10 വര്‍ഷമായി ശൗചാലയമില്ലാതെ ഒരു സര്‍ക്കാര്‍ ഓഫീസ്; നിലംപൊത്താറായ കെട്ടിടത്തില്‍ ഭീതിയോടെ ജീവനക്കാര്‍
കൊല്ലം: വനിതാ ജീവനക്കാര്‍ ജോലി ചെയ്യുന്നതും വനിതകള്‍ ദിവസവും വന്നു പോകുന്നതുമായ കൊല്ലം ജില്ലാ കനാല്‍ ഓഫീസില്‍ പത്തുവര്‍ഷമായി ശൗചാലയമില്ല. സാനിറ്ററി പാഡ് മാറ്റാനും മൂത്രമൊഴിക്കാനും വനിതാ ജീവനക്കാര്‍ക്ക് നഗരത്തിലെ കടകളിലോ വീടുകളിലോ പോകേണ്ട ഗതികേടിലാണ്.തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ നിന്ന് വന്നുപോകുന്ന ജീവനക്കാരി വരെയുണ്ട്. പല തവണ പല സംഘടനകള്‍ പരാതി കൊടുത്തെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിനാണ്, ഓഫീസിന്റെ അറ്റകുറ്റപ്പണിയുടെ ചുമതല. ഒരുവര്‍ഷം മുമ്പ് കെട്ടിടം നന്നാക്കണമെന്ന് കാട്ടി ജില്ലാകളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടും ഫലമുണ്ടായില്ല.
കല്ലുപാലത്തിന് സമീപം കൊല്ലംതോടിന്റെ തീരത്തുള്ള കനാല്‍ ഓഫീസ് കെട്ടിടത്തിന് 60 വര്‍ഷത്തിലേറെ പഴക്കമുണ്ട്. അറ്റകുറ്റപ്പണി ചെയ്യാത്തതിനാല്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് ചോര്‍ന്നൊലിക്കുകയാണ്. അലമാരകള്‍ ചോര്‍ച്ചയില്ലാത്ത ഭാഗത്തേക്ക് മാറ്റിവച്ചാണ് രേഖകള്‍ സംരക്ഷിക്കുന്നത്. വലഞ്ഞു ഭിത്തിയില്‍ ഈര്‍പ്പം പടര്‍ന്ന് അപകടാവസ്ഥയിലായിട്ട് വര്‍ഷങ്ങളായി. അഴിയില്ലാത്ത ജനാലകളും പൊളിഞ്ഞ് വീഴാറായി.ചുറ്റും വളര്‍ന്ന കാട് മേല്‍ക്കൂരയ്ക്ക് മുകളിലെത്തിയിട്ടുണ്ട്. യന്ത്രം പിടിപ്പിക്കാത്ത ജലയാനങ്ങളുടെ ലൈസന്‍സും ഫിറ്റ്‌നസും കൈകാര്യം ചെയ്യുന്ന ഓഫീസായതിനാല്‍ ടൂറിസം പദ്ധതികളുമായി ബന്ധപ്പെട്ട് ഒട്ടേറെപ്പേര്‍ ദിവസവുമെത്താറുള്ളതാണ്.ശൗചാലയം നവീകരിക്കണമെന്നും യൂറിനറി ട്രാക്ട് ഇന്‍ഫെക്ഷന്‍ ഉള്‍പ്പെടെ ജീവനക്കാര്‍ക്കു പിടിപെടാന്‍ സാധ്യതയുണ്ടെന്ന് കാട്ടി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് വിമന്‍ വെല്‍ ഫെയര്‍ ഫോറം രണ്ടുതവണ പരാതി നല്‍കി.പരിഹരിക്കണമെന്ന് നിര്‍ദേശിച്ച് പരാതി താഴേക്ക് വിട്ടെങ്കിലും ഉദ്യോഗസ്ഥര്‍ വിലവച്ചില്ല.
ഓഫീസിനുള്ളില്‍ പത്തിവിടര്‍ത്തി മൂര്‍ഖന്‍
കനാല്‍ ഓഫീസറുടെ സീറ്റിന് പിന്നിലെ ജനലയിലൂടെ അടുത്തകാലത്ത് മൂര്‍ഖന്‍ പാമ്പ് ഓഫീസിനുള്ളില്‍ കയറി. പത്തി വിടര്‍ത്തി നിന്ന പാമ്പിനെ ജീവനക്കാര്‍ പണിപ്പെട്ടാണ് ഓടിച്ചുവിട്ടത്. അതുകഴിഞ്ഞ് ആ ജനാല തുറക്കാതെയായി. പരിസരം വൃത്തിയാക്കാന്‍പോലും ജലവിഭവ വകുപ്പ് ശ്രദ്ധിക്കാറില്ല. സീനിയര്‍ ക്ലാര്‍ക്ക്, പാര്‍ട് ടൈം സ്വീപ്പര്‍, ഫീല്‍ഡ് വര്‍ക്കര്‍മാര് എന്നിങ്ങനെ അഞ്ചു ജീവനക്കാരാണ് ഓഫിസിലുള്ളത്.ജലവിഭവ വകുപ്പിന് കീഴിലാണെങ്കിലും കനാല്‍ ഓഫീസില്‍ കുടിവെള്ള സൗകര്യമില്ലെന്നതാണ് യാഥാര്ഥ്യം.
Content Highlights: Kollam Canal Office: A Decade Without Toilets, Employees Forced to Seek Facilities Elsewhere
Published: 11 Oct 2025, 09:59 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented