എന്നെ ഗതാഗത മന്ത്രിയാക്കൂ, 20 ടയറുകൾ വെക്കാന്‍ ഞാൻ അനുമതി തരാം; മല്ലു ട്രാവലറും വിവാദത്തിൽ
ട്രാഫിക് നിയമലംഘനങ്ങൾ പ്രോത്സാഹിപ്പിച്ചതിന്റെ പേരിൽ വിവാദത്തിലായിരിക്കുകയാണ് മലയാളി വ്ലോഗർ സഹോദരൻമാരായ ഇ ബുള്‍ജെറ്റ് ലിബിനും, എബിനും. ട്രാഫിക് നിയമങ്ങൾ ലംഘിച്ച് തങ്ങളുടെ വാഹനത്തിൽ മോഡിഫിക്കേഷനുകൾ വരുത്തിയതിന് പിഴയീടാക്കിയ എംവിഡിയ്ക്കെതിരെ ഓഫീസിൽ ചെന്ന് പ്രതിഷേധിച്ച ഇരുവരും ഇപ്പോൾ കേസിൽ പെട്ടിരിക്കുകയാണ്. വിവിധ കുറ്റങ്ങൾ ചുമത്തിയാണ് ഇവർക്കെതിരെ എംവിഡി റിപ്പോർട്ട് നൽകിയിരിക്കുന്നത്.
ഈ പശ്ചാത്തലത്തിലാണ് മറ്റൊരു മലയാളി വ്ലോഗറായ മല്ലു ട്രാവലർ ഷാക്കിർ സുബ്മാന്റെ ഒരു വീഡിയോ വൈറലാവുന്നത്. തന്നെ കേരളത്തിലെ ഗതാഗത മന്ത്രിയാക്കിയാൽ വാഹനത്തിൽ പത്തോ ഇരുപതോ ടയറുകൾ ഘടിപ്പിക്കാനും ഇഷ്ടമുള്ള നിറം പെയിന്റടിക്കാനുമെല്ലാം അനുമതി നൽകാമെന്ന് മല്ലു ട്രാവലർ പറയുന്നു.
ആമിന എന്ന് വിളിക്കുന്ന തന്റെ ബൈക്ക് നാട്ടിലേക്ക് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് നേരത്തെ പങ്കുവെച്ച ഒരു ലൈവ് വീഡിയോയിലാണ് തന്റെ ആരാധകരോട് ഷാക്കിർ ഇക്കാര്യം പറയുന്നത്. താൻ പണം കൊടുത്ത് വാങ്ങി ടാക്സ് അടയ്ക്കുന്ന വണ്ടി മോഡിഫിക്കേഷൻ വരുത്താൻ എനിക്ക് അവകാശമില്ലേ എന്ന് ചോദിക്കുന്ന ഷാക്കിർ അധികാരികളോട് പോയി പണിനോക്കാൻ പറ എന്നും വീഡിയോയിൽ വെല്ലുവിളിക്കുന്നു.
എന്റെ ബൈക്കിൽ 70 ശതമാനത്തോളം മോഡിഫിക്കേഷനാണ്. എറണാകുളത്ത് നിന്നും താൻ അത് ഓടിച്ച് തന്നെ കൊണ്ടുവരും. തന്റെ വണ്ടിയ്ക്കെതിരെ നടപടി സ്വീകരിക്കുന്ന എംവിഡി ആയിരിക്കും ഏറ്റവും കേരളത്തിൽ ഏറ്റവും കൂടുതൽ നാണം കെടുന്നത്. അഞ്ച് രാജ്യങ്ങളിൽ സഞ്ചരിച്ചിട്ടും ഒന്നും സംഭവിച്ചില്ല. കേരളത്തിൽ എത്തിയിട്ട് പിടിച്ചാൽ അതിന് എന്താണ് പറയേണ്ടത്. കേരളത്തിലെ ഗതാഗത മന്ത്രിയാക്കിയാൽ ഇഷ്ടമുള്ളപോലെ മോഡിഫിക്കേഷൻ വരുത്താൻ താൻ നിയമം കൊണ്ടുവരുമെന്നും ഷാക്കിർ പറഞ്ഞു.
ഇ ബുൾ ജെറ്റ് വിവാദത്തിനിടെയാണ് ഈ പഴയ വീഡിയോ വീണ്ടും സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ഈ വീഡിയോ ഒരു വർഷം മുമ്പുള്ളതാണെന്നും. ഇതുമായി ബന്ധപ്പെട്ട് എംവിഡിയ്ക്ക് മറുപടി നൽകിയിരുന്നുവെന്നും അടുത്തിടെ പങ്കുവെച്ച വീഡിയോയിൽ ഷാക്കിർ പറയുന്നുണ്ട്. അതേസമയം ആമിന എന്ന ബൈക്കിൽ അടുത്ത ലോക പര്യടനത്തിന് തയ്യാറെടുക്കുകയാണ് ഷാക്കിര്‍.
Published: 11 Aug 2021, 08:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented