഇളയ മകനാണ്. ഇരുവരും ചില സിനിമകളില് ഒന്നിച്ചഭിനയിക്കുകയും ചെയ്തു.
നടന് അഭിനയം മാത്രമല്ല കമ്പം. ഷൂട്ട് ഇല്ലാത്തപ്പോഴെല്ലാം, തൃശ്ശൂർ കേരളവർമ്മകോളേജ് റോഡിലെ വീട്ടിൽ നിന്ന് അതി രാവിലെ കൃഷി സ്ഥലത്തേക്ക് ഇറങ്ങും. മടുക്കാത്ത മണിക്കൂറുകളാണ് അവിടെ നടൻ ചെലവഴിക്കുന്നത്
Content Highlights: From the terrifying villain of Malayalam cinema to a beloved veteran, T. G. Ravi completes 50 years in film. Known for his fierce roles, Thrissur’s own Raviyettan reflects on his career, challenges, and life beyond cinema — from engineering and farming to family and legacy.
Published: 17 Oct 2025, 08:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented