മസ്‌കറ്റ്: ബെംഗളൂരുവിൽ നടന്ന 69-ാമത് എസ്.ജി.എഫ്.ഐ ദേശീയ സ്‌കൂൾ ഗെയിംസ് ചെസ് ചാമ്പ്യൻഷിപ്പ് 2025-26 ൽ ഇന്ത്യൻ സ്‌കൂൾ അൽ സീബ്, പ്ലസ് വൺ വിദ്യാർഥിയായ സി.എം. വേലവാ രാഘവേശ് മികച്ച നേട്ടം കൈവരിച്ചു. ഡിസംബർ 5 മുതൽ 7 വരെ നടന്ന മത്സരങ്ങളിൽ സി.ബി.എസ്.ഇ ടീമിനെ പ്രതിനിധീകരിച്ച വേലവാ ടീം ഗോൾഡ് മെഡലും വ്യക്തിഗത മികവിന് ബോർഡ് പ്രൈസ് ബ്രോൺസ് മെഡലും സ്വന്തമാക്കി.

To advertise here,

ദേശീയതലത്തിലെ ഏറ്റവും ശക്തമായ സ്‌കൂൾ ചെസ് വേദികളിലൊന്നായ എസ്.ജി.എഫ്.ഐ ചാമ്പ്യൻഷിപ്പിൽ ഈ ഇരട്ട വിജയം കൈവരിച്ചതോടെ, വേലവയുടെ ചെസ് ജീവിതത്തിൽ മറ്റൊരു സുപ്രധാന നാഴികക്കല്ലാണ് ചേർന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും സ്‌കൂൾ ബോർഡുകളിൽ നിന്നും മികച്ച പ്രതിഭകളെ ഒരുമിച്ചുകൂട്ടുന്ന മത്സരത്തിൽ, ശക്തരായ എതിരാളികളെ നേരിട്ട് ഈ വിജയം നേടാൻ അദ്ദേഹത്തിന് കഴിഞ്ഞത് അസാധാരണമായ നേട്ടമായാണ് കണക്കാക്കപ്പെടുന്നത്.

ഗൾഫ് മേഖലയും ഒമാനും ഉൾപ്പെടെ എസ്.ജി.എഫ്.ഐ ദേശീയ സ്‌കൂൾ ഗെയിംസ് ചരിത്രത്തിൽ ആദ്യമായാണ് ഒരു വിദ്യാർഥി ഒരേ മത്സരത്തിൽ ടീം ഗോൾഡും വ്യക്തിഗത ബോർഡ് മെഡലും ഒരുമിച്ച് നേടുന്നത്. ഈ അപൂർവ നേട്ടം വേലവയുടെ വിജയം ചരിത്രപ്രാധാന്യമുള്ളതാക്കുന്നു.

വേലവയുടെ നേട്ടത്തിൽ അഭിമാനമുണ്ടെന്ന് ഇന്ത്യൻ സ്‌കൂൾ അൽ സീബ് അധികൃതർ പറഞ്ഞു. അക്കാദമിക് മികവും കായിക പ്രതിഭയും ഒരുമിച്ച് കൈവരിക്കാനുള്ള മാതൃകയായാണ് സ്‌കൂൾ അധികൃതർ അദ്ദേഹത്തെ കാണുന്നത്. തുടർച്ചയായ പിന്തുണയ്ക്കും പ്രോത്സാഹനത്തിനും സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റിക്കും, പ്രിൻസിപ്പൽ അലക്‌സ് സി. ജോസഫ് പ്രത്യേക നന്ദി അറിയിക്കുന്നതായി വേലവയും പറഞ്ഞു.

ഫിസിക്കൽ എജ്യുക്കേഷൻ വിഭാഗം മേധാവി ഗണേശൻ എം, ചെസ് ഇൻചാർജ് ഡോ. ജാബിർ പി.കെ, സീനിയർ പി.ഇ. അധ്യാപകൻ ടോണി തോമസ്, മറ്റ് പി.ഇ. അധ്യാപകർ എന്നിവരുടെ മാർഗനിർദേശവും ഏകോപനവുമാണ് അക്കാദമിക്-കായിക പഠനങ്ങൾ വിജയകരമായി കൈകാര്യം ചെയ്യാൻ സഹായിച്ചതെന്നും സ്‌കൂൾ അധികൃതർ വ്യക്തമാക്കി.

ഒമാനിൽ സ്ഥിരമായി ചെസ് മത്സരങ്ങളും പരിശീലന ക്യാമ്പുകളും സംഘടിപ്പിക്കുന്ന ഒമാൻ ചെസ് കമ്മിറ്റിയോടും പ്രാദേശിക സംഘാടകരോടും പ്രത്യേക നന്ദിയും അഭിനന്ദനവും സ്‌കൂൾ അധികൃതർ രേഖപ്പെടുത്തി.