പുസ്തകങ്ങള്‍ അലമാരയില്‍ ഭദ്രമാക്കുന്നതും പോരാഞ്ഞ് പൊടിയാവാതിരിക്കാന്‍ ഒരു പ്ലാസ്റ്റിക് മറ. വായിക്കാനെടുക്കുന്ന പുസ്തകങ്ങള്‍ക്കാവട്ടെ അഴുക്കുപറ്റാതിരിക്കാന്‍ ചുറംചട്ടയ്ക്കുമേല്‍ വെള്ളക്കടലാസുകൊണ്ടൊരു കുപ്പായംകൂടി. വായിച്ചുകഴിഞ്ഞയുടന്‍ കടലാസുകുപ്പായമൂരി നേരെ ഷെല്‍ഫിലേക്ക്. ഇക്കാലമത്രയും ശേഖരിച്ചുകൂട്ടിയ ഒമ്പതിനായിരത്തിലധികം പുസ്തകങ്ങളെയും എണ്‍പതുകാരനായ ഉണ്ണികൃഷ്ണന്‍ പാലയ്ക്കല്‍ പരിപാലിക്കുന്നതിങ്ങനെയാണ്.
തനിക്ക് വേണ്ട പുസ്തകങ്ങളുടെ ലിസ്റ്റുമായി എല്ലാ മാസവും കൃത്യം ഒന്നാം തിയ്യതി ഉണ്ണികൃഷ്ണന്‍ പാലയ്ക്കല്‍ പുസ്തകശാലകളിലെത്തും. ചുരുങ്ങിയത് പത്ത് പുസ്തകങ്ങള്‍ വാങ്ങിയിരിക്കും. പലരുടെയും പുസ്തക ഷെല്‍ഫുകളില്‍ പിന്നീട് വായിക്കാനായി വാങ്ങിവെച്ച പുസ്തകങ്ങളുടെ എണ്ണം കൂടുന്നത് പതിവാകുന്ന കാലത്ത് ഇദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ക്ക് പക്ഷേ വായിച്ചുകഴിഞ്ഞാല്‍ മാത്രമേ ഷെല്‍ഫുകളിലേക്ക് പ്രവേശമുള്ളൂ. ഓരോ നിരയിലും മൂന്നുവരികളിലായി അറുപതോളം പുസ്തകങ്ങള്‍ വെക്കാവുന്ന അനവധി പുസ്തകഷെല്‍ഫുകള്‍ കിടപ്പുമുറിയോട് ചേര്‍ന്നുള്ള ലൈബ്രറിയില്‍ അടുക്കിലും ചിട്ടയിലും... വായനയെന്നാല്‍ കഥയും കവിതയും നോവലും മാത്രമല്ല, പുസ്തകങ്ങളാക്കപ്പെട്ട ചരിത്രവും യാത്രയും ശാസ്ത്രവും സിനിമയും സംഗീതവും ഹാസ്യവും മഹായുദ്ധങ്ങളും ഉണ്ണികൃഷ്ണന്‍ പാലയ്ക്കലിന്റെ ശേഖരത്തിലിടം പിടിച്ചിട്ടുണ്ട്. കുട്ടിക്കാലത്തു തുടങ്ങിയ വായനാക്കമ്പത്തെ പലനാടുകളിലെ വിദ്യാഭ്യാസത്തിലും ഔദ്യോഗികജീവിതത്തിലും കൈവിടാതെ ഇത്രയെത്തിച്ച ഉണ്ണികൃഷ്ണന്‍ പാലയ്ക്കല്‍ പറയുന്നു; ജീവനാണ് വായന!

To advertise here,