ദിവസം രണ്ട് സീരിയല്‍, പരമാവധി 30 എപ്പിസോഡ്; സീരിയലിനെ നിയന്ത്രിക്കാന്‍ വനിതാ കമ്മീഷന്‍
വൈകുന്നേരങ്ങളില്‍ വീട്ടകങ്ങളെ ടി.വിക്ക് മുന്നില്‍ പിടിച്ചിരുത്തുന്നതില്‍ മുന്നിലാണ് മെഗാസീരിയലുകളുടെ സ്ഥാനം. സീരിയലുകളുടെ പ്രമേയത്തെ ഒരുകൂട്ടം വിമര്‍ശിക്കുമ്പോള്‍ തന്നെ അടുത്തദിവസം ബാക്കിഭാഗത്തിനായി കാത്തിരിക്കുന്നവരും നിരവധിയാണ്. എന്നാല്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ വൈകുന്നേരം ഏഴുമണി മുതല്‍ പത്തുമണി വരെ എന്റര്‍ടെയ്ന്‍മെന്റ് ചാനലുകളില്‍ നിറയുന്ന സീരിയലുകള്‍ക്ക് കടിഞ്ഞാണിടാനൊരുങ്ങുകയാണ് വനിതാ കമ്മീഷന്‍.
മലയാള ടെലിവിഷന്‍ സീരിയല്‍ക്കഥകള്‍, എപ്പിസോഡുകള്‍ എന്നിവ സംപ്രേഷണം ചെയ്യുംമുന്‍പ് സെന്‍സര്‍ബോര്‍ഡിന്റെ പരിശോധന ആവശ്യമാണെന്ന് വ്യക്തമാക്കുകയാണ് വനിതാ കമ്മീഷന്‍ പുറത്തുവിട്ട പഠനറിപ്പോര്‍ട്ട്. സീരിയലുകളെ പ്രധാനമായും ട്രോളുന്ന ഒന്ന് അവയുടെ ദൈര്‍ഘ്യമാണ്. മാസങ്ങളും വര്‍ഷങ്ങളും നീളുന്ന സീരിയലുകളാണ് പല ചാനലുകളിലുമുള്ളത്. കാലാകാലങ്ങളിലേക്ക് നീളുന്ന മെഗാസീരിയലുകള്‍ക്കും കടിഞ്ഞാണിടണമെന്നാണ് വനിത കമ്മീഷന്‍ ആവശ്യപ്പെടുന്നത്.
പരമാവധി 20 മുതല്‍ 30 എപ്പിസോഡുകളിലേക്ക് സീരിയലുകള്‍ കുറയ്ക്കണമെന്നതാണ് പ്രധാന ആവശ്യങ്ങളിലൊന്ന്. ഏഴ് മണി മുതല്‍ പത്തുമണി വരെയുള്ള സമയം സീരിയലുകളുടെ കുത്തകയാക്കിയുള്ള കീഴ്വഴക്കം അവസാനിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്. ഒരുദിവസം ഒരു ചാനലില്‍ രണ്ടുസീരിയല്‍ സംപ്രേക്ഷണം ചെയ്താല്‍ മതിയെന്നാണ് വനിത കമ്മീഷന്‍ പറയുന്നത്. രാത്രിയില്‍ ഒരിക്കല്‍ സംപ്രേഷണം ചെയ്ത സീരിയല്‍ അടുത്ത ദിവസം പകല്‍സമയത്ത് പുനഃസംപ്രേഷണം ചെയ്യുന്ന രീതിയുണ്ട്. ഇതിന് തടയിടണമെന്നും കമ്മീഷന്‍ വ്യക്തമാക്കുന്നുണ്ട്.
ഇത് വനിതാ കമ്മീഷന്റെ ഏകപക്ഷീയമായ നിലപാടുമല്ല. മലപ്പുറം, കോട്ടയം, തിരുവനന്തപുരം എന്നീ ജില്ലകളിലെ 13 മുതല്‍ 19 വയസുവരെ പ്രായമുള്ള 400 പേരുടെ അഭിപ്രായങ്ങള്‍ വിലയിരുത്തിയാണ് കമ്മിഷന്‍ ഇതേക്കുറിച്ച് പഠിച്ചത്. ഇത്തരം പരമ്പരകളില്‍ തെറ്റായ സന്ദേശമുണ്ടെന്നാണ് 43 ശതമാനംപേരും അഭിപ്രായപ്പെട്ടത്. സീരിയലുകളുടെ പ്രമേയത്തില്‍ മാറ്റംവരണമെന്നാണ് 57 ശതമാനം പേരുടെ അഭിപ്രായം.
സീരിയലുകള്‍ സെന്‍സര്‍ ചെയ്യുന്നതിനായി ഒന്നുകില്‍ സിനിമാ സെന്‍സര്‍ ബോര്‍ഡിനെ ഏല്‍പ്പിക്കണം. അല്ലെങ്കില്‍ ഇതിനായി പ്രത്യേകബോര്‍ഡ് രൂപവത്കരിച്ചിരിക്കണമെന്നും വനിതാകമ്മിഷന്റെ പഠനറിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. അസാന്മാര്‍ഗിക കഥാപാത്രങ്ങളെ കുട്ടികളടക്കം അനുകരിക്കുന്നുണ്ടെന്നാണ് പഠനത്തിലെ മറ്റൊരു കണ്ടെത്തല്‍. കേന്ദ്രകഥാപാത്രമാകുന്ന സ്ത്രീകള്‍ മിക്കപ്പോഴും നെഗറ്റീവ് റോളിലാണ്. യാഥാര്‍ഥ്യബോധമുള്ള കഥകള്‍ കുറവാണ്.
ഇത്തരത്തിലുള്ള സീരിയലുകള്‍ സംപ്രേഷണംചെയ്യുന്നത് കുടുംബങ്ങളെയും കുട്ടികളെയും ബാധിക്കുന്നു. 2017 മുതല്‍ 2022 വരെയാണ് വിവിധ മേഖലകളിലെ പ്രശ്നങ്ങളെപ്പറ്റി കമ്മിഷന്‍ പഠിച്ചത്. കഴിഞ്ഞ ചില വര്‍ഷങ്ങളായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ടെലിവിഷന്‍ അവാര്‍ഡുകളില്‍ മികച്ച സീരിയലുകള്‍ക്ക് പുരസ്‌കാരം നല്‍കിയിരുന്നില്ല. അവാര്‍ഡിന് അര്‍ഹമായിട്ടുള്ള പ്രമേയങ്ങള്‍ സീരിയലുകളില്‍ ഉണ്ടാകുന്നില്ലെന്നായിരുന്നു ടെലിവിഷന്‍ അവാര്‍ഡ് ജൂറിയുടെ വിലയിരുത്തല്‍.
Content Highlights: Kerala Womens Commission proposes reforms for Malayalam TV serials
Published: 18 Nov 2024, 09:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented