തിരുവനന്തപുരം: സൗത്ത് തുമ്പ കടപ്പുറത്ത് ഒലിവ് റിഡ്‌ലി വിഭാഗത്തിലുളള കടലാമ മുട്ടയിടാനെത്തിയത് ആരും അറിഞ്ഞിരുന്നില്ല. അതിന്റെ മുട്ടകൾ വിരിഞ്ഞ് 100 ലധികം കുഞ്ഞാമകൾ കടലിലേക്ക് തിരികെ പോയതും നാട്ടുകാരറിഞ്ഞില്ല. തുമ്പ സ്വദേശിയായ അനു ആന്റണിയാണ് തിങ്കളാഴ്ച പുലർച്ചെ കടലിൽ വിരിച്ചിരുന്ന വലയിൽ കടലാമയുടെ 100ലധികം കുഞ്ഞുങ്ങൾ കുടുങ്ങിയത് കണ്ടത്. മീനുകൾക്കൊപ്പം കരയിലെത്തിച്ച ഇവയെ ഒന്നൊന്നായി തീരത്ത് നിരത്തി രാവിലെ ഏഴോടെ തിരികെ വിടുമ്പോഴാണ് നാട്ടുകാർ ഈ വിവരമറിയുന്നത്. കാക്കകളും പരുന്തുകൾക്കും നൽകാതെ വലയിലുണ്ടായിരുന്ന മുഴുവൻ ആമകുഞ്ഞുങ്ങളെയും അനു ആന്റണി കടലിലേക്ക് തിരികെ വിട്ടു. ഈ വിവരം വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം കോർഡിനേറ്റർ അജിത് ശംഖുംമുഖത്തിനും കൈമാറിയിരുന്നു. തുടർന്ന് അജിത് സ്ഥലത്തെത്തി ഇതിന്റെ വിവരശേഖരണവും നടത്തി. 

To advertise here,

ജില്ലയിലെ ചിലതീരങ്ങളിൽ കടലാമകൾ കൂട്ടത്തോടെ എത്തി മുട്ടയിട്ടിരുന്നുവെന്ന് കേരളാ സർവ്വകലാശാലയുടെ അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ്  മേധാവി ഡോ. ബിജുകുമാർ പറഞ്ഞു. മുട്ടയിട്ടുകഴിഞ്ഞാൽ 55 ദിവസത്തിനുളളിൽ മുട്ടകൾ വിരിയും. ഇവ കടലിലേക്ക് തിരികെ പോയി പൂർണവളർച്ചയെത്താനായി ഏതാണ്ട് 30 വർഷമെടുക്കും. മുട്ടയിടാനുളള പ്രാപ്തിയാകുമ്പോൾ ജനിച്ച സ്ഥലമായ തീരത്ത് തന്നെ തിരികെ എത്തുമെന്ന പ്രത്യേകയുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വലിയവേളി പളളിക്കടുത്തുളള തീരത്തും കഴിഞ്ഞ മൂന്നാഴ്ച മുൻപ് ഇതേ വിഭാഗത്തിലുളള ആമ രാത്രിയോടെ മുട്ടയിടാനെത്തിയിരുന്നു. നാട്ടുകാരായ യുവാക്കൾ ഇത് കണ്ടിരുന്നു. തുടർന്ന് വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം കോർഡിനേറ്റർ അജിത് ശംഖുംമുഖത്തിന്റെ നിർദേശത്തെ തുടർന്ന് വലിയവേളി കടപ്പുറത്ത് സുരക്ഷിതമായ പ്രത്യേക മണൽക്കൂടൊരുക്കി അവയെ സംരക്ഷിച്ചിരിക്കുകയാണ്. 126 മുട്ടയോളം ഉണ്ടെന്നായിരുന്നു യുവാക്കൾ അറിയിച്ചത്. രണ്ടാഴ്ച കഴിയുമ്പോൾ ഇവയും വിരിയുമെന്നാണ് പ്രതീക്ഷയെന്ന് അജിത് പറഞ്ഞു.