ജീവിതത്തിൽ സംഭവിച്ച നല്ല കാര്യങ്ങൾ മറന്നാലും, ഇമോഷണലായ കാര്യങ്ങളും മനസ്സിന് വിഷമമുണ്ടാക്കിയ കാര്യങ്ങളും മറക്കാൻ പറ്റുന്നില്ലല്ലോയെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്നാൽ അത് വെറും തോന്നലല്ല, ഇതിന് ശാസ്ത്രീയമായ കാരണം കണ്ടത്തിയിരിക്കുകയാണ് ജപ്പാനിലെ റൈക്കൻ സെന്റർ ഫോർ ബ്രെയിൻ സയൻസിലെ ഗവേഷകർ. അസ്ട്രോസൈറ്റ്സ് എന്ന കോശങ്ങളാണ് ഇത്തരം ഓർമ്മകളെ ദീർഘകാലത്തേക്ക് തലച്ചോറിൽ സ്റ്റോർ ചെയ്തുവയ്ക്കുന്നതെന്നാണ് പഠനം പറയുന്നത്.

To advertise here,

അതിവൈകാരികമായ നിമിഷങ്ങളെ നേരിടേണ്ടി വരുമ്പോൾ തലച്ചോറിലെ ന്യൂറോണുകൾ ഉണർന്ന് പ്രവർത്തിക്കുകയും ന്യൂറോട്രാൻസ്മിറ്റർ ആയ നോർ അഡ്രിനാലിൻ ഉത്പാദിപ്പിക്കുകയും ചെയ്യും. തൊട്ടടുത്ത ദിവസങ്ങളിൽ ഈ സംഭവം വീണ്ടും ആലോചിക്കുമ്പോൾ തലച്ചോറിൽ അസ്ട്രോസൈറ്റുകൾ, ആൽഫ, ബീറ്റാ അഡ്രീനോറിസെപ്റ്ററുകൾ ഉത്പാദിപ്പിക്കാൻ തുടങ്ങുന്നു. ഈ അധിക റിസെപ്റ്ററുകൾ ഒരു 'ടാഗ്' പോലെ പ്രവർത്തിക്കുന്നു. പിന്നീട് എപ്പോഴെങ്കിലും ആ ദുഃഖകരമായ സംഭവം ഓർത്തെടുക്കാൻ ശ്രമിക്കുമ്പോൾ, ഈ ആസ്ട്രോസൈറ്റുകൾ ഉടനടി സജീവമാവുകയും, അവ ഇട്ട ടാഗുകൾ ഉത്തേജിപ്പിക്കപ്പെടുകയും ചെയ്യും. ഈ ആവർത്തനം കാരണം, ആസ്ട്രോസൈറ്റ്സ് ആ ഓർമ്മയെ മായാത്ത രീതിയിൽ 'ലോക്ക് ചെയ്ത്' വെക്കുന്നു. അതുകൊണ്ടാണ്, വർഷങ്ങൾ കഴിഞ്ഞാലും ചില വിഷമങ്ങൾ നമ്മുടെ മനസ്സിൽ നിന്ന് മാഞ്ഞുപോകാത്തത്.

അസ്ട്രോസൈറ്റുകളെക്കുറിച്ചുള്ള പുതിയ പഠനങ്ങൾ ആരോഗ്യമേഖലയിൽ വലിയ മാറ്റങ്ങൾക്ക് വഴിവെച്ചേക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. ഓർമ്മകളുമായി ബന്ധപ്പെട്ട പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ, അൽസ്ഹൈമേഴ്‌സ് പോലുള്ള രോഗാവസ്ഥകളെ ചികിത്സിക്കുമ്പോൾ ന്യൂറോണുകളെ മാത്രം ലക്ഷ്യംവെക്കുന്ന രീതി മാറ്റി ഇനി അസ്ട്രോസൈറ്റുകളെക്കൂടി ഉൾപ്പെടുത്താനുള്ള ശ്രമം തുടങ്ങിയിരിക്കുകയാണ് ഗവേഷകർ.