അണ്ടര്‍-19 വനിതാ ട്വന്റി-20 ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ലോകകിരീടത്തിലേക്ക് ഇന്ത്യയെ നയിച്ചത് ഓള്‍റൗണ്ടര്‍ ഗൊംഗാദി തൃഷയുടെ മിന്നും പ്രകടനമായിരുന്നു. ലെഗ് സ്പിന്‍ ബൗളിങ്ങിലൂടെ ദക്ഷിണാഫ്രിക്കയെ വട്ടം കറക്കിയ തൃഷ നാല് ഓവറില്‍ 15 റണ്‍സ് വിട്ടുനല്‍കി മൂന്ന് വിക്കറ്റും ബാറ്റിങ്ങില്‍ 33 പന്തില്‍ പുറത്താകാതെ 44 റണ്‍സും നേടി പ്ലെയർ ഓഫ് ദി മാച്ചായി. ഇന്ത്യയുടെ യശസ്സുയര്‍ത്തിയ ഈ തെലങ്കാനക്കാരിയുടെ വിജയത്തിന് പിന്നില്‍ ക്രിക്കറ്റ് പ്രേമിയായ ഒരു അച്ഛന്റെ കഥയുണ്ട്. രണ്ടാം വയസ്സില്‍ അച്ഛന്‍ വാങ്ങിക്കൊടുത്ത ഒരു പ്ലാസ്റ്റിക് ബാറ്റില്‍ നിന്നാണ് ഗൊംഗാദി തൃഷയെന്ന ഓള്‍റൗണ്ടറുടെ കഥ തുടങ്ങുന്നത്.
ജിം ഇന്‍സ്ട്രക്റ്ററായിരുന്നു തൃഷയുടെ പിതാവ് ജി.റാമി റെഡ്ഡി. ഒരു കായികതാരമാകുക എന്ന തന്റെ പൊലിഞ്ഞുപോയ സ്വപ്‌നമാണ് തൃഷയെ ഒരു ദേശീയ താരമാക്കുക എന്ന റാമിയുടെ ആഗ്രഹത്തിനു പിന്നില്‍. തൃഷയുടെ രണ്ടാം വയസ്സില്‍ റാമി തൃഷയ്ക്ക് ഒരു പ്ലാസ്റ്റിക് ബാറ്റ് വാങ്ങി നല്‍കി. പ്ലാസ്റ്റിക് ബോളോ മൃദുവായ ടെന്നീസ് ബോളുകളോ റാമി തൃഷയ്ക്ക് എറിഞ്ഞു നല്‍കും. അവളടിച്ചിടുന്ന ഓരോ ബോളുകളും റാമിയുടെ ഹൃദയം നിറച്ചു.
ഹൈദരബാദിന്റെ അണ്ടര്‍-16 ഹോക്കി ടീമംഗമായിരുന്നു റാമി റെഡ്ഡി. എന്നാല്‍ തെലങ്കാനയില്‍ നിന്ന് 300 കിലോമീറ്ററോളം അകലെയുള്ള ഭദ്രാചലം എന്ന കുഗ്രാമത്തിലേക്ക് താമസം മാറിയതോടെ റാമിയുടെ ഹോക്കി സ്വപ്‌നം അവസാനിച്ചു. പിന്നീട് മകളുണ്ടായപ്പോള്‍ തനിക്ക് നേടാനാവാത്തത് മകളിലൂടെ നേടിയെടുക്കണമെന്ന വാശി റാമിയുടെ ഉറക്കം കെടുത്തി. അതിനുള്ള പരിശ്രമമായിരുന്നു പിന്നീട്.
തൃഷയ്ക്ക് നാലുവയസ്സുള്ളപ്പോള്‍ താന്‍ ജോലി ചെയ്യുന്ന ജിമ്മിലേക്ക് റാമി അവളെ കൊണ്ട് പോകാന്‍ തുടങ്ങി. ഒരു കോണ്‍ക്രീറ്റ് പിച്ച് കെട്ടി ചുറ്റും വല വലിച്ചുകെട്ടി അവള്‍ക്ക് പരിശീലനം ചെയ്യാന്‍ സൗകര്യമൊരുക്കി. കുറഞ്ഞത് ഒരായിരം ബോളുകളെങ്കിലും അവള്‍ക്ക് താനെറിഞ്ഞുകൊടുത്തിട്ടുണ്ടെന്ന് റാമി റെഡ്ഡി പറയുന്നു. അവള്‍ കൃത്യമായ ഡയറ്റ് പിന്തുടരുന്നുണ്ടെന്ന് ഉറപ്പുവരുത്തി. അവള്‍ കഴിക്കുന്ന ഓരോ ഭക്ഷണവും വീട്ടിലുണ്ടാക്കുന്നതായിരുന്നു. ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആദ്യ നാളുകളില്‍ തൃഷയെ സ്‌കൂളില്‍ പോലുമയച്ചിരുന്നില്ല. പകരം വീട്ടില്‍ ട്യൂഷന്‍ ഏര്‍പ്പെടുത്തി. പിന്നീട് സ്‌കൂളില്‍ വിട്ടുതുടങ്ങിയപ്പോഴും മൂന്ന് മണിക്കൂര്‍ മാത്രമേ ക്ലാസില്‍ ഇരുത്തിയുള്ളൂ. നമ്മുടെ സ്‌കൂള്‍ സിസ്റ്റം പിന്തുടര്‍ന്നിരുന്നില്ലെങ്കില്‍ അവളൊരിക്കലും ഒരു ദേശീയ താരമാകുമായിരുന്നില്ല എന്നാണ് റാമി പറയുന്നത്.
പതിനൊന്നാം വയസ്സില്‍ തൃഷയെ ഹൈദരാബാദിലെ പ്രശസ്തമായ സെന്റ്.ജോണ്‍സ് ക്രിക്കറ്റ് അക്കാദമിയില്‍ ചേര്‍ത്തു. റാമി കുടുംബത്തോടെ ഹൈദരാബാദിലേക്ക് താമസം മാറ്റി. കോച്ച് ജോണ്‍ മനോജിന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം. എട്ടാം വയസില്‍ ഹൈദരാബാദിനു വേണ്ടി തൃഷ അണ്ടര്‍ 16 മത്സരത്തില്‍ കളിച്ചു. 11-ാം വയസില്‍ അണ്ടര്‍ 19, അണ്ടര്‍ 23 ടീമുകളിലും തൃഷ ഇടം നേടി. 2023-ല്‍ ഇന്ത്യ വനിതാ അണ്ടര്‍ 19 ട്വന്റി-20 ഫൈനലില്‍ കിരീടം നേടിയപ്പോഴും ടോപ് സ്‌കോററായത് തൃഷയാണ്. ഈ ലോകകപ്പില്‍ ഫൈനലിന് മുമ്പ് കഴിഞ്ഞ 10 ഇന്നിങ്‌സിലായി ഒരു സെഞ്ച്വറിയും രണ്ട് അര്‍ധസെഞ്ച്വറിയുമടക്കം 64.8 റണ്‍സ് ശരാശരിയില്‍ ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നെടുംതൂണായിരുന്നു ഓപ്പണര്‍ തൃഷ. ഈ ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോററും 309 റണ്‍സ് അടിച്ചുകൂട്ടിയ തൃഷയാണ്. അണ്ടര്‍ 19 വനിതാ വിഭാഗത്തില്‍ ആദ്യ രാജ്യാന്തര സെഞ്ച്വറി കുറിച്ച ഇന്ത്യ വനിതയും തൃഷയാണ്.
ഇനി ഇന്ത്യയുടെ സീനിയര്‍ ടീമിലേക്കുള്ള തൃഷയുടെ പ്രവേശനമാണ് റാമി കാത്തിരിക്കുന്നത്. ക്രിക്കറ്റിന്റെ വലിയ ലോകത്ത് അവള്‍ നടത്തുന്ന ഓരോ മുന്നേറ്റത്തിലും ആ പിതാവിൻ്റെ ഹൃദയം അഭിമാനം കൊണ്ട് നിറയുമെന്നുറപ്പ്.
കടപ്പാട്: ഇന്ത്യന്‍ എക്‌സ്പ്രസ്
Content Highlights: Trisha Gongadi''s father played a pivotal role in her cricketing journey.
Published: 02 Feb 2025, 06:07 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented