ഓണ്‍ലൈന്‍ ക്ലാസിനിടെ വിദ്യാര്‍ത്ഥികളെ ചീത്ത വിളിയിക്കുകയും അലറിവിളിച്ച് സംസാരിക്കുകയും ചെയ്ത ഖരഗ്പുര്‍ ഐ.ഐ.ടിയിലെ പ്രൊഫസര്‍ സീമ സിങ്ങിനെതിരെ വ്യാപക പ്രതിഷേധം. ഇവരെ ജോലിയില്‍നിന്ന് പുറത്താക്കണമെന്ന ആവശ്യവുമായി ഖരഗ്പുര്‍, ബോംബെ, മദ്രാസ്, റൂര്‍ക്കി ഐ.ഐ.ടികളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ തുറന്ന കത്തുമായി രംഗത്തെത്തി. 

To advertise here,

എസ്.സി./എസ്.ടി. വിഭാഗക്കാര്‍ക്കായി ഐ.ഐ.ടികളില്‍ നടത്തിവരുന്ന ഒരു വര്‍ഷത്തെ പ്രിപ്പറേറ്ററി ഇംഗ്ലീഷ് കോഴ്‌സ് ക്ലാസിനിടയ്ക്കായിരുന്നു. പ്രൊഫസറുടെ ചീത്തവിളി. വിദ്യാര്‍ത്ഥികളെ 'ബ്ലഡി ബാ*****സ്' എന്ന് വിളിക്കുന്ന വീഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. 

അധ്യാപികയുടെ പെരുമാറ്റം ഞെട്ടിക്കുന്നതാണെന്ന് തുറന്ന കത്തില്‍ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ പറഞ്ഞു.  ദേശീയ ഗാനത്തിനിടെ എഴുന്നേറ്റ് നില്‍ക്കാത്തതിനാണ് ഈ ചീത്തവിളി. വിദ്യാര്‍ത്ഥികളെ പേരെടുത്ത് വിളിച്ച് ചീത്തപറയുന്നതിന്റേയും വിദ്യാര്‍ത്ഥികളെ ബാ****സ് എന്നും നാണമില്ലാത്ത വര്‍ഗമെന്നും വിളിക്കുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കാണാം. 

"നാണമില്ലാത്ത ജീവികള്‍, ദേശീയഗാനത്തിന് വെറും രണ്ട് മിനിറ്റ് എഴുന്നേറ്റ് നില്‍ക്കാന്‍ നിങ്ങള്‍ക്കാവില്ല. ബ്ലഡി ബാ***സ്, നിങ്ങളുടെ രക്ഷിതാക്കളെ പറഞ്ഞാല്‍ മതി, അവരെയാണ് ഞാനിത് വിളിക്കുന്നത്, നിങ്ങള്‍ക്ക് നാണമില്ലേ?" സീമ സിങിന്റെ വാക്കുകള്‍ ഇങ്ങനെയാണ്. 

"ഞാന്‍ ചെയ്യേണ്ടത് ഞാന്‍ ചെയ്യും, ഈ ഭൂമിയിലെ ഒന്നിനും അതില്‍ നിന്നെന്നെ തടുക്കാന്‍ കഴിയില്ല. നിങ്ങള്‍ വനിതാ ശിശുക്ഷേമ മന്ത്രാലയത്തില്‍ പോവൂ,  എസ്.സി./എസ്.ടി. ന്യൂനപക്ഷ മന്ത്രാലയത്തില്‍ പോവൂ.  ഞാന്‍ നിങ്ങളെ എന്ത് ചെയ്താലും അത് ചെയ്യുന്നതില്‍ നിന്നും ആര്‍ക്കും എന്നെ തടയാനാവില്ല. ഹെലോ, ബ്ലഡി ബാ***സ് വ്യക്തമായോ?"- മറ്റൊരു വീഡിയോ ക്ലിപ്പിലെ ചീത്തവിളി ഇങ്ങനെയാണ്.

മുത്തച്ഛന്‍ മരിച്ചതിനാല്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിയാത്തത് പ്രകടിപ്പിക്കുന്ന ഒരു ഇ മെയില്‍ അയച്ചതിന് ഒരു വിദ്യാര്‍ത്ഥിയെ ശാസിക്കുന്നതാണ് മൂന്നാമത്തെ വീഡിയോയിലുള്ളത്. 

ഇതിനകംതന്നെ ഐ.ഐ.ടികള്‍ ദളിത്, ആദിവാസി, പിന്നോക്ക ജാതി വിദ്യാര്‍ത്ഥികള്‍ക്ക് വിരുദ്ധമാണ്. പ്രൊഫസര്‍ സീമ സിങ് ഒരു പതിവ് കുറ്റവാളിയാണെന്നും തന്റെ ജാതീയതയില്‍ വിശ്വസിക്കുകയും നിയന്ത്രണമില്ലാതെ അധിക്ഷേപിക്കുകയും ചെയ്യുന്നുവെന്നും വീഡിയോകളില്‍നിന്ന് വ്യക്തമാണെന്നും അത് അനുവദിക്കാനാവില്ലെന്നും പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. 

അതേസമയം, സംഭവത്തില്‍ പ്രൊഫസര്‍ മാപ്പപേക്ഷിച്ച് കത്തയച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ ഐ.ഐ.ടി. ഖരഗ്പുര്‍ അന്വേഷണം നടത്തുന്നുണ്ട്.