പുരാണകാലം മുതൽതന്നെ കഥകളിലെ താരമാണ് ആമ. ദേവൻമാരും അസുരൻമാരും ചേർന്ന് മന്ദരപർവതത്തെ കടകോലാക്കിയും നാഗരാജാവായ വാസുകിയെ കയറാക്കിയും പാലാഴി കടഞ്ഞു. കടകോലായ മന്ദരപർവതം താണുപോകാതെ താങ്ങിനിർത്താൻ വിഷ്ണു ആമയായി (കൂർമം) അവതരിച്ചുവെന്നാണ് കഥ.
കഥയെന്തായാലും ശാസ്ത്രലോകം ഉറ്റുനോക്കുന്ന ജീവികളാണ് ആമകൾ. ഇഴജന്തുവർഗത്തിലെ (Reptiles) ഒരു വിഭാഗമായ ആമകൾ കോട്ടൈലോസർ (Cotylosaur) എന്ന പ്രാചീന ഇഴജന്തുക്കളിൽനിന്ന് പരിണമിച്ചുണ്ടായ വർഗമാണെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്. ഇന്ന് ഇറച്ചിക്കും മുട്ടയ്ക്കും വേണ്ടി മനുഷ്യർ വലിയതോതിൽ വേട്ടയാടുന്നതുമൂലം വംശനാശഭീഷണി നേരിടുകയാണ് ഈ പാവങ്ങൾ.
ആമകൾക്കായൊരു ദിനം
ആമകളുടെ സംരക്ഷണം, അവയെപ്പറ്റിയുള്ള പഠനം എന്നിവയ്ക്കായി നിലവിൽവന്ന സംഘടനയായ അമേരിക്കൻ ടോർട്ടോയിസ് റെസ്‌ക്യൂ 2000 മുതലാണ് മേയ് 23 ആമദിനമായി ആചരിച്ചുവരുന്നത്.
ആമ വിശേഷം
- ഡൈനസോറിന്റെ കാലത്തുതന്നെ ഭൂമിയിൽ ഉണ്ടായവയാണ് ആമകൾ
- ജന്തുക്കളിൽ ഏറ്റവും കൂടുതൽ ആയുസ്സുള്ളത് ആമകൾക്കാണ്. 188 വർഷംവരെ ജീവിച്ച ആമകളുണ്ട്.
- ആമയുടെ പുറംതോട് അവയെ ശത്രുക്കളിൽനിന്ന് രക്ഷിക്കുന്നു. ശത്രുക്കൾ വന്നാൽ തല തോടിനുള്ളിലേക്ക് വലിക്കുന്ന വിദ്യയുമുണ്ട്.
- ആമകളുടെ പുറംതോട് അവയുടെ എല്ലിന്റെ ഭാഗമാണ്. അൻപതിലധികം എല്ലുകൾ ചേർന്നാണ് പുറംതോട് ഉണ്ടായിട്ടുള്ളത്.
- കടലാമകളുടെ പുറംതോട് പരന്നതാണ്. എന്നാൽ, കരയാമകളുടെ പുറംതോട് കുറച്ച് ഉയർന്നുനിൽക്കും
ഒലിവ് റിഡ്‌ലി എന്ന സഞ്ചാരി
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന കടലാമകളാണ് ഒലിവ് റിഡ്‌ലി ടർട്ടിലുകൾ (Lepidochelys olivacea). ഇന്ത്യൻ മഹാസമുദ്രം, ദക്ഷിണ അറ്റ്‌ലാന്റിക് സമുദ്രം എന്നിവിടങ്ങളിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് ഒലിവ് റിഡ്‌ലി കടലാമകൾ കൂടുതലായി കാണപ്പെടുന്നത്. മിശ്രഭുക്കുകളായ ഇവയുടെ മെനുവിൽ ഞണ്ട്, കൊഞ്ച്, വലിയ ചെമ്മീൻ, ജെല്ലി ഫിഷ്, ആൽഗ, മത്സ്യം തുടങ്ങിയവ ഉൾപ്പെടുന്നുണ്ട്. പൂർണവളർച്ചയെത്തിയ ഒലിവ് റിഡ്‌ലി കടലാമയ്ക്ക് 50 കിലോഗ്രാം വരെ ഭാരമുണ്ടാവും. കെമ്പ്സ് റിഡ്‌ലി ടർട്ടിൽ കഴിഞ്ഞാൽ കടലാമകളിൽ ഏറ്റവും ചെറുത് ഒലിവ് റിഡ്‌ലിയാണ്. ഇളം ഒലിവ് പച്ച മുതൽ ഇരുണ്ട ഒലിവ് പച്ചവരെയുള്ള നിറങ്ങളിൽ ഇവ കാണപ്പെടുന്നു. ഒരു സീസണിൽ മൂന്നുതവണ വരെയായി 100 മുതൽ 120 വരെ മുട്ടയിടും. മുട്ട വിരിയാനെടുക്കുന്ന സമയം 45 മുതൽ 60 വരെ ദിവസമാണ്. സംരക്ഷിതസാഹചര്യത്തിൽ മുട്ടകളിൽ 85 ശതമാനംവരെ വിരിയുമെങ്കിലും പാവം കടലാമക്കുഞ്ഞുങ്ങൾ പ്രായപൂർത്തിയാകുംവരെ ജീവിക്കാനുള്ള സാധ്യത ആയിരത്തിലൊന്നുമാത്രമാണ്. ഒലിവ് റിഡ്‌ലി കടലാമകൾ സമുദ്രത്തിലൂടെ വളരെദൂരം സഞ്ചരിക്കുന്ന യാത്രികരാണ്. മുട്ടയിട്ട അതേ തീരത്തേക്കുതന്നെ വീണ്ടും മടങ്ങിയെത്താൻ ഇവയ്ക്ക് സാധിക്കും. 50-60 വർഷമാണ് ഇവയുടെ ആയുസ്സ്.
കടലാമകളുടെ അറിബാഡ
ഇന്ത്യൻ തീരങ്ങളിൽ കൂടുതലുള്ള ഒലിവ് റിഡ്‌ലി ഒറ്റയ്ക്കും കൂട്ടമായും കരയിലെത്തി മുട്ടയിടാറുണ്ട്. കടലാമകൾ വലിയ കൂട്ടങ്ങളായി ഒരു തീരത്ത് മുട്ടയിടാനെത്തുന്ന പ്രതിഭാസം 'അറിബാഡ' (Arribada - സ്പാനിഷ് ഭാഷയിൽ 'വരവ്') എന്നറിയപ്പെടുന്നു. ഇന്ത്യയിൽ ഒലിവ് റിഡ്‌ലി കടലാമയുടെ അറിബാഡ ആദ്യമായി ദൃശ്യമാകുന്നത് 1974-ൽ ഒഡിഷയിലെ ഗാഹിർമാഥാ കടൽത്തീരത്താണ്. ഒലിവ് റിഡ്‌ലി കടലാമകൾ ഓരോവർഷവും നവംബർ-ഡിസംബർ മാസങ്ങളിൽ ഒഡിഷത്തീരങ്ങളിലെത്തുകയും ഏപ്രിൽ-മേയ് വരെ അവിടെ തുടരുകയും ചെയ്യുന്നു. അടുത്തകാലത്തായി ജനുവരി അവസാനം മുതൽ ഫെബ്രുവരി തുടക്കം വരെയാണ് ഇവയുടെ മുട്ടയിടൽ നടക്കുന്നത്. നദീമുഖങ്ങൾക്കും ഉൾക്കടലുകൾക്കും സമീപമുള്ള ഇടുങ്ങിയ മണൽത്തീരങ്ങൾ മുട്ടയിടുന്നതിനായി തിരഞ്ഞെടുക്കുന്നു.
ഓപ്പറേഷൻ ഒലീവിയ
കടലാമകൾ വലിയ കൂട്ടങ്ങളായി ഒരുമിച്ചെത്തുമ്പോൾ അവയ്ക്കു സുരക്ഷിതത്വമൊരുക്കുക എളുപ്പമല്ല. കോസ്റ്റ് ഗാർഡ്, വനം വകുപ്പ്, പരിസ്ഥിതിസംഘടനകൾ എന്നിവയ്ക്കൊപ്പം നാട്ടുകാരും അറിബാഡ നടക്കുമ്പോൾ കടലാമസംരക്ഷണദൗത്യത്തിൽ പങ്കാളികളാകുന്നു. 'ഓപ്പറേഷൻ ഒലീവിയ' എന്നപേരിൽ കോസ്റ്റ് ഗാർഡ് ആറുമാസത്തോളം കടലാമകൾക്ക് സംരക്ഷണം നൽകുന്നുണ്ട്. ഒലിവ് റിഡ്‌ലി ഉൾപ്പെടെ ഇന്ത്യയിൽ കാണുന്ന അഞ്ച് സ്പീഷീസ് കടലാമകളും വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ട്, 1972-ലെ ഷെഡ്യൂൾ ഒന്നനുസരിച്ച് സംരക്ഷിക്കപ്പെട്ടിട്ടുണ്ട്.
ധവൾ ലക്ഷ്മി ടൂറിലാണ്
ഇന്ത്യൻ തീരങ്ങളിലെത്തുന്ന ഒലിവ് റിഡ്‌ലികളെ ഉപഗ്രഹസഹായത്താൽ നിരീക്ഷിക്കുന്നതിനായി ടാഗിങ് ചെയ്യാറുണ്ട്. അത്തരത്തിൽ ടാഗ് ചെയ്ത ഒരു പെണ്ണാമയുടെ യാത്രാവിവരങ്ങൾ ഗവേഷകർ അടുത്തിടെ പുറത്തുവിട്ടു. ധവൾ ലക്ഷ്മി എന്നാണ് ഈ ആമയ്ക്ക് പേരിട്ടത്. മഹാരാഷ്ട്രയിലെ ഡഹാനു ബീച്ചിൽവെച്ച് ഈ ആമയെ ടാഗ് ചെയ്തു. അവിടെനിന്ന് ധവൾ ലക്ഷ്മി അറേബ്യൻ സമുദ്രത്തിലൂടെ ഒമാൻ തീരത്തെത്തുകയും പിന്നീട് ഇന്ത്യയിലേക്ക് മടങ്ങുകയും ചെയ്തു. ഇങ്ങനെ ധവൾ ലക്ഷ്മി താണ്ടിയ ദൂരം എത്രയെന്നോ - 3500 കിലോമീറ്റർ! ഭൂമിയുടെ കാന്തികവലയം മനസ്സിലാക്കിയാണ് കടലാമകൾ തങ്ങൾ ജനിച്ച ബീച്ചുകളിലുൾപ്പെടെ തിരിച്ചെത്തുന്നതും ദിശ തെറ്റാതെ ദൂരയാത്ര നടത്തുന്നതും. 'Geomagnetic imprinting' എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്.
Content Highlights: World Turtle Day is observed annually on May 23rd
Published: 23 May 2026, 11:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented