പാലക്കാട്: പാലക്കാട് ഒരു കല്യാണച്ചടങ്ങിനിടെ പരസ്പരം കണ്ടിട്ടും എൽഡിഎഫ് സ്ഥാനാർഥി ഡോ. പി. സരിന് കൈ കൊടുക്കാതെ ഷാഫി പറമ്പിൽ എംപിയും യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലും. ബിജെപി നേതാവ് നടേശന്റെ മകളുടെ വിവാഹച്ചടങ്ങിലായിരുന്നു സംഭവം. മുൻ കോൺഗ്രസ് നേതാവ് എ.വി. ഗോപിനാഥിന് ഇരുവരും കൈക്കൊടുക്കുകയും ആലിം​ഗനം ചെയ്യുകയും ചെയ്തെങ്കിലും സരിനെ മൈൻഡ് ചെയ്യാതെ പോകുകയായിരുന്നു.

To advertise here,

സരിൻ നിരവധി തവണ രാഹുലേ... എന്ന് വിളിച്ചിട്ടും രാഹുൽ കൈകൊടുക്കാതെ പോകുകയായിരുന്നു. മോശമാണ് രാഹുലെ എന്നും അയ്യയ്യയ്യേ എന്നും പറഞ്ഞ സരിൻ തനിക്കതിൽ കുഴപ്പമില്ലെന്നും ചുറ്റുമുള്ളവരോട് പറഞ്ഞു.

കല്യാണവേദിയിലെത്തിയ സരിന്‍ വധൂവരന്മാരെ കണ്ടു. പിന്നാലെ എ.വി. ഗോപിനാഥ് എത്തുകയും ഇരുവരും വധൂവരന്മാരെ കണ്ട് വേദിയില്‍നിന്ന് താഴേക്ക് ഇറങ്ങുമ്പോഴാണ് രാഹുലും ഷാഫിയും എത്തിയത്. ഷാഫിയും രാഹുലും എ.വി. ഗോപിനാഥിനെ അഭിവാദ്യംചെയ്‌തെങ്കിലും സരിനെ കണ്ടതായി നടിക്കാതെ മടങ്ങുകയായിരുന്നു.