മണ്ണുമാന്തിയന്ത്രം തട്ടി വയർ പിളർന്ന മൂർഖനെ ശസ്ത്രക്രിയയിലൂടെ രക്ഷപ്പെടുത്തി
കാസർകോട്: മണ്ണുനീക്കുന്നതിനിടെ മണ്ണുമാന്തി യന്ത്രത്തിന്റെ ലോഡർ ബക്കറ്റ് തട്ടി വയർ പിളർന്ന മൂർഖൻ പാമ്പിനെ ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ ശസ്ത്രക്രിയയിലൂടെ രക്ഷപ്പെടുത്തി. ഉപ്പളയിൽനിന്ന് സ്നേക്ക് റെസ്ക്യൂവറായ അബ്ദുൾറഹ്മാനാണ് അവശനിലയിലായ പാമ്പിനെ കാസർകോട് വനം റേഞ്ച് ഒാഫിസിലെത്തിച്ചത്. തുടർന്ന് വനംവകുപ്പ് അധികൃതരുടെ നിർദേശ പ്രകാരം മൂർഖനെ ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെത്തിച്ച് അടിയന്തര ചികിത്സ നൽകുകയായിരുന്നു.
വെറ്ററിനറി കേന്ദ്രത്തിലെത്തിക്കുമ്പോൾ പാമ്പിന്റെ കുടൽ കീറിയനിലയിലായിരുന്നു. ആന്തരികാവയവങ്ങൾ പുറത്തുവന്നിട്ടുമുണ്ടായിരുന്നു. കുടൽ തുന്നിച്ചേർത്തശേഷം ഇതും പുറത്തുവന്ന മറ്റ് ആന്തരികാവയവങ്ങളും ഉള്ളിലാക്കി തുന്നലിട്ടു. തുടർന്ന് ആന്റിബയോട്ടിക്ക് മരുന്നും വേദനസംഹാരിയും നൽകി. അവശനിലയിലായിരുന്ന പാമ്പിന്റെ നില ശസ്ത്രക്രിയ കഴിഞ്ഞതോടെ മെച്ചപ്പെട്ടതായി ഡോക്ടർമാർ പറഞ്ഞു.
ജില്ലാ മൃഗസംരക്ഷണ ഡെപ്യൂട്ടി ഡയറക്ടറുടെ ചുമതല വഹിക്കുന്ന ചീഫ് വെറ്ററിനറി ഒാഫിസർ ഡോ.ബീറ്റു ജോസഫിന്റെ നിർദ്ദേശപ്രകാരം വെറ്ററിനറി സർജൻമാരായ ഡോ.കെ.എസ്.ശ്രുതി, ഡോ.സൂര്യ സുരേന്ദ്രൻ എന്നിവരാണ് ശസ്ത്രക്രിയ നടത്തിയത്. എക്സറേ ടെക്നീഷൻ നിഷിതയും സഹായിച്ചു. ഭേദമാകുന്നതുവരെ വനം റേഞ്ച് ഒാഫിസിലെ തുറന്ന കൂട്ടിലാണ് പാമ്പിനെ സൂക്ഷിക്കുക. പാമ്പ് വെള്ളം കുടിച്ചുതുടങ്ങിയതായി ഇതിനെ പരിപാലിക്കുന്ന സ്നേക്ക് റെസ്ക്യൂവർ സുബ്രഹ്മണ്യ പറഞ്ഞു.
Content Highlights: Kasaragod Vet Center Successfully Operates on Severely Injured Cobra
Published: 04 Feb 2026, 09:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented