ജീവന്റെ പിന്തുടര്‍ച്ചയക്ക് കരുതല്‍ക്കരം നീട്ടുന്ന ഒരുകൂട്ടം മനുഷ്യര്‍. അധ്വാനത്തെപ്പറ്റിയോ തിരിച്ചുകിട്ടുന്നതിനെപ്പറ്റിയോ ചിന്തിക്കാതെ മാസങ്ങളോളം കടല്‍ക്കാറ്റിന്റെ ഉപ്പുരസമേറ്റ് തള്ളിനീക്കുന്ന രാത്രികള്‍. ആരും ഇവരെ ഇതിനൊന്നും നിര്‍ബന്ധിച്ചിട്ടില്ല. പ്രകൃതിയുടെ ജൈവവൈവിധ്യം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത മനസിലാക്കിയ സാധാരണക്കാരാണിവര്‍.
ആളും ആരവുമില്ലാത്ത തീരത്ത് രാത്രി ടോര്‍ച്ചുതെളിച്ച് മണിക്കൂറുകളോളം അവര്‍ കാത്തിരുന്നു. ഇടയ്ക്ക് എഴുനേറ്റ് അല്പം നടന്നു. കടല്‍ക്കാറ്റിനൊപ്പം വേലിയേറ്റത്തിന്റെ ഭാവവ്യത്യാസം തിരമാലകളിലൂടെ അറിയുന്നുണ്ടായിരുന്നു. നൂറുകണക്കിന് ജീവന്റെ തുടിപ്പുകള്‍ക്കാണ് രാത്രിയുടെ യാമങ്ങളിലും ഇവരുടെ കാവല്‍. നോക്കിയിരിപ്പിന്റെ വിരസതയ്ക്ക് മണിക്കൂറുകള്‍ക്ക് ശേഷം വിരാമം. പ്രത്യേകം തയ്യാറാക്കിയ ഹാച്ചറിയല്‍ കടലാമ മുട്ടകള്‍ ഓരോന്നായി വിരിഞ്ഞ് കുഞ്ഞാമകള്‍ പഞ്ചാരമണലിന് പുറത്തേക്ക് വന്നുതുടങ്ങി. എല്ലാ കുഞ്ഞുങ്ങളും പുറത്തുവന്നെന്ന് ഉറപ്പാക്കിയതിന് പിന്നാലെ പേപ്പര്‍ ബോക്‌സിലേക്ക് മാറ്റി. പിന്നാലെ കടല്‍തീരത്തേക്കുള്ള യാത്രയ്ക്ക് തുടക്കം. ബക്കറ്റില്‍ നിന്ന് പഞ്ചാരമണല്‍ നിറഞ്ഞ പുതിയലോകത്തിന്റെ സ്വാതന്ത്ര്യത്തിലേക്ക് അവര്‍ നടന്നുതുടങ്ങി. ആദ്യത്തെ തിരയടിച്ചു കയറി. പിന്നെ കൂട്ടത്തോടെ അമ്മ ആമയുടെ വഴിയേ കടലിലേക്ക്...ഈ സന്തോഷ കാഴ്ചയ്ക്ക് കാരണക്കാരായ മനുഷ്യരുടെ യാത്ര അവിസ്മരണീയമാണ്.
 

To advertise here,