എഴുപത് കഴിയുമ്പോൾ കഴുത്തറുത്ത് ഇറച്ചിക്കച്ചവടത്തിന് ഇറക്കാനുള്ളവരല്ല ഞങ്ങൾ- ജി സുധാകരൻ
ഒരു പി.ആർ വർക്കുമില്ലാതെ ആലപ്പുഴ എവിടെനിന്നാലും താൻ ജയിക്കുമെന്ന് മുതിർന്ന സിപിഎം നേതാവ് ജി.സുധാകരൻ. 62 വർഷം രാഷ്ട്രീയപ്രവർത്തനം നടത്തിയ എന്നെ ആലപ്പുഴക്കാർക്കറിയാമെന്ന് അതിന് മറ്റൊരു പി. ആർ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ദിവസങ്ങൾക്ക് മുൻപ് മാതൃഭൂമി ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിലാണ് സുധാകരൻ രൂക്ഷമായി പ്രതികരിച്ചത്
'പത്തിരുപത് വർഷം എംഎൽഎയും പിന്നീട് മന്ത്രി, സംസ്ഥാനസമിതിയിൽ 42 വർഷം, രണ്ട് തവണ ജില്ലാ സെക്രട്ടറി, ജില്ലാ കൗൺസിൽ പ്രസിഡന്റ് എന്നീ നിലകളിലെല്ലാം പ്രവർത്തിച്ച, എഴുപത് വയസ്സ് കടന്ന എന്നോട് കഴിഞ്ഞ അഞ്ച് വർഷക്കാലം ഇവരെന്താ കാണിച്ചത്? ഫേസ്ബുക്കിലൂടെ പാർട്ടി പ്രവർത്തകർ അപമാനിച്ചപ്പോൾ ആരെങ്കിലും ചോദ്യം ചെയ്‌തോ? അമ്പലപ്പുഴ ലോക്കൽ കമ്മിറ്റി മെമ്പർ മിഥുൻ അടക്കം നിരവധി പേർ അപമാനിച്ചു. അമ്പലപ്പുഴ അല്ലാതെ മറ്റെവിടെയെങ്കിലും ഇതൊക്കെ നടക്കുമോ? അതാണ് ഈ ചെയ്ത സേവനത്തിനെല്ലാം അവരെനിക്ക് തന്ന ബഹുമാനം.
കേവലമൊരു എം.എൽ.എ സ്ഥാനത്തിന് വേണ്ടി പാർട്ടിയിൽ ചേർന്നയാളല്ല ഞാൻ. അമ്പത് വയസ്സിലാ ഞാനൊരു എം.എൽ.എ ആയത്. 1964-ൽ പാർട്ടിയിൽ ചേർന്ന ഞാൻ 1996ൽ മാത്രമാണ് എം.എൽ.എ ആയത്. ഞാൻ ക്ഷമയോടെയല്ലേ നിന്നത്? ഇതൊക്കെ വിലയിരുത്തണം. വിലയിരുത്തിയില്ലെങ്കിൽ ഞാൻ സ്വയം ചെയ്യും. കാരണം, പണ്ട് വി.എസ് പറഞ്ഞപോലെ ഞാനൊരു പോരാളിയാണ്. ഇത്ര വയസ്സു കഴിഞ്ഞാൽ വീട്ടിൽ പോയി ഇരിക്കണം എന്നൊന്നുമില്ല. എഴുപത് വയസ്സ് കഴിയുമ്പോൾ കഴുത്തറുത്ത് ഇറച്ചിക്കച്ചവടത്തിന് ഇറക്കാനുള്ളവരല്ല ഞങ്ങൾ. രാഷ്ട്രീയം സിരകളിൽ ഓടുന്നവരാണ് ഞങ്ങളൊക്കെ. ചെറിയ ചിലതെറ്റുകൾ സംഭവിച്ചിട്ടുണ്ടാകാം. അത് മുതലെടുക്കാൻ ആരും ശ്രമിക്കണ്ട.എന്നോട് അന്യായം കാണിച്ചുവെന്ന തോന്നൽ ജനങ്ങൾക്കുണ്ട്. ആലപ്പുഴയിൽ മാത്രമല്ല കേരളത്തിലെ ജനങ്ങൾക്കിടയിലാകെ ആ തോന്നലുണ്ട്.
പാർട്ടിക്കകത്തുള്ളവർ തന്നെ ചോദിക്കുകയാണ് നിങ്ങൾ കോൺഗ്രസിലോ ബിജെപിയിലോ പൊയ്ക്കൂടേ എന്ന്. ഞങ്ങൾ കുറച്ച് പേര് മതിയെന്ന തോന്നലാണ് കുറേപേർക്ക്. പ്രസ്ഥാനമോ പ്രത്യയ ശാസ്ത്രമോ അറിയാത്ത അവർ കഴിഞ്ഞ അഞ്ചുവർഷക്കാലമായി എന്നെ അപമാനിക്കുകയാണ്. ഞാനെന്തെങ്കിലും പറഞ്ഞോ? ഈ ജില്ലയിലെ ഏത് സീറ്റിൽനിന്നാലും ഞാൻ ജയിക്കും. 62 വർഷം രാഷ്ട്രീയപ്രവർത്തനം നടത്തിയ എന്നെ ആലപ്പുഴക്കാർക്കറിയാം. എനിക്കൊരു പി.ആർ വർക്കും വേണ്ട. 2020 മുതൽ പല മോശം പ്രവണതകളും പാർട്ടിയിലുണ്ട്. സ്ഥാനമാനങ്ങളല്ലാതെ മറ്റൊരു ലക്ഷ്യവും അവർക്കില്ല' അദ്ദേഹം പറഞ്ഞു
Watch Full Video
Published: 04 Mar 2026, 03:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented