ഇന്ത്യയെ ദാരിദ്ര്യം വിട്ടൊഴിയുന്നില്ലെന്ന് റിപ്പോര്‍ട്ട്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ ഏറ്റവും കൂടുതലുള്ള അഞ്ചുരാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

യുണൈറ്റ്ഡ് നേഷന്‍സ് ഡെവലപ്‌മെന്റ് പ്രോഗ്രാമും (യു.എന്‍.ഡി.പി) ഓക്‌സ്ഫഡ് പോവര്‍ട്ടി ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് ഇനീഷ്യേറ്റീവും (ഒ.പി.എച്ച്.ഐ) ചേര്‍ന്ന് വ്യാഴാഴ്ച പുറത്തുവിട്ട ബഹുമുഖ ദാരിദ്രസൂചിക അഥവാ ഗ്ലോബല്‍ മള്‍ട്ടിഡൈമെന്‍ഷ്യല്‍ പോവര്‍ട്ടി ഇന്‍ഡെക്‌സ് (എം.പി.ഐ) പ്രകാരമാണിത്.

23.4 കോടിപ്പേരാണ് ഇന്ത്യയില്‍ ദാരിദ്ര്യത്തില്‍ ജീവിക്കുന്നത്. പാകിസ്താന്‍ (9.3 കോടി), എത്യോപ്യ (8.6 കോടി), നൈജീരിയ (7.4 കോടി), ഡി.ആര്‍ കോംഗോ (6.6 കോടി) എന്നിവയാണ് മറ്റ് നാലുരാജ്യങ്ങള്‍.

ആകെ ദരിദ്രരുടെ 48.1 ശതമാനവും ഈ അഞ്ചുരാജ്യങ്ങളില്‍ നിന്നാണ്. 40 ശതമാനം പേര്‍ യുദ്ധം നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ നിന്നുളളവരാണ്.

ലോകത്താകമാനം 110 കോടി ജനങ്ങളാണ് ദാരിദ്ര്യത്തിന്റെ പിടിയില്‍ കഴിയുന്നത്. അതില്‍ പാതിയും, അതായത് 58.4 കോടിയും കുട്ടികളാണ്.

ശൗചാലയ സൗകര്യം, പാര്‍പ്പിടം, പാചക ഇന്ധനം തുടങ്ങിയ വിവിധ മാനദണ്ഡങ്ങളനുസരിച്ചാണ് സൂചിക തയ്യാറാക്കിയത്. 110 കോടിപ്പേരില്‍ 82.8 കോടിപ്പേര്‍ മതിയായ ശൗചാലയ സൗകര്യമില്ലാത്തവരും 88.6 കോടിപ്പേര്‍ പാര്‍പ്പിടമില്ലാത്തവരുമാണ്.

To advertise here,