ഒന്നിനും ക്രെഡിറ്റ് വേണ്ടെന്ന് നിർബന്ധംപിടിച്ച ഭരണാധികാരി; പി.ആർ ഗിമ്മിക്സില്ലാത്ത മൻമോഹനകാലം
പേരിനോ പ്രശസ്തിക്കോ വേണ്ടി ഇക്കാലമത്രയും ഒന്നും ചെയ്യാതിരുന്ന ഒരു മനുഷ്യൻ. സർക്കാർ ചെയ്യുന്ന ഒരുകാര്യവും തന്റെ പേരിൽ അറിയപ്പെടരുതെന്ന് നിർബന്ധംപിടിച്ച സൗമ്യനായ പ്രധാനമന്ത്രി. പിആർ ഗിമ്മിക്സുകളൊന്നുമില്ലാതെ ജനാധിപത്യത്തിൽ ഒരു പ്രധാനമന്ത്രിയുടെ റോൾ എന്താണോ അത് കൃത്യമായി നിറവേറ്റിയ ഭരണാധികാരി. ഇന്ത്യയുടെ പ്രധാനമന്ത്രി പദം അലങ്കരിച്ച മറ്റു പലരേയും പോലെ താരപരിവേഷമുള്ള പ്രധാനമന്ത്രിയേ ആയിരുന്നില്ല മൻമോഹൻ സിങ്. മോഹന വാഗ്ദാനങ്ങളിലൂടെയോ പൊതുവേദികളിൽ കത്തിക്കയറിയുള്ള പ്രസംഗങ്ങളിലൂടെയോ ഒരിക്കൽപോലും ജനങ്ങളെ കൈയിലെടുക്കാൻ ശ്രമിച്ചില്ല. അതിൽതെല്ലും അതിശയിക്കാനുമില്ല. കാരണം അദ്ദേഹം ഒരിക്കലും അധികാര മോഹിയായ ഒരു രാഷ്ട്രീയക്കാരനേ ആയിരുന്നില്ല. താനൊരു ജനകീയനാണെന്ന് വരുത്തി തീർക്കാൻ മൻമോഹൻ ശ്രമിച്ചിട്ടില്ലെന്ന് പറയുന്നതാകും കൂടുതൽ ശരി. തൊഴിലുറപ്പ് പദ്ധതി ഉൾപ്പെടെയുള്ള പല ജനകീയ പദ്ധതികളും നടപ്പാക്കിയ അദ്ദേഹം അതിന്റെയൊന്നും ക്രെഡിറ്റ് അടിച്ചെടുക്കാൻ ശ്രമിച്ചില്ല. കളമറിഞ്ഞ് കളിക്കുന്ന രാഷ്ട്രീയക്കാരനാകാനും മെനക്കെട്ടില്ല. എന്തിനേറേ, കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങളിൽ പോലും മൻമോഹൻ സിങ് എന്ന പേര് ഒരിക്കലും ഉയർന്നുകേട്ടിട്ടിട്ടേയില്ല. എതിരാളികൾക്കെതിരേയുള്ള രാഷ്ട്രീയ വിമർശനങ്ങൾ പോലും മാന്യമായിരുന്നു.
സോണിയ ഗാന്ധി, നരസിംഹറാവു തുടങ്ങി സുപ്രധാന നേതാക്കളോടെല്ലാം അടുപ്പമുണ്ടായിരുന്നപ്പോഴും വ്യക്തിപരമായി മൻമോഹൻ സിങ് എപ്പോഴും അകലം പാലിച്ചു. 90കളുടെ അവസാനത്തിൽ നരസിംഹ റാവു യുഗത്തിന് വിരാമമിട്ട് കോൺഗ്രസ് സോണിയയിലേക്ക് അടുക്കുമ്പോൾ റാവുവിനോട് പ്രതിപത്തിയുള്ള നേതാക്കളെല്ലാം ഒതുക്കപ്പെട്ടിരുന്നു. പക്ഷേ, കോൺഗ്രസ്സ് അധ്യക്ഷസ്ഥാനം സോണിയ ഏറ്റെടുത്തതു മുതൽ കോൺഗ്രസ്സിന്റെ ഉന്നത നയരൂപീകരണ സമിതികളിലെല്ലാം മൻമോഹൻ സിങ്ങുണ്ടായിരുന്നു. ഒരേസമയം റാവുവിനോടും സോണിയയോടും അടുപ്പം പുലർത്താൻ മൻമോഹൻ സിങ്ങിനായതും രാഷ്ട്രീയത്തിലെ കറകളഞ്ഞ മാന്യത കൊണ്ടാണ്.
ധനമന്ത്രിയായി കോൺഗ്രസിൽ
1991-ൽ ധനമന്ത്രിയാകുന്നതിന് മുമ്പ് റിസർവ്വ് ബാങ്ക് ഗവർണർ, ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷൻ തുടങ്ങി രാഷ്ട്രീയേതരമായി സുപ്രധാനമായ പല പദവികളും വഹിച്ചയാളായിരുന്നു മൻമോഹൻ സിങ്. തകർന്നടിഞ്ഞ സാമ്പത്തിക വ്യവസ്ഥയെ കൈപിടിച്ചുയർത്താൻ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നരസിംഹ റാവുവായിരുന്നു മൻമോഹൻ സിങ്ങിനെ ധനമന്ത്രിയാക്കി അവരോധിച്ചത്. എന്നാൽ പാർട്ടിപ്രവർത്തകൻ പോലുമല്ലാത്ത മൻമോഹനെ ധനമന്ത്രിയാക്കിയതിൽ സ്വന്തം പാർട്ടിക്കുള്ളിൽനിന്ന് പോലും എതിർപ്പുകൾ ഉയർന്നു. ധനമന്ത്രിയായ ശേഷമാണ് മൻമോഹൻ രാജ്യസഭയിലൂടെ പാർലമന്റ് അംഗമാകുന്നത് പോലും.
സമ്പദ് വ്യവസ്ഥയെ രക്ഷിച്ചെടുക്കാൻ മൻമോഹൻ സിങ്ങിലൂടെ, നടത്തിയ ആ അറ്റകൈ പ്രയോഗം പ്രതീക്ഷിച്ചതിലും വേഗത്തിൽ ഫലംകണ്ടു. അന്നുവരെ പിന്തുടർന്ന സോഷ്യലിസ്റ്റ് അടിസ്ഥാനത്തിലൂന്നിയ നെഹുറൂവിയൻ ഇക്കണോമിയിൽനിന്ന് ഉദാരീകരണത്തിലേക്ക് രാജ്യം നീങ്ങി. നട്ടെല്ല് വളഞ്ഞ സമ്പദ്വ്യവസ്ഥയെ താങ്ങിനിർത്താൻ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങൾ നടപ്പിലാക്കാനുള്ള മാർഗ്ഗങ്ങളും, പൊതുമേഖലാ സ്ഥാപനങ്ങൾ വേണ്ടിവന്നാൽ സ്വകാര്യവത്കരിക്കാനുള്ള നടപടികളുമാണ് മൻമോഹൻ സിങ് അന്ന് നടപ്പാക്കിയത്.
എന്നാൽ രാഷ്ട്രീയ പാരമ്പര്യമില്ലാത്ത ഒരു ധനതന്ത്രജ്ഞന് രാജ്യത്തെ സുപ്രധാന പദവി നൽകിയത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് വരെ അന്ന് വിമർശനമുയർന്നു. കേന്ദ്രമന്ത്രിയായിരുന്ന പി.ചിദംബരം വരെ മൻമോഹൻ സിങ്ങിന്റെ നടപടികളെ എതിർത്തു. പക്ഷേ, ചിദംബരമടക്കം പിന്നീട് വന്ന മുഴുവൻ ധനമന്ത്രിമാരും ഉദാരവത്കരണം ശക്തമാക്കുകയാണുണ്ടായത് എന്നതും മൻമോഹൻ സിങ്ങിന്റെ സാമ്പത്തിക നയങ്ങൾ 'മൻമോഹനോമിക്സ്' എന്ന പേരിൽ പ്രശസ്തമായതും മറ്റൊരു ചരിത്രം.
ആഗോളീകരണത്തിന്റെ വക്താവായിരിക്കെത്തന്നെ തൊഴിലുറപ്പ് പദ്ധതിയെക്കുറിച്ചും ഭക്ഷ്യ സുരക്ഷാ പദ്ധതിയെക്കുറിച്ചും ചിന്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞത് ജനങ്ങളെ എക്കാലത്തും മനസ്സിൽ കരുതിയതുകൊണ്ടാണ്. രാജ്യം ആവശ്യപ്പെട്ടപ്പോഴൊക്കെ ഭരണകാര്യങ്ങൾ വിവരിക്കാൻ മാധ്യമങ്ങൾ മുഖേന ജനങ്ങൾക്ക് മുന്നിലെത്തിയതും അക്കാരണത്താൽത്തന്നെ.
പ്രണബ് മുഖർജിയെ മറികടന്ന് പ്രധാനമന്ത്രിപദം
2004-ൽ കോൺഗ്രസും സഖ്യകക്ഷികളും ചേർന്ന് ഇടത് പിന്തുണയോടെ രൂപീകരിച്ച ഒന്നാം യു.പി.എ. സർക്കാരിൽ പ്രധാനമന്ത്രിയായി മൻമോഹൻ സിങ് എത്തുന്നത് വലിയ രാഷ്ട്രീയ നാടകത്തിനൊടുവിലാണ്. പ്രധാനമന്ത്രിയായി കോൺഗ്രസ് പ്രവർത്തകർ ഒന്നടങ്കം നിർദേശിച്ചത് സോണിയ ഗാന്ധിയെ ആയിരുന്നു. ഒരു വിദേശവനിത രാജ്യത്തിന്റെ പ്രധാനമന്ത്രിയാകേണ്ടെന്ന നിലപാടിൽ അന്ന് ബി.ജെ.പി. വ്യാപക പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. ഇതോടെ സോണിയയ്ക്ക് പകരം അവരുടെ വിശ്വസ്തനായ മൻമോഹൻ സിങ്ങിന് നറുക്കുവീണു. പ്രണബ് മുഖർജിയെ പോലെ തഴക്കവും വഴക്കവും കൈവന്ന ഒരുപറ്റം നേതാക്കളെ മറികടന്നാണ് അന്ന് മൻമോഹനെ സോണിയ പ്രധാനമന്ത്രി കസേരയിലേക്ക് തിരഞ്ഞെടുത്തത്.
ഇതോടെ മൻമോഹൻ ആക്സിഡൻൽ പ്രൈം മിനിസറ്ററാണെന്ന പ്രതിപക്ഷ പരിഹാസങ്ങളും പിന്നാലെയെത്തി. പിൻകാലത്ത് മൻമോഹൻ സിങ്ങിനെക്കുറിച്ച് അദ്ദേഹത്തിന്റെ മുൻ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ്ബാരു എഴുതിയ പുസ്തകത്തിനും അതേ പേര് തന്നെയിട്ടു. ദി ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ; ദി മേക്കിങ് ആൻഡ് അൺമേക്കിങ് ഓഫ് മൻമോഹൻ സിങ്. യുപിഎ സർക്കാരിന്റെ അധികാര കേന്ദ്രം സോണിയാ ഗാന്ധിയാണെന്നും മൻമോഹൻ സിങ്ങിന് അധികാരമൊന്നും ഉണ്ടായിരുന്നില്ലെന്നുമായിരുന്നു ആ പുസ്തകത്തിലെ പ്രധാന വിമർശനം. എന്നാൽ കാലുമാറ്റക്കാരന്റെ കെട്ടുകഥ എന്നായിരുന്നു ഈ പുസ്തകത്തിന് കോൺഗ്രസിന്റെ മറുപടി.
പുസ്തകത്തിനപ്പുറം, ദുർബലനായ പ്രധാനമന്ത്രിയെന്നും സോണിയാ ഗാന്ധിയുടെ വിധേയൻ എന്നും രാഷ്ട്രീയ എതിരാളികൾ പരിഹസിച്ചപ്പോഴും മൻമോഹൻ സിങ്ങിന് അതിലൊന്നും നീരസമുണ്ടായിരുന്നില്ല. ഒരിക്കൽ പോലും അത്തരം ആക്ഷേപങ്ങൾക്ക് മറുപടി പറയാനും അദ്ദേഹം തയ്യാറായിരുന്നില്ല.
പ്രതിച്ഛായ തകർത്ത ആ 10 വർഷങ്ങൾ
തുടർച്ചയായി രണ്ടുടേം പ്രധാനമന്ത്രിയായിരുന്നപ്പോഴും രാഷ്ട്രീയ നേതാവിനപ്പുറം മൻമോഹനിലെ 'ഇക്കണോമിസ്റ്റ്' ആണ് ഒരു പടി മുന്നിൽ നിന്നത്. എന്നാൽ വിട്ടുവീഴ്ചയില്ലാത്ത സാമ്പത്തിക വിദഗ്ധനിൽനിന്ന് ഒത്തുതീർപ്പിലെത്തുന്ന രാഷ്ട്രീയക്കാരനിലേക്കുള്ള ദൂരം മൻമോഹനെ സംബന്ധിച്ച് അത്ര ചെറുതുമായിരുന്നില്ല. ആ 10 വർഷക്കാലത്ത് സർക്കാരിനെതിരേ ഉയർന്ന അഴിമതി ആരോപണങ്ങൾക്ക് കൈയും കണക്കുമില്ലായിരുന്നു. കറപുരളാത്ത നേതാവ് എന്ന അദ്ദേഹത്തിന്റെ പ്രതിച്ഛായയെ 2ജി, കൽക്കരി, കോമൺവെൽത്ത് ഗെയിംസ് അഴിമതിക്കേസുകൾ കുറച്ചൊന്നുമല്ല ബാധിച്ചത്.
വ്യക്തിപരമായ സത്യസന്ധതയ്ക്കും ലളിതജീവിതശൈലിക്കും പേരുകേട്ടയാളാളെങ്കിലും മന്ത്രിസഭയിലെ സഹപ്രവർത്തകരുടെ അഴിമതികളിൽ പ്രതികരണമില്ലാതെ നിന്നതും അദ്ദേഹത്തിന്റെ ശോഭകൊടുത്തി. അഴിമതിയിൽ മുങ്ങിക്കുളിച്ച സർക്കാർ എന്ന ദുഷ്പേരാണ് പിന്നീട് കോൺഗ്രസിന് അധികാരം നഷ്ടമാകുന്നതിന് മുഖ്യ കാരണമായതും.
മൻമോഹൻ സിങ്, മൗനി ബാബ ആണെന്ന എതിരാളികളുടെ ആക്ഷേപവും അക്കാലത്ത് പൂർവ്വാധികം ശക്തിയായി. രണ്ടു ടേമിലെ ഭരണമൊഴിഞ്ഞ് പ്രതിപക്ഷക്കേസേരയിലെത്തിയപ്പോഴും അതിന് വലിയ മാറ്റമൊന്നും തുടക്കത്തിലുണ്ടായിരുന്നില്ല. എന്നാൽ മോദി സർക്കാരിന്റെ നോട്ട് നിരോധനത്തെ സംഘടിത കൊള്ളയെന്നും നിയമവിധേയമായ കവർച്ചയെന്നും ആദ്യമായി പാർലമെന്റിൽ വിമർശിച്ചത് മൻമോഹൻ സിങ്ങായിരുന്നു. പതിഞ്ഞ ശബ്ദത്തിലുള്ള ആ വിമർശനം പിന്നീട് രാജ്യവ്യാപകമായി പ്രതിധ്വനിച്ചു. പിന്നീടിങ്ങോട്ട് ശ്വാസകോശ രോഗവും ആരോഗ്യവും തളർത്തിയെങ്കിലും അടുത്തകാലം വരെ അദ്ദേഹം രാജ്യസഭാഗമായിരുന്നു. അഞ്ചു ടേമുകളിലായി 33 വർഷത്തോളം നീണ്ടതായിരുന്നു അദ്ദേഹത്തിന്റെ പാർലമെന്ററി ജീവിതം.
കീഴടങ്ങാൻ തയ്യാറാകാത്ത മൻമോഹൻ
അമേരിക്കയുമായുണ്ടാക്കിയ ആണവക്കരാറിനെ ചൊല്ലി ഒന്നാം യു.പി.എ. സർക്കാരിനുള്ള പിന്തുണ ഇടതുപക്ഷം പിൻവലിച്ചപ്പോൾ ആ പ്രതിസന്ധിയെ മറികടക്കാൻ സമാജ്വാദി പാർട്ടിയുടെ പിന്തുണ ഉടൻതന്നെ ഉറപ്പാക്കിയ മൻമോഹൻ സിങ് അതിലൂടെ തന്റെ രാഷ്ട്രീയബുദ്ധിവൈഭവവും പ്രകടമാക്കി. റബ്ബർ സ്റ്റാബ് എന്ന പഴി പലപ്പോഴും കോട്ടിട്ടുണ്ടെങ്കിലും പാർട്ടിക്കകത്ത് തനിക്കുമേൽ നിയന്ത്രണം അടിച്ചേൽപ്പിക്കാൻശ്രമിച്ച മറ്റുനേതാക്കളോട് കീഴടങ്ങാൻ മൻമോഹൻ ഒരിക്കലും തയ്യാറായിട്ടില്ല. പലതവണ പ്രധാനമന്ത്രിപദം രാജിവെക്കുമെന്ന ഭീഷണിമുഴക്കിയെങ്കിലും പരസ്യമായി തികഞ്ഞ അച്ചടക്കം പാലിച്ച പാർട്ടി പ്രവർത്തകൻ മാത്രമായിരുന്നു അദ്ദേഹം.
വിടപറഞ്ഞെങ്കിലും ഇന്ത്യൻ രാഷ്ട്രീയ-സാമ്പത്തിക ചരിത്രത്തിൽ എക്കാലവും മൻമോഹൻ സിങ്ങിന്റെ സംഭാവനകൾ സുവർണ ലിപികളിലുണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല.
Inshort | Manmohan Singh, India’s 13th Prime Minister, is renowned for his pivotal role in liberalizing the Indian economy in 1991 as Finance Minister and for his decade-long tenure (2004–2014) as PM. A distinguished economist and statesman, Singh's leadership was marked by significant reforms like NREGA and the India-US nuclear deal, though marred by corruption allegations during the UPA era. Known for his humility and integrity, his contributions to India's economic and political landscape remain unparalleled.
Content Highlights: accidental prime minister manmohan singhs economic reforms
Published: 27 Dec 2024, 06:47 pm IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented