5 ദശലക്ഷത്തിലധികം തേനീച്ചകൾ അവരുടെ കൂടിനുള്ളിൽ നിന്ന് പുറത്തെത്തി ഒരു പ്രദേശമാകെ കയ്യടക്കുന്നത് ഒന്നാലോചിച്ചുനോക്കൂ. അതിനിടയിൽ മനുഷ്യർ പെട്ടുപോവുക കൂടി ചെയ്താലോ. പിന്നെ പോലീസ് എത്തുന്നു, തേനീച്ച വളർത്തലിൽ പ്രാവീണ്യമുള്ളവരെത്തുന്നു, തേനീച്ചകളെ തിരിച്ച് പെട്ടിക്കുള്ളിലാക്കുന്നു, അങ്ങനെയാകെ മൊത്തം സംഭവബഹുലം. 

To advertise here,

കാനഡയിൽ ടൊറന്റോയിലാണ് ഇക്കഴിഞ്ഞ ദിവസം സ‍ഞ്ചരിച്ചുകൊണ്ടിരുന്ന ട്രക്കിനുള്ളിലെ തേനീച്ചക്കൂടുകൾ താഴെ വീണ് ലക്ഷക്കണക്കിന് തേനീച്ചകൾ പ്രദേശമാകെ വ്യാപിച്ചത്. കൂടുകൾ ചേർത്തുകെട്ടിയിരുന്ന കയറുകൾ അയഞ്ഞുപോയതുമൂലം അവ താഴെ വീഴുകയായിരുന്നു. ഏതാണ്ട് 400 മീറ്റർ ചുറ്റളവിനുള്ളിലാണ് തേനീച്ചകൾ നിറഞ്ഞത്. സ്വയരക്ഷയെന്നോണം തേനീച്ചകൾ സമീപത്ത് പാർക്ക് ചെയ്തിരുന്ന കാറുകളിലും ലെറ്റർ ബോക്സുകളിലുമൊക്കെ കൂട്ടം കൂടാനും തുടങ്ങി.

ആളുകളോട് സംഭവസ്ഥലത്തുനിന്നും മാറിനിൽക്കാനാവശ്യപ്പെട്ട് സാമൂഹികമാധ്യമങ്ങളിൽ പോലീസ് സന്ദേശമെത്തിച്ചതിന് പിന്നാലെ തേനീച്ച വളർത്തലിൽ വൈദ​ഗധ്യം നേടിയവരെത്തി തേനീച്ചകളെ തിരിച്ച് കൂടുകൾക്കുള്ളിലാക്കി. കൂട്ടത്തിൽ ചിലത് ചത്തുപോയെങ്കിലും രക്ഷാപ്രവർത്തകർക്ക് തേനീച്ചകളുടെ കുത്ത് കൊള്ളേണ്ടിവന്നെങ്കിലും രക്ഷാപ്രവർത്തനം വിജയകരമായിത്തന്നെ അവസാനിച്ചതായി ബി.ബി.സി. റിപ്പോർട്ട് ചെയ്യുന്നു.