രണ്ടാഴ്ച്ചയ്ക്കിടെ വർധിച്ചത് നാല് തവണ; ഇന്ധനവില ഇനി കുറയുമോ? മുന്നിലുള്ളത് വലിയ വെല്ലുവിളി
നാല് വർഷത്തോളമായി വലിയ മാറ്റമില്ലാതിരുന്ന രാജ്യത്തെ ഇന്ധനവില പത്തു ദിവസത്തിനിടെ കുതിച്ചുയർന്നു. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ മാത്രം നാല് തവണയായി എട്ട് രൂപയോളമാണ് ഇന്ധനവിലയിൽ വർദ്ധനവുണ്ടായിരിക്കുന്നത്.
വിലവർധന എന്നതിന് അപ്പുറത്തേക്ക് നമ്മുടെ സാമ്പത്തിക വ്യവസ്ഥയെ പിടിച്ചുലയ്ക്കാൻ പോകുന്ന വലിയൊരു പ്രതിസന്ധിയുടെ തുടക്കമാണിത്. നിലവിലെ സാഹചര്യത്തിൽ ഇനിയും പെട്രോൾ, ഡീസൽ വില വർധിക്കുമോ? ഇന്ധനവില ഉയരുന്നത് ഏതൊക്കെ രീതിയിൽ നമ്മളെ ബാധിക്കും?
എന്തുകൊണ്ടാണ് ഇപ്പോൾ ഇന്ധനവില കൂടുന്നതെന്ന് ആദ്യം നോക്കാം. ഇതിന്റെ പ്രധാന കാരണം നമ്മുടെ അതിർത്തികൾക്ക് അപ്പുറത്താണ്. പശ്ചിമേഷ്യയിലെ സംഘർഷം, പ്രത്യേകിച്ച് ഇസ്രയേൽ-അമേരിക്ക സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധസമാനമായ സാഹചര്യം ആഗോള എണ്ണ വിപണിയെ കലുഷിതമാക്കിയിരിക്കുകയാണ്. ലോകത്തെ എണ്ണക്കടത്തിന് ഏറ്റവും സുപ്രധാനമായ ഹോർമുസ് കടലിടുക്ക് ഭാഗികമായി അടഞ്ഞതും ഗതാഗതം തടസ്സപ്പെട്ടതും അസംസ്കൃത എണ്ണയുടെ വിതരണ ശൃംഖലയെ ബാധിച്ചു. ഇതിന്റെ ഫലമായി അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 120 ഡോളർ വരെ ഉയർന്നു. ഇത് ഇന്ത്യയെപ്പോലെയുള്ള ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങളെ ദോഷകരമായി ബാധിച്ചു. ഇന്ത്യ തങ്ങൾക്ക് ആവശ്യമുള്ള അസംസ്‌കൃത എണ്ണയുടെ 85 മുതൽ 90 ശതമാനം വരെ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ്. അതുകൊണ്ട് തന്നെ അന്താരാഷ്ട്ര വിപണിയിലെ ചെറിയ മാറ്റങ്ങൾ പോലും രാജ്യത്തെ നേരിട്ട് ബാധിക്കും.
അന്താരാഷ്ട്ര വിപണിയിൽ എണ്ണ വാങ്ങുന്നത് യു.എസ് ഡോളറിലാണ്. രൂപയുടെ മൂല്യം ഇടിയുന്നതും ഡോളർ കരുത്താർജ്ജിക്കുന്നതും ഇറക്കുമതിച്ചെലവ് വർദ്ധിപ്പിക്കും. റഷ്യ-യുക്രെയ്ൻ യുദ്ധസമയത്ത് ഇന്ത്യ കുറഞ്ഞ നിരക്കിൽ റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങിയിരുന്നെങ്കിലും, അമേരിക്കയുടെ പുതിയ വിദേശനയങ്ങളും സാമ്പത്തിക ഉപരോധങ്ങളും കാരണം ഇപ്പോൾ കുറഞ്ഞ നിരക്കിലുള്ള എണ്ണയുടെ ലഭ്യതയും കുറഞ്ഞിട്ടുമുണ്ട്.
സാഹചര്യങ്ങളെല്ലാം മോശമായിരുന്നെങ്കിലും തിരഞ്ഞെടുപ്പ് കാലമായതിനാൽ ഭാരത് പെട്രോളിയം, ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ പൊതുമേഖലാ എണ്ണക്കമ്പനികൾ വില വർദ്ധിപ്പിച്ചിരുന്നില്ല. എന്നാൽ, ഇതുവഴി പ്രതിദിനം ഏകദേശം 1,000 കോടി രൂപയുടെ നഷ്ടമാണ് എണ്ണക്കമ്പനികൾക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത്. നിലവിലെ വിലവർധനവിന് ശേഷവും ഡീസൽ ലിറ്ററിന് 25 മുതൽ 30 രൂപ വരെയും പെട്രോളിന് 10 മുതൽ 14 രൂപ വരെയും നഷ്ടമുണ്ടെന്ന് ബിപിസിഎൽ ചെയർമാൻ പറയുന്നത്. ഈ പാദത്തിൽ എണ്ണ കമ്പനികളുടെ ആകെ നഷ്ടം 57,000 കോടി മുതൽ 58,000 കോടി രൂപ വരെയാകുമെന്നാണ് കണക്കുകൂട്ടൽ. കേന്ദ്ര സർക്കാർ ഇറക്കുമതി നികുതി കുറച്ചിട്ടും കമ്പനികൾ ഓരോ ലിറ്ററിലും 17-18 രൂപയുടെ നഷ്ടം നേരിടുന്നുണ്ട്. ഈ നഷ്ടങ്ങൾ നികത്താൻ ഇപ്പോൾ വില വർദ്ധിപ്പിക്കുകയല്ലാതെ എണ്ണക്കമ്പനികൾക്ക് മറ്റു മാർഗ്ഗങ്ങളില്ല.
മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ ഇപ്പോഴുണ്ടായ വർധന താരതമ്യേന കുറവാണെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. കഴിഞ്ഞ മൂന്ന് മാസത്തെ കണക്കെടുത്താൽ പാക്കിസ്താനിൽ 54.9 ശതമാനവും യു.എ.ഇയിൽ 52.4 ശതമാനവും അമേരിക്കയിൽ 44.5 ശതമാനവും വില ഉയർന്നപ്പോൾ ഇന്ത്യയിൽ ഇത് 4 മുതൽ 5 ശതമാനം വരെ മാത്രമാണ്. എങ്കിലും ഈ സമാധാനം അധികകാലം നീണ്ടുനിൽക്കില്ലെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
ഇന്ത്യയിലെ പ്രധാന പൊതുമേഖല എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവയാണ് ഇന്ധനത്തിന്റെ ചില്ലറ വില്പനവില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലയ്ക്കും രൂപയുടെ വിനിമയ നിരക്കിനും അനുസൃതമായാണ് ഇത് ചെയ്യുന്നത്. അന്താരാഷ്ട്ര വിപണിയിലെ വിലയ്ക്ക് പുറമെ എണ്ണ റിഫൈനറികളിൽ എത്തിച്ച് ശുദ്ധീകരിക്കുന്നതിനുള്ള ചെലവ്, സംഭരണശാലകളിൽ എത്തിക്കാനുള്ള ചരക്കുകൂലി, ഇൻഷുറൻസ്, കേന്ദ്ര സർക്കാർ ഓരോ ലിറ്ററിനും ഈടാക്കുന്ന നിശ്ചിത തുകയായ കേന്ദ്ര എക്സൈസ് ഡ്യൂട്ടി, പെട്രോൾ പമ്പ് ഉടമസ്ഥർക്ക് ലഭിക്കുന്ന വിഹിതമായ ഡീലർ കമ്മീഷൻ, ഓരോ സംസ്ഥാന സർക്കാരും ചുമത്തുന്ന വില്പന നികുതിയായ സംസ്ഥാന വാറ്റ് എന്നിവയെല്ലാം പരിഗണിക്കും.
ഡൽഹിയിലോ ഗുജറാത്തിലോ ഉള്ളതിനേക്കാൾ വില പെട്രോളിനും ഡീസലിനും കേരളത്തിൽ നൽകേണ്ടിവരുന്നത് സംസ്ഥാന സർക്കാരുകൾ ചുമത്തുന്ന നികുതികളിലെ വ്യത്യാസം കാരണമാണ്. ചില സംസ്ഥാനങ്ങൾ വിലയുടെ നിശ്ചിത ശതമാനം നികുതിയായി ഈടാക്കുമ്പോൾ, കേരളം ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങൾ ആ ശതമാനത്തോടൊപ്പം അധികമായി സെസ്സും ഈടാക്കുന്നുണ്ട്. പെട്രോളിന് 30.08% വിൽപ്പന നികുതിയും അതിനൊപ്പം ഒരു രൂപ അധിക വിൽപ്പന നികുതിയും ഒരു ശതമാനം സെസ്സും ഈടാക്കുന്നുണ്ട്. ഇതിനുപുറമേയാണ് 2 രൂപ സാമൂഹ്യ സുരക്ഷാ സെസ്സും ജനങ്ങളിൽനിന്ന് ഈടാക്കുന്നത്. ഡീസലിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല.
വില ഇനിയും വർധിക്കുമോ?
ഇന്ധനവില ഇനിയും വർധിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. എണ്ണക്കമ്പനികൾ ഇപ്പോഴും ഓരോ ലിറ്ററിലും വലിയ നഷ്ടം നേരിടുന്നുണ്ട്. ഈ നഷ്ടം നികത്താൻ ലിറ്ററിന് 10 രൂപ മുതൽ 15 രൂപ വരെ ഇനിയും വർധിപ്പിക്കേണ്ടി വരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
ഇതിനിടെ ഇന്ധനവില കുറയ്ക്കുന്ന കാര്യം ഗൗരവമായി ആലോചിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചതാണ് കേരളത്തിലുള്ളവരുടെ ഏക പ്രതീക്ഷ. സംസ്ഥാനത്തിന് ലഭിക്കുന്ന നികുതി വിഹിതത്തിൽ അല്ലെങ്കിൽ സെസ്സിൽ ഇളവ് വരുത്തിക്കൊണ്ട് ജനങ്ങൾക്ക് ആശ്വാസം നൽകാനാണ് പുതിയ സർക്കാർ ലക്ഷ്യമിടുന്നത്. അടുത്ത മാസം അവതരിപ്പിക്കുന്ന പുതിയ സർക്കാറിന്റെ ആദ്യ ബജറ്റിൽ ഇന്ധന നികുതി കുറയ്ക്കുന്നത് സംബന്ധിച്ച നിർണ്ണായക പ്രഖ്യാപനങ്ങൾ ഉണ്ടായേക്കുമെന്നാണ് സൂചന.
എന്തായാലും ഇന്ധനവില കുറഞ്ഞില്ലെങ്കിൽ സാഹചര്യം മോശമാകും. ചരക്ക് ഗതാഗത ചെലവ് കൂടുന്നതോടെ പാൽ, പച്ചക്കറി, പലചരക്ക് സാധനങ്ങളുടെ വില ഉയരും. കൃഷി ആവശ്യങ്ങൾക്കും ഡീസൽ ഉപയോഗിക്കുന്നതിനാൽ കർഷകർക്കും ഇത് തിരിച്ചടിയാകും. പെട്രോൾ, ഡീസൽ, സിഎൻജി എന്നിവയുടെ വില കൂടുന്നത് ടാക്സി, ഓട്ടോറിക്ഷ, ബസ് ചാർജുകൾ വർധിപ്പിക്കാൻ ഉടമകളെ നിർബന്ധിതരാക്കും. ഒല, ഊബർ തുടങ്ങിയ കമ്പനികൾ തങ്ങളുടെ നിരക്കുകൾ വർധിപ്പിക്കുകയോ 'സർജ് പ്രൈസിംഗ്' ഏർപ്പെടുത്തുകയോ ചെയ്യാം. ഏവിയേഷൻ ടർബൈൻ ഫ്യുവലിന്റെ വില വർധിക്കുന്നത് വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയരാൻ കാരണമാകും. സ്വിഗ്ഗി, സൊമാറ്റോ, ബ്ലിങ്കിറ്റ് തുടങ്ങിയ ഓൺലൈൻ ഡെലിവറി പ്ലാറ്റ്‌ഫോമുകൾ ഡെലിവറി ചാർജുകളിലോ പ്ലാറ്റ്‌ഫോം ഫീസിലോ വർധന വരുത്താൻ സാധ്യതയുണ്ട്. ഇത് ഓൺലൈൻ ഷോപ്പിംഗും ഭക്ഷണ വിതരണവും കൂടുതൽ ചെലവേറിയതാക്കും. ഗതാഗതത്തിനും ഭക്ഷണത്തിനുമായി കൂടുതൽ പണം ചെലവാക്കേണ്ടി വരുമ്പോൾ കുടുംബങ്ങളുടെ സമ്പാദ്യം കുറയും. വിലക്കയറ്റം നിയന്ത്രിക്കാനായി റിസർവ് ബാങ്ക് പലിശനിരക്കുകൾ വർധിപ്പിച്ചേക്കാം. ഇത് ഭവന വായ്പകൾ, വാഹന വായ്പകൾ, ബിസിനസ് വായ്പകൾ എന്നിവയുടെ പലിശ വർധിക്കാൻ കാരണമാവുകയും സാമ്പത്തിക തിരിച്ചടിയുണ്ടാക്കുകയും ചെയ്യും. ചുരുക്കത്തിൽ, രാജ്യത്തെ പണപ്പെരുപ്പം ഉയർത്താൻ ഈ ഇന്ധന വിലക്കയറ്റം കാരണമാകും.
പശ്ചിമേഷ്യയിലെ സമാധാനം പുനഃസ്ഥാപിക്കപ്പെടുന്നതുവരെ ഇന്ധന വിപണിയിലെ ഈ അനിശ്ചിതത്വം തുടരാനാണ് സാധ്യത. സാമ്പത്തിക ആസൂത്രണങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തേണ്ട ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നതെന്ന് ചുരുക്കം.
Content Highlights: Global crude oil prices reached $120/barrel due to Middle East conflicts. Indian oil companies face massive daily losses of ₹1,000 crore. State taxes and cesses significantly contribute to higher retail prices in Kerala. Potential for further hikes of ₹10-15 per liter to cover company losses. Rising fuel costs threaten to spike inflation across food, transport, and logistics sectors.
Published: 25 May 2026, 11:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented