ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ ദീപാവലി ആഘോഷങ്ങള്‍ക്കിടെ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം. ചൊവ്വാഴ്ച രാത്രി കാമ്പസില്‍ നടന്ന ദീപാവലി ആഘോഷങ്ങള്‍ക്കിടെയാണ് ഇരുവിഭാഗം വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. 

To advertise here,

എ.ബി.വി.പി.യുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ കലാ മഞ്ചി(ആര്‍.കെ.എം)ന്റെ നേതൃത്വത്തിലാണ് ചൊവ്വാഴ്ച രാത്രി ദീപാവലി ആഘോഷം സംഘടിപ്പിച്ചിരുന്നത്. ഇതിനിടെ ചില വിദ്യാര്‍ഥികള്‍ ആഘോഷപരിപാടികള്‍ തടസപ്പെടുത്തിയെന്നും തുടര്‍ന്ന് തര്‍ക്കമുണ്ടായെന്നുമാണ് റിപ്പോര്‍ട്ട്. കാമ്പസില്‍ കഴിഞ്ഞദിവസമുണ്ടായ സംഘര്‍ഷം സര്‍വകലാശാലയിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തന്നെ ഇടപെട്ട് പരിഹരിച്ചിരുന്നു. 

അതേസമയം, വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായതിന്റെ പശ്ചാത്തലത്തില്‍ കാമ്പസിന് പുറത്ത് വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാത്രിയിലെ സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ പരാതിയൊന്നും ലഭിച്ചില്ലെന്നാണ് പോലീസിന്റെ പ്രതികരണം. ബുധനാഴ്ച രാത്രി 'ദീപ് മഹോത്സവ്' എന്ന പേരില്‍ വീണ്ടും ദീപാവലി ആഘോഷം സംഘടിപ്പിക്കുമെന്ന് എ.ബി.വി.പി. അറിയിച്ചു. ഈ സാഹചര്യത്തില്‍ സുരക്ഷാ മുന്‍കരുതലെന്നനിലയിലാണ് പോലീസ് സംഘം കാമ്പസിന് പുറത്ത് നിലയുറപ്പിച്ചിരിക്കുന്നത്. അതിനിടെ, കാമ്പസിന് പുറത്ത് സംഘടിച്ച ചിലരെ പോലീസ് ലാത്തിവീശി ഓടിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞദിവസം രാത്രി കാമ്പസിലുണ്ടായ തര്‍ക്കത്തിന്റെ ചില ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.