'അല്‍പം യങ് ആയിട്ടുണ്ടല്ലോ'' ഈ ചോദ്യം കേള്‍ക്കാന്‍ ആഗ്രഹിക്കാത്തവര്‍ കുറവായിരിക്കും. മേക്കപ്പ് ചെയ്തും ഡ്രസ്സിങ് സ്റ്റൈലില്‍ മാറ്റം വരുത്തിയും എപ്പോഴും ചെറുപ്പമായിരിക്കാന്‍ ശ്രമിക്കുന്നവരും നിരവധിയാണ്. എന്നാല്‍ പ്രായം കുറയ്ക്കാനായി കോടികള്‍ ചെലവഴിക്കുന്ന ഒരു കോടീശ്വരനെ കുറിച്ച് കേട്ടിട്ടുണ്ടോ. അമേരിക്കന്‍ സംരഭകനും നിക്ഷേപകനുമായ ബ്രയാന്‍ ജോണ്‍സണ്‍  പ്രതിവര്‍ഷം 16 കോടി രൂപയാണ് ചെറുപ്പം നിലനിര്‍ത്താനുള്ള ചികിത്സയ്ക്കായി ചെലവഴിക്കുന്നത്. നിലവില്‍ നടത്തിയ പരീക്ഷണങ്ങളിലൂടെ അഞ്ച് വയസ് കുറഞ്ഞുവെന്നാണ് 47-കാരനായ ബ്രയാന്റെ അവകാശവാദം.

To advertise here,

രക്തകൈമാറ്റ ചികിത്സയിലൂടെയും വ്യായാമങ്ങളിലൂടെയും ഭക്ഷണനിയന്ത്രങ്ങളിലൂടെയുമാണ് ബ്രയാന്‍ തന്റെ നിത്യയൗവന പരീക്ഷണം നടത്തുന്നത്. ഓപ്പറേഷന്‍ ബ്ലൂ പ്രിന്റ് എന്നാണ് ഈ പ്രൊജക്റ്റിന്റെ പേര്. മികച്ച ആരോഗ്യമുള്ള ആളുകളെ കണ്ടെത്തി വിദഗ്ദ്ധ മെഡിക്കല്‍ സംഘത്തിന്റെ പരിശോധനയ്ക്കുശേഷമാണ് ബ്രയാന്‍ രക്തകൈമാറ്റം നടത്തിയിരുന്നത്. ഇവര്‍ക്ക് വന്‍തുകയും നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞതവണ പിതാവ് റിച്ചാര്‍ഡിനും മകന്‍ ടാല്‍മേജിനുമൊപ്പമാണ് അദ്ദേഹം ക്ലിനിക്കിലെത്തിയത്.  മകന്റെ രക്തത്തില്‍നിന്ന് വേര്‍തിരിച്ചെടുത്ത പ്ലാസ്മയാണ് ബ്രയാന്‍ ശരീരത്തില്‍ കയറ്റിയത്. സമാന ചികിത്സയ്ക്ക് പിതാവ് റിച്ചാര്‍ഡിനെയും വിധേയമാക്കി. 

ദിവസവും അഞ്ച് മണിക്കാണ് ബ്രയാന്‍ എഴുന്നേല്‍ക്കുന്നത്. ഗ്രീന്‍ ജ്യൂസാണ് പ്രഭാത ഭക്ഷണം. ശേഷം പച്ചക്കറികള്‍ കൊണ്ടുള്ള സാലഡും നട്‌സുകള്‍ കൊണ്ടുള്ള പുഡ്ഡിങ്ങും കഴിക്കും. മൂന്നാമത്തെ ഭക്ഷണം സ്റ്റഫ് ചെയ്ത മധുരക്കിഴങ്ങോ ഓറഞ്ചോ ആയിരിക്കും. കൂടാതെ മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദേശപ്രകാരം കൃത്യമായ വ്യായാമവും ഉറക്കവും ഉറപ്പാക്കുന്നു. 

ബ്രയിന്‍ ട്രീ എന്ന പേയ്മെന്റ് സൊല്യൂഷന്‍ സ്റ്റാര്‍ട്ട് ആപ്പ് തുടങ്ങിയാണ് ബ്രയാന്‍ അമേരിക്കയില്‍ പ്രശസ്തനാകുന്നത്. 800 മില്യണ്‍ യു.എസ് ഡോളറിനാണ് ഈ കമ്പനിയെ അദ്ദേഹം പിന്നീട് വിറ്റത്.  അതിന് ശേഷമാണ് നിലവിലെ കമ്പനിയായ കെര്‍ണേല്‍ ആരംഭിക്കുന്നത്. ബയോടെക് കമ്പനിയായ കെര്‍ണേലിന്റെ സി.ഇ.ഒ. പദവിയിലാണിപ്പോള്‍ ബ്രയാന്‍.