രാഹുല്‍ ഗാന്ധിയുടെ പിന്‍ഗാമിയായി, ഗാന്ധി കുടുംബത്തിലെ ഇളമുറക്കാരി ഇനി വയനാടിനെ നയിക്കും. ബാലറ്റ് പെട്ടി പൊട്ടിക്കുംമുമ്പേ തന്നെ എതിരാളികള്‍ പോലും ഉറപ്പിച്ചതായിരുന്നു പ്രിയങ്കയുടെ വിജയം. ഒറ്റകാര്യത്തിലേ സംശയമുണ്ടായിരുന്നുള്ളു. ഭൂരിപക്ഷം എത്ര വരെ പോകുമെന്ന്. സഹോദരന്‍ രാഹുലിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷം മറികടക്കാനായില്ലെങ്കിലും തിളക്കമാര്‍ന്ന വിജയത്തോടെ പ്രിയങ്കയെ വയനാട്ടുകാര്‍ നെഞ്ചേറ്റിയിരിക്കുന്നു.

To advertise here,

തിരഞ്ഞെടുപ്പ് ഗോദയിലെ കന്നി അങ്കത്തില്‍ തന്നെ ജനഹൃദയം തൊട്ടറിഞ്ഞ വിജയം. പ്രിയങ്കയുടെ തേരോട്ടത്തില്‍ ഇടതുപക്ഷവും ബിജെപിയും ചിത്രത്തിലേ ഇല്ലായിരുന്നു. മണ്ഡലം രൂപീകൃതമായ 2009 മുതല്‍ കോണ്‍ഗ്രസ് കോട്ടയായ വയനാട്ടില്‍ ഇനി പ്രിയങ്കയുടെ കാലമാണ്.

2019ല്‍ വയനാട്ടില്‍ രാഹുലിനെ ഇറക്കിയ കോണ്‍ഗ്രസ് നീക്കം സര്‍പ്രൈസായിരുന്നെങ്കില്‍, രാഹുല്‍ രാജിവെച്ച ഒഴിവില്‍ പ്രിയങ്കയുടെ വരവ് പ്രതീക്ഷിച്ചിരുന്നതാണ്. പാതിവഴിയില്‍ രാഹുല്‍ മണ്ഡലം ഉപേക്ഷിച്ച് മടങ്ങിട്ടുപോലും ഗാന്ധി കുടുംബത്തിലും കോണ്‍ഗ്രസിലും അര്‍പ്പിച്ച വിശ്വാസം വയനാട്ടുകാര്‍ കൈവിട്ടില്ല. ലോക്സഭയില്‍ വയനാടിന്റെ ശബ്ദം ഇനി പ്രിയങ്കയാണ്. ദേശീയ രാഷ്ട്രീയത്തിലും ഇനിയങ്ങോട്ട് വയനാടിന്റെ പേര് ഉയര്‍ന്നുകേള്‍ക്കാം.