പാലക്കാട്: മുതലമടയില്‍ കോവിഡ് സ്ഥിരീകരിച്ചയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെയെല്ലാം കണ്ടെത്താനാകാത്തതില്‍ ആശങ്കയോടെ നാട്ടുകാര്‍. രോഗം സ്ഥിരീകരിക്കുന്നതിന് തൊട്ടുമുമ്പ് വരെ ഇയാള്‍ മുതലമടയിലെ കടത്തിണ്ണകളിലും ആശുപത്രി പരിസരത്തുമാണ് കഴിഞ്ഞിരുന്നത്. കേരളത്തില്‍ സ്ഥിരതാമസമല്ലാത്ത ഇയാള്‍ കേരളത്തിലെത്തിയത് സംബന്ധിച്ചും അവ്യക്തത തുടരുകയാണ്. 

To advertise here,

പ്രദേശത്തെ നിരവധി വീടുകളില്‍ ജോലിക്കായി ഇയാള്‍ എത്താറുണ്ട്. സ്വന്തമായി താമസസ്ഥലം ഇല്ലാത്തതിനാല്‍ സമൂഹ അടുക്കളയില്‍ നിന്നും സന്നദ്ധ പ്രവര്‍ത്തകരില്‍ നിന്നും ഭക്ഷണം വാങ്ങിക്കഴിക്കാറുമുണ്ട്. മുതലമട പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പരിസരത്താണ് താമസിച്ചിരുന്നത്. അതുകൊണ്ട് തന്നെ സമ്പര്‍ക്കപ്പട്ടിക പൂര്‍ണമായി കണ്ടെത്താന്‍ സാധിക്കാതിരിക്കുന്നത് ആശങ്കവര്‍ധിപ്പിക്കുന്നു. രോഗം സ്ഥിരീകരിച്ചയാള്‍ പ്രാഥമിക കേന്ദ്രത്തില്‍ പോയിരുന്നതിനാല്‍ അന്നേ ദിവസം അവിടെ ഉണ്ടായിരുന്ന ഡോക്ടര്‍, നഴ്‌സ്, എംഎല്‍എ, എംപി, പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നിവരും നീരിക്ഷണത്തിലാണ്.