ആദ്യം ഒഴിവാക്കപ്പെട്ടു, അവിചാരിതമായി ടീമിലെത്തി; ലോകകപ്പ് ഫൈനലിൽ കളിയിലെ താരമായി ഷെഫാലി വർമ്മ
‘നിന്റെ സമയം വരും. തയ്യാറായിരിക്കണം’
- കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയിലേക്കുള്ള ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ പ്രഖ്യാപനം വന്നപ്പോൾ ഷെഫാലി വർമ്മ ടീമിൽ ഉണ്ടായിരുന്നില്ല.
നിരാശപ്പെട്ടിരുന്ന മകളോട് ആ അച്ഛൻ പറഞ്ഞ വാക്കുകളായിരുന്നു ഇത്. അച്ഛൻ പറഞ്ഞ ആ ദിനമായിരുന്നു നവംബർ രണ്ട്. ഇന്ത്യൻ വനിതാ ടീം ലോകകപ്പ് നേടിയ ആ ദിനം.
ഇത്തവണത്തെ ലോകകപ്പിനുള്ള ടീമിലും ഷെഫാലി ഉണ്ടായിരുന്നില്ല. പക്ഷേ അവിചാരിതമായി ആ വിളി അവളെ തേടിയെത്തി. തന്റെ സമയമെത്തിയെന്ന് മനസിലാക്കിയ നിമിഷം പൂർവാധികം ശക്തിയോടെ അവൾ ആഞ്ഞടിച്ചു. കലാശപ്പോരിലെ ഓള്‍റൗണ്ട് പ്രകടനത്തോടെ കളിയിലെ താരമായി. ലോകകപ്പ് ചരിത്രത്തില്‍ തന്നെ ഫൈനലില്‍ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രവും കുറിച്ചു. വനിതാ ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ ആദ്യമായി മുത്തമിട്ടപ്പോൾ അവളുടെ പേര് ലോകം വാഴ്ത്തിപ്പാടി.... ഷെഫാലി വർമ്മ…
അവൾ വന്നു, കണ്ടു, തകർത്തു! ഷെഫാലി കൊടുങ്കാറ്റ് നവി മുംബൈയിൽ മുമ്പെങ്ങുമില്ലാത്തവിധം ആഞ്ഞടിച്ചു - ഷെഫാലിയെ കുറിച്ച് ഒരു ആരാധകൻ കുറിച്ച വാക്കുകളോളം ഈ വിജയത്തെ നിർവചിക്കാൻ മറ്റൊന്നില്ല.
തുടരെ മോശം പ്രകടനങ്ങൾ നടത്തിയതോടെയാണ് ലോകകപ്പ് ടീമിൽ ഷെഫാലിക്കു പകരമൊരാൾ എന്ന ചിന്തയിലേക്കെത്തിയത്. പകരമെത്തിയത് പ്രതിക റാവൽ. ആറ് ഇന്നിങ്‌സുകളില്‍ നിന്ന് ഒരു സെഞ്ചുറിയും അര്‍ധ സെഞ്ചുറിയുമടക്കം 308 റണ്‍സോടെ പ്രതിക സെലക്ടര്‍മാരുടെ പ്രതീക്ഷ കാത്തു. എന്നാല്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഫീല്‍ഡിങ്ങിനിടെ പ്രതികയ്ക്ക് പരിക്കേറ്റത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി. പിന്നാലെ ഷെഫാലിക്ക് നറുക്കുവീണു. വനിതാ സീനിയർ ടി20 ടൂർണമെൻ്റിൽ ഹരിയാനയ്ക്കായി കളിക്കുമ്പോഴാണ് ഷെഫാലിയെ തേടി ആ വിളിയെത്തുന്നത്. അവള്‍ കാത്തിരുന്ന വിളി. വീട്ടിലിരുന്ന് ടീമിനെ പ്രോത്സാഹിപ്പിച്ച ഷെഫാലിക്ക് ടീമിലേക്കുള്ള വിളി അപ്രതീക്ഷിതമായിരുന്നു. ഓസ്‌ട്രേലിയക്കെതിരായ സെമിയില്‍ ഷെഫാലി പതറി. എന്നാല്‍ എല്ലാ മികവും അവള്‍ കലാശക്കളിയിലേക്ക് മാറ്റിവെച്ചു.
78 പന്തില്‍ നിന്ന് രണ്ട് സിക്‌സും ഏഴ് ഫോറുമടക്കം 87 റണ്‍സെടുത്ത പ്രകടനം. സ്മൃതി മന്ദാനയ്‌ക്കൊപ്പം ഓപ്പണിങ് വിക്കറ്റില്‍ 106 പന്തില്‍ 104 റണ്‍സിന്റെ കൂട്ടുകെട്ടോടെ ഇന്ത്യയ്ക്ക് സമ്മാനിച്ചത് തകര്‍പ്പന്‍ തുടക്കം. രണ്ടാം വിക്കറ്റില്‍ സെമിയിലെ ഹീറോ ജെമീമ റോഡ്രിഗസിനൊപ്പം 61 പന്തില്‍ 62 റണ്‍സിന്റെ കൂട്ടുകെട്ട്. പന്തെടുത്തപ്പോഴും ഷെഫാലി നിരാശപ്പെടുത്തിയില്ല. 52 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ലോറ വോള്‍വാര്‍ട്ട് - സുനെ ലുസ് കൂട്ടുകെട്ട് പൊളിച്ചത് ഷെഫാലി. പിന്നാലെ നിലയുറപ്പിക്കും മുമ്പേ മാരിസാന്ന കാപ്പിനെയും മടക്കിയ ഷെഫാലി കളി ഇന്ത്യയ്ക്ക് അനുകൂലമാക്കി.
ഹരിയാന സ്വദേശിയായ ഷെഫാലി തന്റെ അഞ്ചാം വയസ്സിലാണ് ക്രിക്കറ്റിന്റെ ലോകത്തേക്കെത്തുന്നത്. കടുത്ത ക്രിക്കറ്റ് പ്രേമിയായിരുന്ന പിതാവ് സഞ്ജീവ് വര്‍മ്മ തന്നെയായിരുന്നു മകളെ ആ വഴിയിലേക്ക് കൈപിടിച്ച് നടത്തിയതും ബാലപാഠങ്ങൾ പകർന്ന് നൽകിയതും. ആദ്യം പ്രാദേശിക തലത്തില്‍, പിന്നീട് 14ാം വയസിൽ ഹരിയാന വനിതാ ക്രിക്കറ്റ് ടീമിലേക്ക്. രണ്ടാമത്തെ മത്സരത്തില്‍ തന്നെ സെഞ്ച്വറി നേടി സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചു പറ്റി. തകര്‍പ്പന്‍ ബാറ്റിംഗ് ശൈലിയും ഫീല്‍ഡിനെ ഭയക്കാത്ത സമീപനവുമെല്ലാം ഷെഫാലിയെ കളിക്കളത്തിൽ മികച്ചതാക്കി. 2019-ൽ, തന്റെ 15-ാം വയസ്സിൽ, ഇന്ത്യയ്ക്കു വേണ്ടി വനിതാ ട്വന്റി20 ഇന്റർനാഷണൽ മത്സരത്തിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്രിക്കറ്റ് താരമായി ചരിത്രം കുറിച്ചു. 2021 ജൂണിൽ, അന്താരാഷ്ട്ര ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിലും ഇന്ത്യയെ പ്രതിനിധീകരിച്ച്, പുരുഷ-വനിതാ മത്സരങ്ങളിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരിയായി. 2022 ഒക്ടോബർ 8-ന്, അന്താരാഷ്ട്ര ടി20 മത്സരങ്ങളിൽ 1,000 റൺസ് തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്രിക്കറ്റ് താരമായി. ഷെഫാലിയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യ 2023-ലെ അണ്ടർ-19 വനിതാ ടി20 ലോകകപ്പും നേടിയിട്ടുണ്ട്.
Content Highlights: Discover the inspiring journey of Shafali Verma, overcoming setbacks to become a star and a record-breaker in women`s cricket. A true comeback story!
Published: 03 Nov 2025, 06:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented