ബഹിരാകാശത്ത് മനുഷ്യർ ശരിക്കും സുരക്ഷിതരാണോ? മനുഷ്യശരീരത്തിന് ബഹിരാകാശത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ സാധിക്കുമോ? വായുവിൻ്റെ അഭാവവും ഉയർന്ന താപനിലയും ബഹിരാകാശ യാത്രികർക്ക് വെല്ലുവിളികൾ സൃഷ്ടിക്കുന്നുണ്ട്.  മണിക്കൂറുകളോളം വ്യായാമം ചെയ്തിട്ടും ബഹിരാകാശ സഞ്ചാരികൾ പേശികളുടെയും എല്ലുകളുടെയും ആരോഗ്യം നിലനിർത്തുന്നതിൽ പ്രതിസന്ധികൾ അഭിമൂഖികരിക്കുന്നുവെന്നാണ് പഠനങ്ങളിൽ പറയുന്നത്. ഹൃദയത്തെ ഉൾപ്പടെ ഇത് ബാധിക്കുന്നുണ്ടെന്ന് ​ഗവേഷകർ പറയുന്നു. ഭൂമിയുടെ അന്തരീക്ഷത്തിനു പുറത്തുള്ള റേഡിയേഷൻ ക്യാൻസർ സാധ്യതയും ഉയർത്തുന്നു.

To advertise here,

ബ്രിട്ടീഷ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗൈ ഫൗണ്ടേഷൻ പുറത്തുവിട്ട പുതിയ റിപ്പോർട്ട് ഇത്തരത്തിൽ കൂടുതൽ അപകടസാധ്യതകൾ ചൂണ്ടികാണിക്കുന്നുണ്ട്. ബഹിരാകാശ യാത്രകൾ മനുഷ്യശരീരത്തിലെ ജീവകോശങ്ങൾക്ക് ആവശ്യമായ ഊർജ്ജം പ്രദാനം ചെയ്യുന്ന കോശാംഗങ്ങളായ മൈറ്റോകോൺഡ്രിയയ്ക്ക് വരുത്തുന്ന നാശമാണ് പ്രധാന ആശങ്കയായി ഗവേഷകർ പറയുന്നത്. സെല്ലുലാർ എനർജി പ്രോഡക്ഷൻ തടസ്സപ്പെടുന്നതുമൂലം ബഹിരാകാശയാത്രികരിൽ വളരെവേ​ഗം വാർധക്യം പിടിപ്പെടാനുള്ള സാധ്യതയും പുതിയ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. 

റേഡിയേഷൻ, കുറഞ്ഞ ഗുരുത്വാകർഷണം, ബഹിരാകാശ പേടകത്തിലെ പ്രകാശം എന്നിവ മൈറ്റോകോൺഡ്രിയയുടെ പ്രവർത്തനത്തെ ബാധിച്ചേക്കാം. പേടകത്തിലെ പ്രകാശത്തിൽ ശാരീരിക പ്രവർത്തനങ്ങൾക്ക് ആവശ്യമായ സൂര്യപ്രകാശത്തിൻ്റെ ചില വേവ്ലെങ്ത് ഇല്ലാത്തതാണ് കാരണമായി പറയുന്നത്. ഭൂമിയുടെ കാന്തിക വലയവും മൈറ്റോകോൺഡ്രിയയുടെ കൃത്യമായ പ്രവർത്തനത്തിന് ഒരു പ്രധാന ഘടകമായിരിക്കാമെന്നും പഠനം പറയുന്നു. അങ്ങനെയാണെങ്കിൽ ചൊവ്വയിലോ ചന്ദ്രനിലോ ഭൂമിയിലേതുപോലെ മാ​ഗ്നറ്റിക് ഫീൽഡില്ലാത്തത് അവിടെ ബഹിരാകാശ കോളനികൾ സ്ഥാപിക്കാൻ വെല്ലുവിളിയാകും.

റേഡിയേഷൻ തടയുന്നതിന് ചന്ദ്രനിൽ ഭൂഗർഭ അടിത്തറകൾ നിർമ്മിക്കുന്നതും സൂര്യപ്രകാശത്തിന് സമാനമായി ബഹിരാകാശ പേടകത്തിൻ്റെ പ്രകാശം ക്രമീകരിക്കുകയോ ചെയ്യുന്നത് പരിഹാരമാർ​ഗങ്ങളായി വിദ​ഗ്ധർ മുന്നോട്ടുവെക്കുന്നു.