അഞ്ച് മിനിറ്റ് റീല്‍സ് കാണാന്‍ വേണ്ടിയല്ലേ ഇന്‍സ്റ്റഗ്രാം തുറന്നത്. ഇപ്പോള്‍ തോണ്ടി തോണ്ടി മൂന്ന് നാല് മണിക്കൂര്‍ കഴിഞ്ഞില്ലേ. റീല്‍സ് കണ്ടും ഫ്രണ്ട്‌സിന് ഷെയര്‍ ചെയ്തും ഇരുന്ന് സമയം പോയതേ അറിഞ്ഞില്ല അല്ലേ. കുറച്ച് സമയം പോയാലെന്താ മനസ്സൊന്ന് റിലാക്സ് ആയില്ലേ എന്നാവും തോന്നല്‍. എന്നാല്‍ അങ്ങനെ പറഞ്ഞാൽ നിങ്ങളുടെ തലച്ചോറ് സമ്മതിക്കില്ല. അതിന് കാരണമുണ്ട്…

To advertise here,

ഷോര്‍ട്ട് വീഡിയോസ് കാണുന്നത് മദ്യപിക്കുന്നതിന് സമാനമായ അവസ്ഥയിലേക്കാണ് തലച്ചോറിനെ എത്തിക്കുക എന്നാണ് പഠനങ്ങള്‍ പറയുന്നത്.

ആ ഉന്മാദാവസ്ഥ മാത്രമല്ല, മദ്യപിക്കുമ്പോൾ നിങ്ങൾക്കുണ്ടാകുന്ന ദൂഷ്യഫലങ്ങളും അനുഭവിച്ചേക്കും. ചൈനയിലെ ടിയാന്‍ജിന്‍ നോര്‍മല്‍ യൂണിവേഴ്‌സ്റ്റിയിലെ സൈക്കോളജി പ്രൊഫസര്‍ ക്വിയാങ് വാങ്ങിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ഷോര്‍ട്ട് വീഡിയോസ് കാണുന്നത് തലച്ചോറില്‍ പ്രകടമായ മാറ്റങ്ങളുണ്ടാക്കുമെന്ന് കണ്ടെത്തിയത്. 

ഷോര്‍ട്ട് വീഡിയോസ് കാണുമ്പോള്‍ തലച്ചോറിലേക്ക് ഡോപ്പമൈന്‍ അതിവേഗം പ്രവഹിക്കുന്നു. മദ്യവും ചൂതാട്ടവും പോലെ തലച്ചോറിലെ ഉദ്ദീപനമുണ്ടാകുന്ന ഭാഗത്തെ അമിതമായി ഉത്തേജിപ്പിക്കുന്നു. ഈ തുടര്‍ച്ചയായ പ്രവാഹം കാരണം ഈ ഭാഗം ക്രമേണ മന്ദീഭവിക്കുന്നു. ഇതിന്റെ ഫലമായി പുസ്തകം വായിക്കുകയോ ഭക്ഷണം ആസ്വദിക്കുകയോ പോലുള്ള ദൈനംദിന കാര്യങ്ങള്‍ പോലും വിരസമായി തോന്നാന്‍ തുടങ്ങും.

മാത്രമല്ല, തീരുമാനങ്ങളെടുക്കുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും വികാരങ്ങളെ നിയന്ത്രിക്കുന്നതിനും സഹായിക്കുന്ന തലച്ചോറിലെ പ്രീഫ്രണ്ടല്‍ കോര്‍ട്ടക്സിനെ തളര്‍ത്തുന്നു. അതിനാല്‍ ഒരേ കാര്യത്തില്‍ ശ്രദ്ധ നിലനിര്‍ത്താന്‍ പ്രയാസമാവുന്നു. ഷോര്‍ട്ട്സ് കാണാന്‍ തലച്ചോറിന് കൂടുതല്‍ ആസക്തിയുണ്ടാകുന്നു. ശ്രദ്ധ നിലനിര്‍ത്താനുളള കഴിവ് കുറയുകയും ചെയ്യുന്നു. രാത്രി വൈകിയുള്ള സ്‌ക്രോളിങ്ങ് ഉറക്കത്തിനേയും ശാരീരിക പ്രവർത്തനങ്ങളെ ബാലൻസ് ചെയ്യാനുള്ള ‌സ്വഭാവിക സമയക്രമമായ സര്‍ക്കേഡിയന്‍ റിഥത്തേയും തടസ്സപ്പെടുത്തുന്നു.

ഈ ഉത്തേജനം ഓര്‍മ്മകളും പഠനവുമായി ബന്ധപ്പെട്ട തലച്ചോറിന്റെ പ്രധാന ഭാഗമായ ഹിപ്പോകാമ്പസിനെ ബാധിക്കുന്നു. ഇത് പുതിയ വിവരങ്ങള്‍ സംഭരിക്കുന്നതിനും വിശദാംശങ്ങള്‍ ഓര്‍മ്മിക്കുന്നതിനും തടസ്സമുണ്ടാക്കാം.

ഈ ആസക്തി സാധ്യത കുറച്ചു കാണരുത്. ഇത് പിന്നീട് വളരെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം. ദിവസേനയുള്ള സ്‌ക്രീന്‍ സമയം പരിമിതപ്പെടുത്തുക, ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പെങ്കിലും സ്‌ക്രീനുകള്‍ ഒഴിവാക്കുക, വ്യായാമം ശീലമാക്കാനും ഇഷ്ടമുള്ള ഹോബികള്‍ക്കായും സമയം മാറ്റിവെക്കുകയും വേണം.