“If you dream it, you can do it”- ലോക ചെസ് ചാമ്പ്യൻ ദൊമ്മരാജു ഗുകേഷിനെക്കുറിച്ച് പറയാൻ ഇതിലും മികച്ച വാക്കുകളില്ല. ചെസ് ലോകത്തിന്റെ നെറുകെയിൽ നിൽക്കുന്ന ഈ പതിനെട്ടുകാരൻ യാഥാർഥ്യമാക്കിയത് അവൻ കുഞ്ഞുനാളിൽ കണ്ട സ്വപ്നമാണ്. വർഷങ്ങളായി ലോകചാമ്പ്യനാകുകയെന്ന് സ്വപ്നത്തിന് പിറകെയായിരുന്നു ഈ പതിനെട്ടുകാരൻ. 

To advertise here,

പതിനൊന്നു വയസ്സുമാത്രമുള്ളപ്പോൾ ചെസ്ബേസ് ഇന്ത്യ സി.ഇ.ഒ സാ​ഗർ ഷായുമായി നടത്തിയ ഗുകേഷ് നടത്തിയ ഒരു അഭിമുഖത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വൈറൽ. എന്താണ് ആ​ഗ്രഹമെന്ന ചോദ്യത്തിന് തനിക്ക് ലോകത്തെ ഏറ്റവും പ്രായംകുഞ്ഞ ലോക ചെസ് ചാമ്പ്യനാകണമെന്ന് കുഞ്ഞ് ​ഗുകേഷ് ഉറച്ചശബ്ദത്തിൽ മറുപടി നൽകി. ആറുവർഷങ്ങൾക്കിപ്പുറം ആ യുവാവിന്റെ കഠിനാധ്വാനത്തിന്റെ ഫലംകൂടെയാണ് ഇന്ന് ലോകചെസിൽ മുഴങ്ങുന്നത്. 

ലോകചെസ് ചാമ്പ്യൻഷിപ്പിൽ ക്ലാസിക്കൽ രീതിയിലുള്ള അവസാന മത്സരത്തിൽ കറുത്ത കരുവുമായി കളിച്ചാണ് ഇന്ത്യയുടെ ഡി. ഗുകേഷ് നിലവിലെ ലോകചാമ്പ്യനായ ചൈനയുടെ ഡിങ് ലിറനെ മലയർ‌ത്തിയടിച്ചത്. ഈ ഗെയിം സമനിലയായിരുന്നെങ്കിൽ ടൈബ്രേക്കറായി റാപ്പിഡ് മത്സരവും അവിടെയും തുല്യനിലയിലായാൽ ബ്ലിറ്റ്സ് ഗെയിമിലേക്കും കടക്കുമായിരുന്നു. അവിടെ ഡിങ് ലിറന് മേധാവിത്വമുണ്ടെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് അവസാന റൗണ്ടിലെ അവസാന നിമിഷംവരെ പൊരുതി ഇന്ത്യൻ താരം വിജയം പിടിച്ചെടുത്തത്.

14 ഗെയിമുകളുള്ള ഫൈനലിൽ 13 മത്സരം പിന്നിടുമ്പോൾ ഇരുവരും തുല്യനിലയിലായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം നേടിയ ഒരു വിജയത്തോടെ ഗുകേഷ് ലോക ചാമ്പ്യനായപ്പോൾ ഡിങ് ലിറൻ മുൻ ലോകചാമ്പ്യൻ എന്ന മേൽവിലാസത്തിലേക്കുമാറി. ‌