ക്ലാസിക്കല്‍ ഗുകേഷ്; ആനന്ദിനു ശേഷം ഇന്ത്യയ്ക്കിതാ മറ്റൊരു ലോക ചാമ്പ്യന്‍
18 ദിവസങ്ങളും 14 ക്ലാസിക്കല്‍ ഗെയിമുകളും നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇന്ത്യയുടെ ദൊമ്മരാജു ഗുകേഷ് ലോക ചെസ് ചാമ്പ്യന്‍. കറുത്ത കരുക്കളുമായി നിര്‍ണായകമായ 14-ാം ഗെയിമില്‍ നിലവിലെ ലോക ചാമ്പ്യന്‍ ചൈനയുടെ ഡിങ് ലിറനെ പരാജയപ്പെടുത്തിയാണ് 18-കാരനായ ഗുകേഷിന്റെ ചരിത്ര നേട്ടം. വിശ്വനാഥന്‍ ആനന്ദിനു ശേഷം ലോക ചെസ് ചാമ്പ്യനാകുന്ന രണ്ടാമത്തെ ഇന്ത്യക്കാരനെന്ന നേട്ടവും ഇനി ഗുകേഷിന് സ്വന്തം. ലോക ചെസ് ചാമ്പ്യനാകുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമെന്ന റെക്കോഡും ഇനി ഗുകേഷിന്റെ പേരിലാണ്. ചെസ് ഇതിഹാസം ഗാരി കാസ്പറോവിന്റെ ഇരുപത്തിരണ്ടാംവയസ്സിലെ ലോകകിരീടനേട്ടമാണ് ഗുകേഷ് പഴങ്കഥയാക്കിയത്. ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ചാലഞ്ചര്‍ കൂടിയായിരുന്നു ഇന്ത്യയുടെ ഈ 18-കാരന്‍ പയ്യന്‍. 11-ാം വയസില്‍ തനിക്ക് ലോക ചെസ് ചാമ്പ്യനാകണമെന്ന് ഉറക്കെ പ്രഖ്യാപിച്ച പയ്യന്റെ ഉറച്ച വാക്കുകളെ സംശയിച്ചവര്‍ക്കുള്ള ഗുകേഷിന്റെ മറുപടിയായി ഈ വിജയം. സിംഗപ്പൂരിലെ റിസോര്‍ട്‌സ് വേള്‍ഡ് സെന്റോസയില്‍ പിറന്നത് ഇന്ത്യന്‍ ചെസ്സിന്റെ പുതു ചരിത്രമാണ്.
ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ ഗെയിമില്‍ തന്നെ 42 നീക്കങ്ങള്‍ക്കൊടുവില്‍ ഡിങ് ലിറനോട് തോല്‍വി വഴങ്ങിയ ഗുകേഷിന്റെ ശക്തമായ തിരിച്ചുവരവിനാണ് പിന്നീട് സിംഗപ്പുരിലെ വേദി സാക്ഷിയായത്. സമനിലയായ രണ്ടാം ഗെയിമിന് ശേഷം മൂന്നാം ഗെയിമില്‍ ലിറനെതിരേ വിജയത്തോടെ ഒപ്പത്തിനൊപ്പം. പിന്നീട് തുടര്‍ച്ചയായ 7 ഗെയിമുകളില്‍ സമനില. 11-ാം ഗെയിം ജയിച്ച് ലിറനെ പിന്നിലാക്കിയെങ്കിലും 12-ാം ഗെയിമിലെ പരാജയം തിരിച്ചടിയായി. പിന്നീട് മുന്‍തൂക്കം ലഭിച്ചിട്ടും 13-ാം ഗെയിം സ്വന്തമാക്കാന്‍ സാധിക്കാത്തതിന്റെ നിരാശയുണ്ടായിരുന്നു ഗുകേഷിന്. ഒടുവില്‍ 14-ാം ഗെയിമില്‍ ഇന്ത്യ കാത്തിരുന്ന ആ ചരിത്രം പിറന്നു.
ലോക ചാമ്പ്യന്‍ഷിപ്പിന്റെ 138 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് രണ്ട് ഏഷ്യന്‍ താരങ്ങള്‍ കിരീടത്തിനായി മത്സരിച്ചത്. അതില്‍ വിശ്വനാഥന്‍ ആനന്ദിനു ശേഷം ഇന്ത്യയ്ക്ക് മറ്റൊരു ലോകചാമ്പ്യനെ ലഭിച്ചിരിക്കുന്നു.
Content Highlights: 18-year-old Gukesh Drommaraju defeats Ding Liren to become World Chess Champion
Published: 12 Dec 2024, 08:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented