‘ചിലർക്ക് മൂന്നു സ്റ്റാർ, ചിലർക്ക് രണ്ടു സ്റ്റാർ; അതെന്താ സാറേ?’ മറുപടി പറഞ്ഞ് എസ്.പി
കല്പറ്റ: പോലീസിന്റെ ബസിൽ ഉദ്യോഗസ്ഥരോടൊപ്പം പാട്ടും ഡാൻസുമായി ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലെത്തുംവരെ ആ കുരുന്നുകളുടെ മനസ്സിൽ നിറയെ ആകാംക്ഷയായിരുന്നു. ഓഫീസിന്റെ മുറ്റത്ത് ബസ് വന്നുനിന്നപ്പോൾ ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരിതന്നെ കുട്ടികളെ ഹസ്തദാനം നൽകി സ്വീകരിച്ചു. നിരത്തിയിട്ട പോലീസ് വാഹനങ്ങളും ഉദ്യോഗസ്ഥരുടെ തോളിലെ നക്ഷത്രങ്ങളും കൗതുകത്തോടെ കുരുന്നുകൾ നോക്കിനിന്നു. ഓഫീസിനകത്തേക്ക് കയറിയപ്പോൾ കൗതുകത്തിന് മാറ്റമൊന്നുമില്ല. ഓഫീസ് മുറികൾക്കു മുൻപിലെ ബോർഡുകളോരോന്നും അവർ ഉറക്കെ വായിച്ചു.
''ചില പോലീസിന് മൂന്നു സ്റ്റാർ, ചിലർക്ക് രണ്ടു സ്റ്റാർ അതെന്തിനാ....?'' -തിരുനെല്ലി എസ്എയുപി സ്‌കൂളിലെ ഏഴാംക്ലാസുകാരൻ സുബിജിത്തിന്റെ ചോദ്യമെത്തി. കുട്ടികൾ എല്ലാവർക്കും പോലീസുദ്യോഗസ്ഥരുടെ തോളിലെ നക്ഷത്രങ്ങളെക്കുറിച്ചായിരുന്നു ആദ്യം അറിയേണ്ടിയിരുന്നത്. ''അത് റാങ്കാണ്. എന്റെ റാങ്ക് ജില്ലാ പോലീസ് മേധാവിയാണ്'' -തപോഷ് ബസുമതാരി കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. ''ജില്ലാ പോലീസ് മേധാവിക്ക് അശോകസ്തംഭവും സ്റ്റാറും ഉണ്ടാവും. ഇൻസ്‌പെക്ടറാണെങ്കിൽ മൂന്ന് സ്റ്റാറുകൾ വരും, എസ്‌ഐയാണെങ്കിൽ രണ്ട് സ്റ്റാർ'' -സമീപത്ത് നിൽക്കുകയായിരുന്ന എസ്‌ഐ കെ.എം. ശശിധരന്റെ തോളിലെ സ്റ്റാറുകൾ തൊട്ടുകാണിച്ച് അദ്ദേഹം വിശദീകരിച്ചു.
ജില്ലാ ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ഗോത്രവിദ്യാർഥികൾക്കായി നടത്തിയ പഠനയാത്രയാണ് അറിവും ആനന്ദവും ഒപ്പം പ്രചോദനവുമെല്ലാമായത്. തിരുനെല്ലി എസ്എ യുപി സ്‌കൂളിലെ 33 കുട്ടികളാണ് ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയം സന്ദർശിച്ചത്. പോലീസുദ്യോഗസ്ഥരോടൊപ്പം മിണ്ടിയും പറഞ്ഞും സമയംചെലവഴിച്ചപ്പോൾ കൗതുകങ്ങൾ പുതിയ അറിവുകളായി. ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരിയുടെ കസേരയിൽ ഒരോരുത്തരായി അല്പനേരം ഇരുന്നെഴുന്നേറ്റപ്പോൾ അതവർക്ക് പ്രചോദനമായി. ഓരോ കുട്ടികളെയും തന്റെ കസേരയിലിരുത്തി ജില്ലാ പോലീസ് മേധാവി അവർക്കൊപ്പം ഫോട്ടോയുമെടുത്തു. ഉയരങ്ങളിലെത്തണമെന്നും നല്ലമനുഷ്യരായി വളരണമെന്നും അദ്ദേഹം കുട്ടികളോട് പറഞ്ഞു. മധുരം നൽകിയാണ് പോലീസുകാർ ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിൽനിന്ന് വിദ്യാർഥികളെ യാത്രയാക്കിയത്. പഠനയാത്രയുടെ ഭാഗമായി പോലീസുകാർക്കൊപ്പംതന്നെ വിദ്യാർഥികൾ പൂക്കോട് തടാകവും താമരശ്ശേരിചുരവും ചങ്ങലമരവും പൂക്കോട്, കണിയാമ്പറ്റ എന്നിവിടങ്ങളിലെ മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകളും സന്ദർശിച്ചു.
Content Highlights: wayanad sp taposh basumatary interaction with students
Published: 13 Jan 2026, 09:45 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented