ഫെയ്‌സ്ബുക്കിലെത്തി കടം ചോദിക്കുന്നതും, ഫോണ്‍ വിളിച്ച് വെര്‍ച്വല്‍ അറസ്റ്റ് ചെയ്യുന്നതുമായി തരികിട പരിപാടികള്‍ക്ക് ശേഷം തട്ടിപ്പുകാര്‍ അവതരിപ്പിക്കുന്ന പുതിയ നാടകമാണ് ട്രാഫിക് നിയമലംഘനത്തിനുള്ള വാട്‌സ്അപ്പ് ചെല്ലാന്‍.  കാറില്‍ ലിഫ്റ്റ് കൊടുത്ത ഓരാള്‍ സീറ്റ് ബെല്‍റ്റ് ഇടാതെ ഇരിക്കുകയോ, ബൈക്കിന്റെ പിന്നിലിരിക്കുന്നയാള്‍ ഹെല്‍മറ്റ് ധരിക്കാതെ ഇരിക്കുകയോ ചെയ്യുന്നതിലൂടെ നമ്മള്‍ പോലും ശ്രദ്ധിക്കാത്ത ട്രാഫിക് നിയമലംഘനങ്ങള്‍ ഉണ്ടായേക്കാം. എന്നാല്‍, ഇതിനുള്ള ചെല്ലാന്‍ വാട്‌സ്ആപ്പില്‍ എത്തിയാല്‍ ഉറപ്പിക്കാം, ഇത് തട്ടിപ്പാണ്. 

To advertise here,

പറയുന്നത് ഞാനല്ല മോട്ടോര്‍ വാഹനവകുപ്പ് തന്നെയാണ്. ട്രാഫിക് ഫൈന്‍ അടയ്ക്കാനെന്ന പേരില്‍ വാട്ട്‌സ്ആപ്പില്‍ വരുന്ന സന്ദേശത്തിന് പിന്നാലെ പോയാല്‍ പണി കിട്ടുമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്. ഇത്തരത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് വാട്ട്‌സ്ആപ്പിലൂടെ ഫൈന്‍ അടയ്ക്കാന്‍ സന്ദേശം അയക്കില്ലെന്നും ലിങ്കില്‍ കയറി കൈയില്‍ നിന്ന് കാശ് കളയുന്ന തട്ടിപ്പിന് ഇരയാകരുതെന്നുമാണ് മോട്ടോര്‍ വാഹന വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. 

അറിഞ്ഞോ അറിയാതെയോ ഒരു ട്രാഫിക് നിയലംഘനം നടത്തിയിട്ടുണ്ടോയെന്ന് ആദ്യ ഉറപ്പാക്കുക. ട്രാഫിക് നിയമലംഘനം നടത്തിയിട്ടില്ലെന്ന് ഉറപ്പാണെങ്കില്‍ ഇത്തരം ഒരു സന്ദേശമോ പേയ്‌മെന്റ് ലിങ്കോ നിങ്ങളുടെ മൊബൈലില്‍ വരില്ല. ഇത്തരം മെസേജുകള്‍ക്ക് ഒരു നിമിഷം ആളുകളെ പരിഭ്രാന്തരാക്കാന്‍ സാധിച്ചേക്കും. ഈ ഒരു നിമിഷത്തെ പരിഭ്രാന്തി മുതലെടുക്കാന്‍ സാധിക്കുന്ന തരത്തില്‍ മനശാസ്ത്രപരമായി സെറ്റ് ചെയ്താണ് ഒട്ടുമിക്ക വ്യാജസന്ദേശങ്ങളും ഒരുക്കുന്നതെന്നതാണ് വാസ്തവം. ഇത്തരം മെസേജുകള്‍ വന്നാല്‍ കുറഞ്ഞത് രണ്ടുവട്ടമെങ്കിലും ചിന്തിച്ചുവേണം ഇത്തരം മെസേജുകളോട് പ്രതികരിക്കാനെന്നാണ് മുന്നറിയിപ്പ്. 

മോട്ടോര്‍ വാഹനവകുപ്പിന്റെ പോര്‍ട്ടല്‍ echallan.parivahan.gov.in ആണ്. പരിവാഹന്‍ പോര്‍ട്ടലില്‍ നിന്നും നിങ്ങളുടെ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുമായി ലിങ്കുചെയ്തിട്ടുള്ള മൊബൈല്‍ നമ്പറിലേക്ക് വാഹനനമ്പര്‍ സഹിതം നിയമലംഘന അറിയിപ്പുകള്‍ മെസേജായി മാത്രമേ വരികയുള്ളൂ. നിയമലംഘനത്തിന് പിഴയടയ്ക്കാനുള്ള ഒരു പേയ്‌മെന്റ് ലിങ്ക് ഉള്‍പ്പെടെ വാട്‌സ്അപ്പ് മെസേജ് അയക്കാനുള്ള സംവിധാനത്തിലേക്ക് മിനിസ്ട്രി ഓഫ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്റ് ഹൈവേയ്‌സ് ഹൈടെക് ആയിട്ടില്ലെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് തന്നെ പറയുന്നത്. 

വൈദ്യുത ബില്‍ അടച്ചിട്ടില്ലെന്നും കണക്ഷന്‍ വിച്ഛേദിക്കാതിരിക്കാന്‍ ഉടന്‍ പണമടക്കണമെന്ന് അഡ്രസില്ലാത്ത നമ്പറുകളില്‍ നിന്ന് വന്ന മെസേജുകളും വെര്‍ച്വല്‍ അറസ്റ്റ് ചെയ്തിരിക്കുന്നുവെന്ന് പറഞ്ഞുവന്ന കോളുകളും എങ്ങനെയാണ് തള്ളികളഞ്ഞത്, അതേ ലാഘവത്തോടെ ഈ മെസേജും തള്ളികളയണം. ഇത്തരം സന്ദേശങ്ങള്‍ ഓപ്പണ്‍ ചെയ്ത് പുലിവാല് പിടിക്കാതെ സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട്  എടുത്ത് എംവിഡി ഓഫീസുമായി ബന്ധപ്പെട്ട് സാധുത ഉറപ്പാക്കണമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.