മിന്നല്‍ വേഗത്തില്‍ പായുന്ന ബുള്ളറ്റ് ട്രെയിനുകളുടെ നാടാണ് ജപ്പാന്‍. എന്നാല്‍ അവിടെ സൈക്കിളിനെക്കാള്‍ പതിയെ പോവുന്ന ഒരു ട്രെയിനുണ്ട്. റിസോര്‍ട്ട് ഷിറകാമിയെന്ന ഈ ട്രെയിനിന്റെ വേഗം മണിക്കൂറില്‍ പത്തു കിലോമീറ്റര്‍ മാത്രമാണ്. പ്രധാനമായും വിനോദസഞ്ചാരികളെ ലക്ഷ്യം വെച്ചാണ് ഈ സ്ലോ മോഷന്‍ ട്രെയിനിന്റെ യാത്ര. ഗ്രാമപ്രദേശങ്ങളിലൂടെ സഞ്ചരിക്കുന്ന ട്രെയിനെന്ന പ്രത്യേകതയും റിസോര്‍ട്ട് ഷിറകാമിക്കുണ്ട്. 
മറ്റു ട്രെയിനുകളില്‍ നിന്ന് വ്യത്യസ്തമായി പരമ്പരാഗത ശൈലിയില്‍ തടി കൊണ്ടുള്ള ഫ്‌ളോറും കളര്‍ഫുള്‍ സീറ്റുകളുമൊക്കെയാണ് റിസോര്‍ട്ട് ഷിറകാമിയില്‍. കൂടാതെ ജപ്പാന്റെ തനത് രുചി ആസ്വദിക്കണമെന്നുള്ളവര്‍ക്ക് ജപ്പാനീസ് ഭക്ഷണവും ട്രെയിനില്‍ ലഭിക്കും. യാത്ര കൂടുതല്‍ മനോഹരമാക്കാന്‍ ലൈവ് മ്യുസീഷന്‍സും ട്രെയിനിലുണ്ട്. മാത്രമല്ല ജപ്പാന്റെ പ്രാദേശിക കലാരൂപങ്ങളും സംഘടിപ്പിക്കാറുണ്ട്.  

To advertise here,

കൂറ്റന്‍ ഗ്ലാസ് ജനാലകളിലൂടെ ഒട്ടും മനോഹാരിത നഷ്ടപ്പെടാതെ തന്നെ കാഴ്ചകളാസ്വദിക്കാം.  പ്രധാന ടൂറിസ്റ്റ് സ്‌പോട്ടുകളിലെല്ലാം ട്രെയിന് സ്റ്റോപ്പുണ്ട്. സ്ഥലങ്ങളെല്ലാം കണ്ടാസ്വദിച്ച് ഫോട്ടോയെടുത്ത് മടങ്ങാം. രാവിലെ ജപ്പാന്‍ നഗരമായ അകീറ്റയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ രാത്രിയോടെ അവൊമോരി നഗരത്തിലെത്തും. വര്‍ഷം മുഴുവന്‍ റിസോര്‍ട്ട് ഷിറകാമി സര്‍വീസ് നടത്തും. മുന്‍കൂട്ടി ബുക്ക് ചെയ്യാതെ തന്നെ സീറ്റു ലഭിക്കുമെങ്കിലും സീസണ്‍ സമയത്ത് തിരക്കുണ്ടായേക്കാം. അങ്ങനെയുള്ളപ്പോള്‍ ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്യാം. മലയും പുഴയും കാടും മേടുമൊക്കെ കണ്ട് ജപ്പാന്റെ പ്രകൃതിഭംഗി ആസ്വദിച്ചൊരു യാത്ര ചെയ്യാന്‍ പ്ലാനുണ്ടെങ്കില്‍ റിസോര്‍ട്ട് ഷിറകാമി മിസ്സാക്കരുത്.

Inshort: Experience Japan`s natural beauty at a leisurely pace on the Resort Shirakami train. Enjoy traditional ambiance, live music, local cuisine, and stunning scenery.