ഏഴായിരത്തിലേറെ പ്രതിമകളും ശില്പങ്ങളുമായി പേട്ട മേലാംകോട് ഇശക്കിയമ്മൻ ക്ഷേത്രത്തിലെ മുഖ്യകാര്യദർശി കുട്ടുവീരശൈവയുടെ ബൊമ്മക്കൊലു. മണ്ണിലും ലോഹത്തിലുമുള്ള 7400 ശില്പങ്ങളടങ്ങിയ ബൊമ്മക്കൊലു ശക്തികൃപ എന്ന വീട്ടിലാണ് ഒരുക്കിയിരിക്കുന്നത്.

To advertise here,

വീടിന്റെ കവാടത്തിലും കാർ പോർച്ചിലും ഹാളിലും ഭക്ഷണ മേശയിലും എല്ലാം ബൊമ്മകളെ ക്രമീകരിച്ചിട്ടുണ്ട്. മൺബൊമ്മകൾക്കുപുറമേ പഞ്ചലോഹം, പിത്തള, ചെമ്പ് എന്നിവയിലുള്ളവയും കൂട്ടത്തിലുണ്ട്.

നാലുതലമുറകളായി കൈമാറിവന്ന ബൊമ്മകളും പത്തുവയസ്സുമുതൽ ശേഖരിച്ചവയുമാണിവ. 110 വർഷം പഴക്കമുള്ള ഗണപതിയും ചോറ്റാനിക്കര അമ്മയുടെയും ശില്പങ്ങൾ ഇതിലുണ്ട്. യാത്രകൾ പോകുമ്പോൾ വ്യത്യസ്തമായ ബൊമ്മകൾ കണ്ടാൽ വാങ്ങുമെന്ന് കുട്ടുവീരശൈവ പറയുന്നു. അതിനൊപ്പം ബൊമ്മകൾ നിർമിക്കുന്ന സ്ഥലങ്ങൾ അന്വേഷിച്ച് നേരിട്ട് അവിടെപ്പോയി വാങ്ങാറുണ്ടെന്നും അദ്ദേഹം പറയുന്നു. പ്രധാനമായി വേണ്ട മരപ്പാച്ചിയും കുംഭവും ശക്തികൃപയിലെ ബൊമ്മക്കൊലുവിലുണ്ട്. രക്തചന്ദനത്തിൽ ചെയ്തെടുക്കുന്ന ബൊമ്മകളാണ് മരപ്പാച്ചികൾ. ഗുരുപരമ്പര, വൈഷ്ണവ ലോകം, ഗണപതി-അമ്പാൾ ശേഖറം, കൽവി മണ്ഡപം, കുലദേവതാ അലങ്കാരമണ്ഡപം, ലോഹത്തിലുള്ള ചെറുരൂപങ്ങൾ, ലോഹത്തിലുള്ള ഗൊലു, പഴയ പിത്തളപ്പാത്രങ്ങൾ എന്നിവയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ചൈതന്യം അളക്കാനുള്ള നവധാന്യവും ബൊമ്മക്കൊലുവിനൊപ്പമുണ്ട്. 12 രാശികൾ, 18 സിദ്ധന്മാർ, 108 ഗണപതി എന്നിവ കൂടുതൽ ആകർഷകമാക്കുന്നു. രാവിലെ 6.30മുതൽ രാത്രി 12വരെ ഇവിടെ പ്രവേശനമുണ്ട്. വിജയദശമിദിനമായ ഒക്ടോബർ രണ്ടുവരെ കാണാം.