അണ്ണാ ഡി.എം.കെയുടെ അധികാരം പിടിക്കാന്‍ എളുപ്പത്തില്‍ കഴിയില്ലെന്ന് ബോധ്യപ്പെട്ടതോടെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ പുതിയ മുന്നണിയുണ്ടാക്കി മത്സരിക്കാനൊരുങ്ങി ശശികല പക്ഷം. ദിനകരന്റെ അമ്മാ മക്കള്‍ മുന്നേറ്റ കഴകത്തിന്റെ നേതൃത്വത്തിലാണ് സഖ്യം രൂപീകരിക്കുക. തിരഞ്ഞെടുപ്പിന് ശേഷം അണ്ണാ ഡി.എം.കെയെ വീണ്ടെടുക്കുമെന്ന് ടി.വി ദിനകരന്‍ വ്യക്തമാക്കുകയും ചെയ്തു.

To advertise here,

മുഖ്യമന്ത്രി സ്ഥാനം കയ്യിലുള്ള പളനിസ്വാമിയെ കീഴടക്കി അണ്ണാ ഡി.എം.കെ പിടിക്കുകയെന്ന ശ്രമകരമാണെന്ന വിലയിരുത്തലിലാണ് ശശികല. അതുകൊണ്ട് തിരഞ്ഞെടുപ്പ് കഴിയുംവരെ കാത്തിരിക്കാനാണ് ശശികലയുടെ ആലോചന. ഇതേ തുടർന്നാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ പുതിയ സഖ്യം രൂപീകരിച്ച് മത്സരിക്കുമെന്ന ദിനകരന്റെ പ്രസ്താവന. ഡി.എം.കെ സഖ്യത്തേയും അണ്ണാ ഡി.എം.കെ സഖ്യത്തേയും പരാജയപ്പെടുത്തിയ ശേഷം ഭരണത്തിലേറും. അണ്ണാ ഡി.എം.കെ വീണ്ടെടുക്കും. ദിനകരൻ പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐയുമായി സഖ്യം ചേർന്നുമത്സരിച്ച ദിനകരന്റെ അമ്മാ മക്കൾ മുന്നേറ്റ കഴകം നാലുശതമാനത്തോളം വോട്ടുനേടി. അണ്ണാ ഡി.എം.കെയുടെ ശക്തികേന്ദ്രങ്ങളിൽത്തന്നെയാണ് ദിനകരന് കൂടുതൽ വോട്ടുലഭിച്ചത്.