കോഴിക്കോട്: കവിതകേൾക്കാൻ, ആസ്വദിക്കാൻ ഭാവുകത്വമുണ്ടെങ്കിലേ പറ്റൂ. ഭാവനാത്മകമായി ഗ്രഹിക്കാനുള്ള ശേഷിയാണത്. മനുഷ്യൻ സൃഷ്ടിച്ചെടുത്ത ഏറ്റവും വലിയ അദ്ഭുതമാണ് ഭാവുകത്വമെന്ന് കല്പറ്റ നാരായണൻ‌ പറഞ്ഞു. ഫെബ്രുവരി ആറുമുതൽ ഒൻപതുവരെ തിരുവനന്തപുരത്ത് നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിനു മുന്നോടിയായി മാതൃഭൂമി ബുക്സ് ദേവഗിരി സെയ്ന്റ് ജോസഫ് കോളേജിൽ നടത്തിയ ‘വേഴ്സ് ആന്ഡ് വോയിസ്’ പരിപാടിയിൽ കാവ്യഭാഷയെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

ഒരുകാര്യം, കേവലം കാതുകൊണ്ട് കേൾക്കാനാണെങ്കിൽ ഭാഷ ഇന്സ്റ്റാൾചെയ്ത കാതുണ്ടായാല്മതി. പക്ഷേ, കവിതകേൾക്കാൻ അതുപോരാ. ഭാവുകത്വംകൂടി ഇൻസ്റ്റാൾചെയ്യണം. ഭാവുകത്വമില്ലെങ്കിൽ കർണാടിക് സംഗീതം വെറും ഒച്ചപ്പാടുമാത്രമായിപ്പോകും. നൃത്തവും അതുപോലെത്തന്നെ. എന്നാൽ, ചലനങ്ങളെ നൃത്തമാക്കുന്നത്, ഭാഷയെ സംഗീതമാക്കുന്നത് ഭാവുകത്വമാണ്. ഭാവനകൊണ്ടാണ് നമ്മൾ ഭക്ഷണംകഴിക്കുന്നത്. ചിലത് നല്ലതല്ലെന്ന് തിരിച്ചറിയുന്നത്, പലതിനേയും വിലക്കുന്നത് അതുകൊണ്ടാണ്. 

യുദ്ധദുരിതം ലോകംമുഴുവന് അനുഭവിക്കുന്നു. പലസ്തീനിൽ കുട്ടികൾ മരിക്കുന്നു. അത് സര്വമേഖലകളെയും മനസ്സിനെയും ബാധിക്കുന്നു. അങ്ങനെ അത് ലോകവ്യാപക ബോംബായി മാറുന്നു. ഒരുപക്ഷേ കവിത അങ്ങനെയാവുന്നുണ്ട്. ലോകംമുഴുവന് അത് വ്യാപിക്കും. 
ഓരോരുത്തരോടും സംസാരിക്കാന് പ്രത്യേകഭാഷയുള്ളതാണ് കവിത. എല്ലാവരും ഓരോതരത്തിൽ ഏകാകികളാണ്. ആരോടും പങ്കുവെക്കാത്ത ഏകാന്തത നമ്മളെ വ്രണപ്പെടുത്തിക്കൊണ്ടേയിരിക്കും. എം.ടി. വാസുദേവൻ നായർ ഓരോവ്യക്തിയോടും സംവദിച്ചു. അതുകൊണ്ടാണ് യുവാക്കൾക്ക് എം.ടി. അത്രമേൽ പ്രിയപ്പെട്ടയാളായത്. ഇന്ന് വായന കുറഞ്ഞുപോയി എന്ന് നിലവിളിക്കുന്നത് ശരിയല്ല. അതിന്റെ രീതി മാറി, ഫോർമാറ്റ് വലുതായി. 

ലോകത്തിലെത്തന്നെ ഏറ്റവുംമനോഹരമായ പദമാണ് ‘അസാധ്യം’ എന്നത്. പ്രാദേശികവാക്കുകൾ സമ്പന്നമാണ്. അത്തരത്തിൽ ഓർമ്മകളുള്ള വാക്കാണ് കവിതയ്ക്ക് നല്ലത്. അതിന് അടരുകളുണ്ടാവും. ബഷീറിന്റെ ‘പ്രേമലേഖന’ത്തില് എന്തുമനോഹരമായാണ് കേശവൻ നായർ സാറാമ്മയ്ക്ക് പ്രേമലേഖനം എഴുതുന്നത്. ഇന്നത്തെക്കാലത്ത് പ്രേമലേഖനം ഇല്ലാത്തത് സാംസ്കാരികനഷ്ടമാണ്. അതിസങ്കീർണമായ പ്രപഞ്ചമെന്ന പ്രതിഭാസത്തെ ആവിഷ്കരിക്കാൻ കവിതയ്ക്ക് കഴിയുമെന്നും കല്പറ്റ നാരായണന് കൂട്ടിച്ചേർത്തു. ദേവഗിരി കോളേജ് മലയാളവിഭാഗം മേധാവി ഡോ. സുനില് ജോസ് അധ്യക്ഷനായി. മാതൃഭൂമി കോഴിക്കോട് ബ്യൂറോ ചീഫ് കെ.കെ. അജിത്കുമാർ സംസാരിച്ചു.