സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഏറ്റവും അപകടകരമായ ഇടം സ്വന്തം വീടാണെന്നാണ് അടിവരയിടുകയാണ് പുതിയ യു.എൻ റിപ്പോർട്ട്. 2023ൽ ശരാശരി 140 പേരാണ് ദിവസേന സ്വന്തം പങ്കാളികളാലോ അടുത്ത ബന്ധുക്കളാലോ കൊല്ലപ്പെട്ടത്. ആ​ഗോളതലത്തിൽ ഏതാണ്ട് 51,100 പേരോളം വരുമിത്. 2022ൽ 48,800 പേരായിരുന്നു ഇതേ രീതിയിൽ കൊല്ലപ്പെട്ടത്. 

To advertise here,

കൊല്ലപ്പെട്ടവരുടെ എണ്ണം കൂടിയതിനേക്കാൾ ഡാറ്റാ ശേഖരണം മെച്ചപ്പെട്ടതാണ് ഈ വർദ്ധനവിന് കാരണമായി യുഎൻ വിമൻ, ഡ്രഗ്‌സ് ആൻഡ് ക്രൈം എന്നിവ സംബന്ധിച്ച യുഎൻ ഓഫീസ് പറയുന്നത്. എങ്കിലും ലിംഗവ്യത്യാസത്തിന്റെ പേരിൽ എല്ലാ പ്രദേശങ്ങളിലും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ അതിക്രമം നടക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 2023ൽ 85,000 സ്ത്രീകളെയാണ് പുരുഷൻമാർ മനഃപൂർവം കൊലപ്പെടുത്തിയത്. ഇതിൽ 60 ശതമാനവും അടുപ്പമുള്ളവരാല്ലാണ് കൊലചെയ്യപ്പെട്ടതെന്നും റിപ്പോർട്ടിൽ പറയുന്നു. 

പങ്കാളികളാലോ അടുത്ത ബന്ധുക്കളാലോ ഏറ്റവും കൂടുതൽ സ്ത്രീകൾ കൊല്ലപ്പെട്ടത് ആഫ്രിക്കയിലാണ്. അമേരിക്കയാണ് രണ്ടാം സ്ഥാനത്ത്. ആഗോള തലത്തിൽ കൊല്ലപ്പെട്ടവരിൽ 80% പേരും പുരുഷന്മാരാണെങ്കിലും ഈ മരണങ്ങളിൽ 12% മാത്രമേ കുടുംബങ്ങളിൽ സംഭവിക്കുന്നുള്ളൂ. എന്നാൽ 60 ശതമാനം സ്ത്രീകളും വീടുകളിൽ കൊല്ലപ്പെട്ടവരാണ്. ആഗോളതലത്തിൽ മോശം വിവരശേഖരണം കാരണം ഇത്തരത്തിലുള്ള പല കേസുകളും രേഖപ്പെടുത്തപ്പെടാതെ പോകുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. തുടർച്ചയായ ​ഗാർഹിക പീഡനങ്ങളാണ് കൊലപാതകത്തിലേക്ക് എത്തുന്നതെന്നും കൃത്യമായ ഇടപെടലുകൾ ആദ്യമേ സ്വീകരിച്ചിരുന്നുവെങ്കിൽ ഇത് തടയാൻ കഴിയുമായിരുന്നുവെന്നും  റിപ്പോറിട്ടിലുണ്ട്.