മഹാഭാരതത്തെക്കുറിച്ചും മഹാത്മാഗാന്ധിയെക്കുറിച്ചും ഒരേ വികാരവായ്‌പോടെ സംസാരിക്കുന്നയാള്‍. ശ്രീനാരായണ ഗുരുവിനെയും കുമാരനാശാനെയും ഇടപ്പള്ളിയെയും ചങ്ങമ്പുഴയെയുമൊക്കെ ഏത് സംസാരത്തിനിടയിലും കൂടെ കൊണ്ടുനടക്കുന്നയാള്‍. സുകുമാര്‍ അഴീക്കോടും എം.എന്‍.വിജയനുമൊക്കെ ഒഴിച്ചിട്ടുപോയ പ്രസംഗവേദിയിലേക്ക് മലയാളികള്‍ സ്‌നേഹത്തോടെ കൈപിടിച്ചുനിര്‍ത്തിയ പേരാണ് സുനില്‍ പി.ഇളയിടത്തിന്റേത്. സാമുഹിക വിഷയങ്ങളും ജീവിതോത്കണ്ഠകളും ആധ്യാത്മികതയും ദാര്‍ശനികതയുമെല്ലാം മണിക്കൂറുകള്‍ നീളുന്ന ആ സംസാരത്തിലൂടെ ഓടിപ്പോവും. സുനില്‍ മാഷ് പ്രസംഗിക്കുന്നത് കേള്‍ക്കാന്‍ വേദിയിലും സദസ്സിലും മാത്രമല്ല, ഓാണ്‍ലൈനിലും ആയിരക്കണക്കിനാളുകള്‍ കാത്തിരിപ്പുണ്ട്. നാല്‍പത് ലക്ഷത്തിലധികമാളുകള്‍ കേട്ടുകഴിഞ്ഞ അദ്ദേഹത്തിന്റെ പല പ്രസംഗങ്ങളും ഓണ്‍ലൈന്‍ ലോകത്ത് ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്നു. വേദിയിലേക്ക് എത്തുന്നതിനുമുമ്പ് ഒരു പ്രാസംഗികന്‍ അനുഭവിക്കുന്ന ആത്മസംഘര്‍ഷങ്ങള്‍, വേദിയില്‍നില്‍ക്കുമ്പോള്‍ ഉള്ളില്‍ തിരയടിച്ചുയരുന്ന മാനസികവിചാരങ്ങള്‍, ആ സംസാരം കേള്‍വിക്കാരിലുണ്ടാക്കുന്ന അനുരണനങ്ങള്‍... അതേക്കുറിച്ചെല്ലാമാണ് ഇവിടെ സുനില്‍ പി ഇളയിടം സംസാരിക്കുന്നത്. ഒരു പ്രാസംഗികന്‍ രൂപപ്പെട്ടു വരുന്ന വഴികള്‍ ഈ വാക് പ്രവാഹത്തിലൂടെ വായിച്ചെടുക്കാം.
എന്റെ വാര്‍ധക്യത്തെ അതിജീവിക്കാന്‍ താങ്കളുടെ പ്രസംഗം സഹായിക്കുന്നു എന്ന് മാഷിന്റെ ഒരു വീഡിയോയുടെ താഴെ ഒരാള്‍ കമന്റ് ഇട്ടിരിക്കുന്നു. ഒരിടത്ത് സംസാരിക്കുമ്പോള്‍ എവിടെയൊക്കെയോ ഉള്ള ഈ കേള്‍വിക്കാരെക്കുറിച്ച് ആലോചിക്കാറുണ്ടോ.
സംസാരിച്ചുതുടങ്ങുമ്പോള്‍ കേള്‍വിക്കാരെ കുറിച്ച് അങ്ങനെ ബോധപൂര്‍വമായ തോന്നലൊന്നുമില്ല. മിക്കവാറും ഏതെങ്കിലും സദസ്സിലാണല്ലോ നമ്മള്‍ സംസാരിക്കുക. അപ്പോൾ സദസ്സില്‍ നമ്മളെ ഐഡന്റിഫൈ ചെയ്യുന്ന, നമ്മളുമായൊരു കമ്യൂണിക്കേഷന്‍ എസ്റ്റാബ്ലിഷ് ചെയ്യുന്ന കുറെ കേള്‍വിക്കാരുണ്ടാവും. പിന്നെ അവരിലൂടെയാണ് സംസാരം രൂപപ്പെട്ടു വരിക. പതുക്കെ അത് എല്ലാവരിലുമെത്തും. ആദ്യത്തെ പതിനഞ്ച് മിനിറ്റിനുള്ളില്‍ കേള്‍വിക്കാരുമായൊരു ബന്ധമുണ്ടാക്കാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ ഞാന്‍ സംസാരം അധികം നീട്ടാറില്ല. ആ സമയത്തിനുള്ളില്‍ അത് സാധിച്ചില്ലെങ്കില്‍ പിന്നെയത് പ്രയാസമാണെന്നാണ് എന്റെ അനുഭവം. ഇതുവരെയുള്ള 90 ശതമാനം പ്രഭാഷണങ്ങളിലും ആദ്യത്തെ 15 മിനിറ്റിനുള്ളില്‍ കേള്‍വിക്കാരുമായി നല്ലൊരു ബന്ധം ഉണ്ടാക്കിയെടുക്കാന്‍ എനിക്ക് പറ്റിയിട്ടുണ്ട്.
എങ്കിലും എല്ലാ പ്രസംഗങ്ങളും നൂറു ശതമാനം പെര്‍ഫെക്ട് ആണെന്നല്ല. ഏറ്റവും നല്ല പ്രസംഗം എങ്ങനെയാണ് വരികയെന്ന് പറയാന്‍ പറ്റില്ല. അതിന് ഒരുപാട് ഘടകങ്ങളുണ്ട്. നല്ല ശബ്ദസംവിധാനമുണ്ടായിരിക്കണം. ഒതുക്കമുള്ളൊരു ഹാള്‍ വേണം. നമ്മളുമായി ചേര്‍ന്നുപോകുന്ന സദസ്സുണ്ടാവണം. നമുക്ക് അന്ന് ശാരീരികമായ പ്രശ്‌നങ്ങളൊന്നുമുണ്ടാവരുത്. ഇങ്ങനെ പല ഘടകങ്ങള്‍ ചേര്‍ന്നാണ് ഒരു ഉജ്ജ്വല പ്രസംഗം ഉണ്ടാവുന്നത്. പക്ഷേ ഇങ്ങനെ എക്‌സലന്റ് എന്ന് പറയുന്നൊരു പ്രസംഗം പത്തിലൊന്നുപോലും ഉണ്ടാവണമെന്നില്ല. എങ്കിലും ദീര്‍ഘകാലമായി പറഞ്ഞുള്ള ശീലം കൊണ്ട് ഒരു ശരാശരി നിലവാരത്തില്‍ സംസാരം കൊണ്ടുപോവാന്‍ പറ്റാറുണ്ട്
പ്രസംഗം തുടങ്ങിക്കഴിഞ്ഞാല്‍ കേള്‍വിക്കാരന്റെ പള്‍സ് പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയുമല്ലേ?
ഒരു 15 മിനിറ്റിനുള്ളിലൊക്കെ അത് പറ്റും. അവര്‍ അതിനോട് എന്‍ഗേജ് ചെയ്യുന്നുണ്ടോ എന്ന് നമുക്ക് പെട്ടെന്ന് തന്നെ മനസ്സിലാവും. പിന്നെ എനിക്ക് മനസ്സിലായൊരു കാര്യം നമ്മള്‍ കേള്‍വിക്കാരന്റെ മുകളില്‍ വല്ലാതെ ബലം പ്രയോഗിക്കരുത് എന്നതാണ്. നമ്മളൊരു സര്‍വജ്ഞാനി. അവര്‍ യാതൊരു വിവരവുമില്ലാത്തവര്‍ എന്നൊരു സര്‍വാധികാരഭാവം പ്രസംഗവേദിയിലും ശരീരഭാഷയിലുമൊക്കെ കാണിച്ചാല്‍ സദസ്സ് പെട്ടെന്ന് ചെറുത്തുനില്‍ക്കാന്‍ തുടങ്ങും. അതേസമയം നമ്മള്‍ അവരിലൊരാള്‍ എന്ന രൂപത്തില്‍ സംസാരിച്ചാല്‍ കുറച്ച് കഴിയുമ്പോള്‍ പെട്ടെന്ന് തന്നെ സദസ്സുമായി ഒരു ബന്ധം രൂപപ്പെടും. അല്ലെങ്കില്‍ പ്രയാസമാണ്. നമ്മുടെ പല പ്രസംഗങ്ങള്‍ക്കും തോന്നിയൊരു തകരാറ് സംസാരിക്കുന്നവര്‍ സദസ്സിന് മുകളില്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്നതാണ്. അതിപ്പോൾ നമ്മളാണെങ്കിലും ഇഷ്ടപ്പെടില്ലല്ലോ. നമ്മളോട് ആജ്ഞാ സ്വരത്തിലോ ആധിപത്യം സ്ഥാപിക്കുന്ന തരത്തിലോ ഒരാള്‍ സംസാരിച്ചാല്‍ ഒന്നുകില്‍ ശ്രദ്ധിക്കില്ല, അല്ലെങ്കില്‍ നമ്മളതങ്ങ് വിട്ടുകളയും. അതേസമയം നമ്മളൊടൊരു ഹൃദയബന്ധം തോന്നിയാല്‍ അവര്‍ക്ക് താത്പര്യമില്ലാത്തതോ ഭിന്നാഭിപ്രായമുള്ളതോ ആയ വിഷയങ്ങളാണെങ്കില്‍ പോലും നമ്മുടെ ശരീരഭാഷ കൊണ്ടും പറച്ചിലിന്റെ രീതികൊണ്ടും ശ്രദ്ധിക്കാന്‍ തുടങ്ങും. പക്ഷേ, പൊതുവില്‍ ആളുകള്‍ തെറ്റിദ്ധരിച്ചിരിക്കുന്നത് വളരെ ഉറക്കെ, ബലത്തില്‍ പറയുന്നതാണ് നല്ല പ്രസംഗമെന്നാണ്. വാസ്തവത്തില്‍ അത് ഫലിക്കാന്‍ പ്രയാസമാണെന്നാണ് എന്റെ തോന്നല്‍.
നൂറുശതമാനമാളുകളുടെയും ശ്രദ്ധ കിട്ടുന്ന പ്രസംഗമെന്നതും പ്രയാസമുള്ള സംഗതിയാണ്. വായനയും പ്രസംഗവും തമ്മില്‍ വ്യത്യാസമുണ്ട്. പുസ്തകം വായിക്കുന്ന ആള്‍ അവര്‍ക്ക് താത്പര്യമുള്ളതാണല്ലോ വായിക്കുന്നത്. പക്ഷേ, കേള്‍വിക്കാര്‍ അങ്ങനെയല്ല, പല തട്ടുകളിലാണ്. അവരില്‍ ചിലപ്പോ തെരുവില്‍ കപ്പലണ്ടി വില്‍ക്കുന്ന ആളുണ്ടാവും, ഒരു യൂണിവേഴ്‌സിറ്റി പ്രൊഫസറുമുണ്ടാവും. അപ്പോള്‍ ഈ രണ്ട് അറ്റത്തേക്കും നമ്മുടെ സംഭാഷണം പോയി വരണം. ഒരാള്‍ക്ക് രസിക്കുന്നത് മറ്റേയാള്‍ക്ക് രസിക്കില്ല. അപ്പോള്‍ ഇടയ്ക്ക് നമ്മളൊരു ഉയര്‍ന്ന തലത്തില്‍നിന്ന് തിയററ്റിക്കലായി സംസാരിക്കണം. പക്ഷേ, ആ ടോണ്‍ 15 മിനിറ്റിലധികം പോയാല്‍ മറ്റേയാള്‍ ഇറങ്ങിപോകും. അങ്ങനെ പാടില്ല. ഈ രണ്ട് അറ്റങ്ങളിലേക്കും പോവുക എന്നത് പ്രസംഗവേദി ആവശ്യപ്പെടുന്നുണ്ട്. എഴുത്ത് അത് ആവശ്യപ്പെടുന്നില്ല. അതില്‍ നിങ്ങളൊരു നിലവാരം സൂക്ഷിച്ച് അതില്‍ തന്നെയങ്ങ് എഴുതിയാല്‍ മതി. അത് ഇഷ്ടപ്പെടുന്നവരേ വായിക്കൂ എന്ന് മാത്രം.
ഒരു കോളേജില്‍ പ്രസംഗിക്കാന്‍ പോയാല്‍ പോലും അവിടെ ഇരിക്കുന്നവരെല്ലാം ഒരേ താത്പര്യമുള്ളവര്‍ അല്ലല്ലോ. അതൊരു പ്രശ്‌നമാണ്. നമ്മള്‍ ഏകതാനമാവാതിരിക്കുക. പല അടരുകളിലേക്ക് നമ്മുടെ ഭാഷണത്തെ കൊണ്ടുപോവുക. ഞാന്‍ അതിനൊരു വഴി സ്വീകരിക്കാറുണ്ട്, ഏറ്റവും സാധാരണക്കാരന് പോലും മനസ്സിലാവുന്ന ഒരു ഉദാഹരണം കൂടെ പറയും, അതേ സമയം ഉയര്‍ന്ന രീതിയില്‍ ചിന്തിക്കുന്നൊരാള്‍ക്ക് കൂടെ അതിനോട് പൊരുത്തപ്പെടാന്‍ പറ്റുന്ന രീതിയിലും പറയും. ഇതില്‍ ആദ്യത്തേത് രസിക്കുന്നവരും രണ്ടാമത്തേത് രസിക്കുന്നവരുമുണ്ടാവും. ഇതൊന്നും പക്ഷേ പറയുന്ന പോലെ എളുപ്പമല്ല. 10-35 കൊല്ലത്തെ പ്രവൃത്തി പരിചയം കൊണ്ട് ഉണ്ടായി വന്നതാണ്.
എവിടെനിന്നാണ് ഇങ്ങനെ സംസാരിക്കാനുള്ള ഊര്‍ജം കിട്ടുന്നത്.
എന്റെ പ്രസംഗജീവിതം പൊതുസമൂഹത്തില്‍ കൂടുതല്‍ ദൃശ്യമാവാന്‍ തുടങ്ങിയിട്ട് ഇപ്പോള്‍ 10-12 വര്‍ഷമൊക്കെയായിട്ടേയുള്ളൂ. അതിനു രണ്ടുമൂന്ന് കാരണങ്ങളുണ്ട്. ഒന്ന് പുതിയ സാങ്കേതികവിദ്യ വന്നപ്പോള്‍ ഒരു പ്രസംഗം നേരിട്ടുള്ളതിനേക്കാള്‍ എത്രയോ കൂടുതല്‍ ആളുകള്‍ കേള്‍ക്കാന്‍ തുടങ്ങി. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഞാന്‍ നടത്തിയ പ്രസംഗം യുട്യൂബിൽ 40 ലക്ഷം പേര്‍ കേട്ടിരിക്കുന്നു. അതിലല്ലാതെ നമ്മളൊരിക്കലും ജീവിതത്തില്‍ 40 ലക്ഷം പേരോട് നേരിട്ടൊരു കാര്യം പറയില്ലല്ലോ. അന്നീ പ്രസംഗം കേള്‍ക്കാന്‍ ആ ചെറിയ ഹാളില്‍ ആകെ 200 പേരെങ്ങാനേ ഉണ്ടായിരുന്നുളളൂ. എനിക്കൊരു ആയിരംപേരുള്ള സദസ്സിലൊന്നും നന്നായി പ്രസംഗിക്കാനും പറ്റില്ല. ഒരു 200-250 പേരുള്ള ചെറിയ സദസ്സേ പറ്റു. ആള്‍ക്കൂട്ടമാകുമ്പോള്‍ നമുക്ക് നേത്രസമ്പര്‍ക്കമുണ്ടാവില്ല. ഒരാളോടു ഹൃദയബന്ധം സ്ഥാപിച്ച് പ്രസംഗിക്കണമെങ്കില്‍ വലിയ ആള്‍ക്കൂട്ടം പറ്റില്ല. മാത്രമല്ല, നമ്മളൊരു വലിയ വേദിയിലായിരിക്കും, ആളുകളാവട്ടെ താഴെയും. അപ്പോഴൊരു ശൂന്യതയിലേക്ക് നോക്കിവേണം നമ്മള്‍ സംസാരിക്കാന്‍. നമുക്കൊരു മെച്ചപ്പെടുത്തലിന്റെയോ അടുപ്പത്തിലുള്ളൊരു ഇടപഴകലിന്റെയോ തലത്തിലെത്താനാവില്ല. വലിയ ആള്‍ക്കൂട്ടത്തില്‍ നന്നായി പ്രസംഗിക്കുന്നവര്‍ ഉണ്ട്. പക്ഷേ എനിക്ക് കണ്ണുകള്‍ കൊണ്ട് കാണാന്‍പറ്റുന്ന കുറച്ചാളുകളുണ്ടാവണം. പതിയെപ്പതിയെ അവരുമായൊരു ഹൃദയബന്ധം സ്ഥാപിച്ച് പിന്നെ ആശയങ്ങള്‍ വികസിപ്പിച്ച് വികസിപ്പിച്ച് കൊണ്ടുവരലാണ് എന്റെ രീതി.
ഞാനൊരിക്കലും പറയേണ്ട കാര്യങ്ങള്‍ നൂറില്‍ നൂറും തയ്യാറാക്കി പ്രസംഗിക്കുന്ന ആളല്ല. എല്ലാ പ്രസംഗത്തിനും ഫ്രെയിമുണ്ടാക്കും. തീര്‍ത്തും അറിയാത്ത വിഷയമാണെങ്കില്‍ നന്നായിട്ടൊന്ന് വായിച്ച് അതിന്റെ വിശദാംശങ്ങളൊക്കെ മനസ്സിലാക്കും. ചിലപ്പോള്‍ നോട്ടും തയ്യാറാക്കും. പക്ഷേ, നോട്ട് വെച്ച് പ്രസംഗിക്കാറില്ല. ഒന്ന് രണ്ട് എന്ന ക്രമത്തില്‍ പ്രസംഗിക്കാന്‍ തുടങ്ങിയാല്‍ നമ്മുടെയൊരു നൈസര്‍ഗികത അതില്‍നിന്ന് ഊര്‍ന്നുപോവും. സംസാരം തികച്ചും യാന്ത്രികമാവും. മറിച്ച് മനസ്സില്‍ ഈ ആശയങ്ങളൊക്കെയുണ്ടെങ്കില്‍ പറഞ്ഞുവരുമ്പോള്‍ അതിന്റേതായൊരു ഫ്രെയിം രൂപപ്പെട്ട് വന്നോളും. ഒരുതരത്തില്‍ നമ്മുടെയൊരു മാനസിക സജ്ജീകരണം അതിനുള്ളില്‍ പതുക്കെ പ്രവര്‍ത്തിച്ച് ഒരു ഫ്രെയിമുണ്ടാവുകയാണ് ചെയ്യുന്നത്. പതിവായി പറയുന്ന വിഷയങ്ങളാണെങ്കില്‍ വലിയ മുന്നൊരുക്കം വേണ്ട. പക്ഷേ പുതിയ വിഷയങ്ങള്‍ ആണെങ്കില്‍ അത് നന്നായി വായിച്ച് ദീര്‍ഘമായ നോട്ടൊക്കെയുണ്ടാക്കും.
മാഷ് മഹാഭാരതത്തെക്കുറിച്ചും മഹാത്മാഗാന്ധിയെക്കുറിച്ചും ശ്രീനാരായണ ഗുരുവിനെക്കുറിച്ചൊക്കെ സംസാരിക്കുമ്പോള്‍ ഓരോന്നിനും ഓരോ വൈകാരികതലമാണുള്ളതെന്ന് തോന്നിയിട്ടുണ്ട്. അത് മനപ്പൂര്‍വം വരുത്തുന്നതാണോ.
മനപ്പൂര്‍വമല്ല. ആ വിഷയവുമായി നമ്മള്‍ ഇഴുകിച്ചേരുന്നതിന്റെ ഭാഗമായി വരുന്നതാണ്. മഹാഭാരതത്തിലെ ഇഴുകിച്ചേരലല്ലല്ലോ ഗാന്ധിയെക്കുറിച്ച് പറയുമ്പോള്‍ ഉണ്ടാവുക. മഹാഭാരതം നമ്മള്‍ കുറച്ചൊരു അകന്ന് നിന്നാണ് പറയുന്നത്. പഴയകാലത്തെ കൃതി. അതിനോടുള്ള നമ്മുടെ ബൗദ്ധികമെന്നോ അക്കാദമികമെന്നോ ഒക്കെ പറയാവുന്നൊരു ഇടപഴകലാണല്ലോ ആ സംസാരം. അതേസമയം ഗാന്ധിജിയെക്കുറിച്ച് പറയുമ്പോള്‍ നമുക്ക് വല്ലാത്തൊരു സമകാലിക അടുപ്പമുണ്ട്. ഒന്ന് ഗാന്ധിയുടെ ജീവിതം, പിന്നെ നമ്മുടെ കാലത്തിന്റെ രാഷ്ട്രീയ സാമൂഹിക അന്തരീക്ഷം. അതില്‍ ഗാന്ധിക്കുള്ള പ്രാധാന്യം. അങ്ങനെ പറയുമ്പോള്‍ വൈകാരികമെന്ന് പറയുന്ന ഒരു അടുപ്പം കൂടെ ആ വിഷയത്തിലേക്ക് കടന്നുവരും. അത് എന്നെ സ്പര്‍ശിക്കാറുമുണ്ട്. ഗാന്ധിജിയുടെ മരണത്തെക്കുറിച്ചൊക്കെ പറയുമ്പോള്‍ ഞാന്‍ മിക്കപ്പോഴും വൈകാരികമാവാറുണ്ട്. പുറത്തത് നിയന്ത്രിക്കാന്‍ എനിക്കറിയാം. പക്ഷേ ഉള്ളില്‍ ആ വൈകാരികക്ഷോഭം നന്നായിട്ടുണ്ട്. അത് കുറച്ചൊക്കെ ഭാഷയില്‍ വരികയും ചെയ്യും. അത് മുന്‍കൂട്ടി ചെയ്യുന്നതൊന്നുമല്ല. ഒരു വിഷയം നന്നാവണമെങ്കില്‍ അതില്‍ നമ്മള്‍ ഇന്‍വോള്‍വ്ഡ് ആവണമെന്നാണ് എനിക്ക് തോന്നുന്നത്. ഞാനീ ഓണ്‍ലൈന്‍ പ്രസംഗങ്ങള്‍ കാര്യമായി ചെയ്യാറില്ല. കാരണം ശൂന്യതയില്‍ നമുക്കീ എന്‍ഗേജ്‌മെന്റില്ല. ഒറ്റയ്ക്കിരുന്ന് എനിക്ക് അങ്ങനെ ഫലപ്രദമായി സംസാരിക്കാന്‍ പറ്റുകയുമില്ല.
കാലം വരുത്തുന്ന മാറ്റങ്ങളുമുണ്ട്, അല്ലേ.
1990-കള്‍ മുതലൊക്കെ ഞാന്‍ സംസാരിക്കുന്നുണ്ട്. അതിനര്‍ത്ഥം 10-35 വര്‍ഷമായിരിക്കുന്നു എന്നാണ്. അങ്ങനെ പടിപടിയായി മാറിവന്നതാണ്. പിന്നെ 10-12 കൊല്ലത്തിനിടയില്‍ നമ്മുടെ സാമൂഹിക രാഷ്ട്രീയ അന്തരീക്ഷത്തിലുണ്ടായ മാറ്റം എന്നെ പൊതുപ്രാസംഗികനാക്കി എന്ന് പറയാം. അതുവരെ എന്റെ പ്രസംഗങ്ങള്‍ കുറെക്കൂടെ അക്കാദമിക്കലായ കാര്യങ്ങളെ മുന്‍നിര്‍ത്തിയും അത്തരം സദസ്സുകളിലുമായിരുന്നു. പൊതുസമൂഹത്തിന് അത് കാര്യമായി മനസ്സിലാവുകയുമില്ലായിരുന്നു. എന്നെക്കുറിച്ച് പൊതുവെ ആളുകള്‍ പറയുക എഴുത്ത് വായിച്ചാല്‍ മനസ്സിലാവാന്‍ പ്രയാസമാണ്, പക്ഷേ പ്രസംഗം പൊതുവെ ഹൃദ്യമാണെന്നാണ്. മുമ്പ് പ്രസംഗവും ഇതേപോലെയായിരുന്നു. അക്കാദമിക് ടെര്‍മിനോളജിയൊക്കെ ഉപയോഗിച്ചായിരുന്നു ഞാന്‍ സംസാരിച്ചിരുന്നത്. 2014-15 കാലംതൊട്ടാണ് അത് മാറിയത്. അതിന് ചില കാരണങ്ങളുണ്ട്. ഒന്ന് പൊതുഅന്തരീക്ഷം വല്ലാതെ മാറി. ഹിന്ദുത്വരാഷ്ട്രീയത്തിന്റെ വലിയൊരു കടന്നുവരവുണ്ടായപ്പോള്‍ ദേശീയതപോലുള്ള പല വിഷയങ്ങളും വളരെ അക്രമോത്സുകമായി ഉയര്‍ന്നുവന്നല്ലോ. നാരായണഗുരുവിനെ സ്വന്തമാക്കാനായി ആ സമയത്ത് ഹിന്ദുത്വവാദക്കാര്‍ ഒരു ശ്രമം നടത്തുന്നുണ്ട്. 2015-ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് സമയത്താണത്. അപ്പോള്‍ ഞാന്‍ റോഡിലിറങ്ങി ഗുരുവിനെക്കുറിച്ച് പറയാന്‍ തുടങ്ങി.
അല്ലെങ്കിലും താങ്കളുടെ പല സംസാരങ്ങളിലും ഗാന്ധിയേക്കാള്‍ കൂടുതല്‍ ചായ്‌വ് ശ്രീനാരായണ ഗുരുവിനോടുണ്ട്.
ഗുരുവിന് കുറെക്കൂടി ഉള്‍ക്കാഴ്ചയുണ്ടെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഗാന്ധിജിയുമായി താരതമ്യപ്പെടുത്തുകയൊന്നുമല്ല. ഗാന്ധിജിയുടെ വലിയ സ്വാധീനമോ വ്യാപ്തിയോ ഒന്നും ഗുരുവിനില്ല. ഗുരു കേരളത്തിന്റെ അതിര്‍ത്തിക്ക് അകത്തുനിന്നയാളാണ്. പക്ഷേ, ദാര്‍ശനിക കാര്യങ്ങളിലൊക്കെ ഗുരു കുറെക്കൂടി മുന്നിലാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. രണ്ടുപേരും രണ്ടുതരം പ്രവൃത്തികളിലേര്‍പ്പെട്ടവരാണെങ്കിലും.
അക്കാദമിക് സെമിനാറില്‍ നമ്മള്‍ പറയുന്ന പദാവലിയൊക്കെ അറിയാവുന്നവരും നമ്മുടെ ആശയങ്ങളോട് ചേര്‍ന്നുനില്‍ക്കുന്നവരുമായ ഒരു ഗ്രൂപ്പിനോടാണ് സംസാരിക്കുന്നത്. അത്തരം സെമിനാറിന് കൂടിപ്പോയാല്‍ നൂറുപേരുണ്ടാവും കേള്‍ക്കാന്‍. അതിലൊരു 90 ശതമാനം പേര്‍ക്കും നമ്മളെന്താണ് പറയാന്‍ പോവുന്നതെന്ന് അറിയുന്നവരാകും. പലരും നമ്മുടെ ആശയങ്ങളോട് ഏറെക്കുറെ ഒത്തുപോവുന്നവരും. സൂക്ഷ്മാംശങ്ങളിലേ വ്യത്യാസം കാണൂ. അതിന്റെ ഔട്ട്പുട്ട് എന്നത് ആ സെമിനാറിന്റെ ആവശ്യങ്ങളെ മുന്‍നിര്‍ത്തി എന്നല്ലാതെ അതിന് വലിയൊരു സാമൂഹിക മാനം കുറവാണ്. അതേസമയം ഗുരു ഹിന്ദുത്വവാദിയല്ലെന്ന് നമ്മള്‍ റോഡിലിറങ്ങി പറയുന്നത് ഈ താത്പര്യത്തിലല്ല. അത് കേള്‍ക്കുന്നത് ഒരു പൊതുസമൂഹമാണ്. അവര്‍ക്കതൊരു തത്വമായി പറഞ്ഞാല്‍ പോരാ. അവരുടെ അനുഭവത്തില്‍ ചെന്ന് തൊടണം. നമ്മുടെ ഇവിടുത്തെ പ്രസംഗങ്ങള്‍ക്ക് പൊതുവേ അനുഭവമൂല്യം കുറവാണ്. ആശയങ്ങളിങ്ങനെ പ്രക്ഷേപിച്ച് പോവും. അനുഭവമൂല്യമില്ലാത്ത പ്രസംഗം ചിലരുടെ തലയില്‍ കയറും, ചിലരുടെ തലയ്ക്ക് മുകളിലൂടെയങ്ങ് പോവും. അതേസമയം ഒരു അനുഭവമൂല്യം കൂടെയുണ്ടെങ്കില്‍ അത് ആളുകളില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങും. 2014 മുതലുള്ള നമ്മുടെ സാമൂഹിക രാഷ്ട്രീയ അന്തരീക്ഷത്തിലാണ് അങ്ങനെയൊരു ആവശ്യമുണ്ടെന്ന് എനിക്ക് തോന്നിത്തുടങ്ങിയത്. അങ്ങനെ വേദിയില്‍ പറയാന്‍ തുടങ്ങിയപ്പോള്‍ സ്വാഭാവികമായും പഴയരീതിക്ക് കുറച്ച് മാറ്റം വരുത്തേണ്ടി വന്നു. അത് ബോധപൂര്‍വമല്ല. സദസ്സ് എന്‍ഗേജ് ചെയ്യണമെന്ന് നമ്മള്‍ ആഗ്രഹിക്കുമ്പോള്‍ സ്വയമറിയാതെ നമ്മുടെ ഭാഷാരീതി മാറും. അങ്ങനെ കുറച്ചുകാലമായി ഭാഷയിലും ആവിഷ്‌കാരത്തിലുമൊക്കെ വ്യത്യാസം വന്നു. ഇപ്പോള്‍ ഏതറ്റത്തുള്ള ആളുകളോടും എനിക്ക് സംസാരിക്കാന്‍ പറ്റുമെന്ന് തോന്നാറുണ്ട്.
പലതരത്തിലുള്ള വേദികള്‍ അങ്ങനെയൊരു ആത്മവിശ്വാസത്തിലേക്ക് എത്തിച്ചു.
എനിക്ക് നന്നായി മനസ്സിലായൊരു കാര്യം നന്നായി പറയാനും പറ്റുമെന്നാണ് വിശ്വാസം. എനിക്ക് ക്ലിയറാണെങ്കില്‍ അത് വളരെ ലഘുവായി ആളുകള്‍ക്കും മനസ്സിലാവും. അതിലൊരു അപകടം കൂടെയുണ്ട്. അപ്പോള്‍ ആളുകള്‍ പറയും ഈ പ്രസംഗം വളരെ ലളിതമാണെന്ന്. പക്ഷേ ഈ ലാളിത്യത്തിലേക്കെത്താന്‍ അമ്മാതിരി പണിയുണ്ട്. ഓരോന്നും മനസ്സിലാക്കി അതിനെ വിശദീകരിക്കാന്‍ പറ്റിയ പദാവലികളും ഉദാഹരണങ്ങളുമൊക്കെ കൊണ്ടുവന്ന് സ്ഥാപിച്ചെടുക്കണം. ഒരു തീം തന്നെ നന്നായി മനസ്സിലാക്കിയാലേ അതിനെ തൊടുന്ന ഉദാഹരണങ്ങളിലേക്കെത്താന്‍ പറ്റൂ. ചിലര്‍ എന്നോടും പറയാറുണ്ട്, ഞാന്‍ മാഷിന്റെ ആശയങ്ങള്‍ കടമെടുത്തു എന്ന്. പക്ഷേ ഇതൊന്നും എന്റെ ആശയമല്ലല്ലോ. ആരൊക്കെയോ എവിടെയൊക്കെയോ പറഞ്ഞ ആശയം വായിച്ച് മനസ്സിലാക്കുന്നു, ഞാനത് ഒരു പ്രത്യേകനിലയില്‍ കൂട്ടിയിണക്കി പറയുന്നു. മറ്റൊരാള്‍ അയാളുടെ രീതിയിലും പറയും. വാസ്തവത്തില്‍ എന്റേത് ഒരു ഇടനിലപ്പണിയാണ്. ആശയജീവിതം എന്ന് പറയുന്നത് ഒരു അന്യോന്യമാണ്. അല്ലാതെ അനന്യമല്ല. എന്റേത് മാത്രമായൊരു ആശയലോകമൊന്നുമില്ല. നമ്മള്‍ ചിലരുടേത് എടുത്ത് നമ്മുടേതായ ചില കൂട്ടിച്ചേര്‍ക്കലൊക്കെ നടത്തി ചില രൂപത്തില്‍ ക്രമപ്പെടുത്തി അവതരിപ്പിക്കുന്നു. അത് അടുത്ത തലമുറയ്‌ക്കോ വേറെ ഒരാള്‍ക്കോ ഉപയോഗിക്കാന്‍ പറ്റുന്നു. അങ്ങനെ കണ്ടാല്‍ മതി. നമ്മളൊരു പാലം പോലെ ഇടയില്‍ നില്‍ക്കുന്നു എന്ന് മാത്രം.
മലയാളി പൊതുവേ പ്രസംഗങ്ങളെ ആസ്വദിച്ച് ജീവിക്കുന്നൊരു സമൂഹമാണെന്ന് തോന്നിയിട്ടുണ്ട്.
അതിന് രണ്ടുമൂന്ന് കാരണങ്ങളുണ്ട്. അതിലൊന്ന് നമുക്ക് നല്ല പ്രഭാഷകരുണ്ടായിരുന്നുവല്ലോ. പ്രഭാഷണത്തിന് കലാപരമെന്ന് വിളിക്കാവുന്നൊരു ഉള്ളടക്കം ആധുനിക കേരളത്തിന്റെ തുടക്കംമുതലുണ്ട്. 1920-30കളില്‍ തന്നെ നമുക്ക് വലിയ പ്രഭാഷകരുണ്ടായിരുന്നു. അവരുടെ പ്രഭാഷണം കേവലമൊരു ആശയ വിശദീകരണം മാത്രമായിരുന്നില്ല. കഴിഞ്ഞ തലമുറയിലാണെങ്കില്‍ അഴീക്കോട് മാഷ്, വിജയന്‍മാഷ്, സാനുമാഷ് എന്നിവരെ പോലെയുള്ളവരുണ്ട്. അതിനുമുന്നേ പനമ്പള്ളി, മത്തായി മാഞ്ഞൂരാനെപ്പോലുള്ളവരുണ്ട്. ഇ.എം.എസ്. പോലും മികച്ച പ്രാസംഗികനായിരുന്നു. അദ്ദേഹത്തിന് ഭാഷാപരമായൊരു അനര്‍ഗളതയോ വലിയ വാക് പ്രവാഹമോ ഒന്നുമില്ലായിരുന്നുവെങ്കിലും ഒരു സമൂഹത്തെ ചലിപ്പിക്കാന്‍ പറ്റിയിരുന്നു. കെ.ദാമോദരനുണ്ടായിരുന്നു. മുണ്ടശ്ശേരി മാഷും കെ.പി. അപ്പനുമുണ്ടായിരുന്നു. മുണ്ടശ്ശേരി മാഷെക്കുറിച്ച് കെ.പി.അപ്പന്‍ പറയുന്നൊരു വാചകമുണ്ട്, പ്രസംഗവേദിയില്‍ ഗോപുരം പോലെ നിന്ന മുണ്ടശ്ശേരിയെ ഞാനോര്‍ക്കുന്നു എന്ന്. അങ്ങനെ പ്രസംഗത്തിന് ആധുനിക കേരളത്തിന്റെ തുടക്കംമുതല്‍ സാധാരണ ആശയപ്രകാശനം,ആശയാവതരണം എന്നതിനപ്പുറം കലാപരമായ ഉള്ളടക്കമുണ്ടായിരുന്നു.
മറ്റൊന്ന് നമ്മുടേത് പൊതുവെ സാമൂഹിക രാഷ്ട്രീയ ജാഗ്രതയുള്ളൊരു സമൂഹമാണല്ലോ. അത്തരം കാര്യങ്ങളില്‍ കാണിക്കുന്ന താത്പര്യം പ്രസംഗത്തോട് ആളുകളെ അടുപ്പിക്കും. ഇവിടുത്തെ ഏറിയപങ്കും പ്രസംഗങ്ങള്‍ സമകാലിക വിഷയങ്ങളെ ചുറ്റിപ്പറ്റിയാണല്ലോ. പ്രസംഗത്തെ ഇഷ്ടപ്പെടാന്‍ അതുമൊരു ഘടകമാണ്.
ആധുനികകേരളം നിലവില്‍ വന്നപ്പോള്‍ 1930 കള്‍ മുതല്‍ സാഹിത്യത്തിന് കിട്ടിയ വലിയ പ്രാധാന്യമുണ്ട്. മറ്റൊരു കലയ്ക്കും കിട്ടാത്ത തരത്തില്‍. സാഹിതീയത എന്നു പറയുന്നത് മലയാളിയുടെ അനുഭവ ഘടനയില്‍ കെട്ടുപിണഞ്ഞ് കിടപ്പുണ്ട്. അതുകൊണ്ട് ആ അംശത്തെ ഏതെങ്കിലും നിലയില്‍ തൊടുന്ന സംഭാഷണങ്ങള്‍ മലയാളിയെ പൊതുവെ സ്പര്‍ശിക്കുമെന്നാണ് തോന്നിയിട്ടുള്ളത്.
അതുകൊണ്ടാണോ ഇടയ്ക്ക് കവിതകളൊക്കെ സംസാരത്തില്‍ കടന്നുവരുന്നത്.
നമ്മളൊരു ആശയം വളരെ സങ്കീര്‍ണമായി പറഞ്ഞുവരുമ്പോള്‍ അതിനെ സ്പര്‍ശിക്കാന്‍ പറ്റുന്നൊരു നാലുവരിക്കവിത ഉണ്ടെങ്കില്‍ അത് ഫലപ്രദമാണ്. നമ്മള്‍ അരമണിക്കൂര്‍ പറഞ്ഞ് ഉണ്ടാക്കുന്ന ആശയം ചിലപ്പോള്‍ ഈ നാലുവരി കവിത കൊണ്ട് പറയാന്‍ പറ്റും. ഞാനീ ദേശീയതയെ കുറിച്ച് ഒക്കെ പറയുന്ന സമയത്ത് ഇടശ്ശേരിയുടെ കുടിയിറക്കം എന്ന കവിത പരാമര്‍ശിക്കാറുണ്ട്. അത് വളരെ ലളിതവുമാണ്.
'കുടിയിറക്കപ്പെടും കൂട്ടരേ
പറയുവിന്‍ പറയുവിന്‍
ഏത് ദേശക്കാര്‍ നിങ്ങള്‍'
എന്നു പറഞ്ഞുള്ള വരികള്‍ പാടും. ദേശീയത എന്നു പറയുന്നതിന്റെ നിരര്‍ത്ഥകതയും ഏറ്റവും നിസ്സ്വനായ മനുഷ്യന് എന്താണ് ദേശീയത എന്നും ആ കവിത വിളിച്ചുപറയുന്നുണ്ട്.
'എവിടെവിടങ്ങളില്‍ ചട്ടിപുറത്തെടു
ത്തെറിയപ്പെടുന്നുണ്ടീ പാരിടത്തില്‍
അവിടവിടങ്ങളെച്ചേര്‍ത്ത്
വരക്കു കൊന്നിവരുടെ
രാഷ്ട്രത്തിന്നതിര്‍ വരകള്‍'
എന്നു കൂടി പാടുമ്പോള്‍ അത് ഭയങ്കരമായിട്ട് ആളുകളെ ചെന്ന് തൊടും. കാരണം ഇങ്ങനെ പുറത്താക്കപ്പെട്ട മനുഷ്യര്‍ ഉണ്ടല്ലോ. ദാരിദ്ര്യത്തിലും യാതനയിലും വീടില്ലാതെയുമൊക്കെ നില്‍ക്കുന്ന മനുഷ്യര്‍ നമ്മളെ കേട്ടുനില്‍ക്കുന്നവരുടെ കൂട്ടത്തിലുമുണ്ടാവും. ഒരു നൂറില്‍ 50 പേര്‍ക്കെങ്കിലും ഈ അനുഭവം ഉണ്ടാവും. ഈ അനുഭവത്തെയാണ് ആ കവിത സ്പര്‍ശിക്കുന്നത്.
അതുവരെ നമ്മള്‍ പറയുന്നത് അമൂര്‍ത്തമായ ഒരു ആശയമാണ് പക്ഷേ ഈ കവിത ചൊല്ലുന്നതോടെ അത് ഒരാളുടെ വളരെ സജീവമായ അനുഭവതലത്തില്‍ ചെന്ന് തൊടും. അതോടെ ഈ പ്രസംഗത്തിന് ഒരു വൈകാരിക മൂല്യം കൈവരും. നൂറില്‍ അമ്പതുപേരെ അത് സ്പര്‍ശിക്കും. ബാക്കി കുറെ പേരെ അതിലെ ആശയ മണ്ഡലവും സ്പര്‍ശിക്കും. നൂറില്‍ നൂറ് പേരെയും സ്പര്‍ശിക്കുക എന്നത് എളുപ്പമല്ല, ഒരു പ്രസംഗത്തിലും. അത്യപൂര്‍വമായേ അത് സാധിച്ചിട്ടുള്ളൂ. അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത് എപ്പോള്‍ ഫലിക്കും എന്ന് നമുക്ക് പറയാന്‍ പറ്റില്ലെന്ന്. ചിലപ്പോള്‍ നമ്മുടെ മൂഡ് ശരിയല്ലെങ്കില്‍ നമ്മുടെ ആശയത്തിന്റെ അവതരണത്തിന് ഒരു താളം കിട്ടില്ല. ഒരുതരത്തില്‍ പറഞ്ഞാല്‍ നമ്മുടെ പിടിയില്‍ അല്ല ഒരു സംഗതിയും. ചില ദിവസങ്ങളില്‍ സംസാരിച്ച് വരുമ്പോള്‍ നമ്മള്‍ അറിയാതെ തന്നെ ഭാഷ വലിയൊരു പൂര്‍ണതയിലേക്ക് വരുന്നത് കാണാം. ഏറ്റവും കൃത്യമായ പദങ്ങള്‍, ഏറ്റവും കൃത്യമായ വാക്യഘടന, ഉദാഹരണങ്ങള്‍, ആശയത്തിന്റെ കൃത്യത എല്ലാം അങ്ങനെ ഒരൊഴുക്കില്‍ വരും. അങ്ങനെയൊരു വേദി ഓര്‍മയിലുണ്ട്.
പത്തുപതിനഞ്ച് കൊല്ലം മുന്നേയാണ്. ഞാന്‍ എറണാകുളത്ത് ഒരു പ്രസംഗം നടത്തി. ഭാവന എന്തുകൊണ്ടാണ് മനുഷ്യര്‍ക്ക് വേണ്ടത് എന്നാണ് പറയുന്നത്. ലിറ്ററി ഇമാജിനേഷന്റെ പ്രാധാന്യം. ഏതോ ഒരു പുസ്തക പ്രകാശനത്തിന്റെ ഒരു വശത്തു നടക്കുന്ന സംഭാഷണമാണ്. അതുകേള്‍ക്കാന്‍ ആകെ 10- 20 പേരേയുള്ളൂ. പക്ഷേ പറഞ്ഞു വന്നപ്പോള്‍ അത് എന്റെ ജീവിതത്തിലെ തന്നെ ഏറ്റവും നല്ല പ്രസംഗമായി മാറി. അതിലെ പ്രശ്‌നം എന്താണെന്ന് വെച്ചാല്‍ അത് എനിക്ക് മാത്രമാണ് നല്ല പ്രസംഗം ആണെന്ന് മനസ്സിലായതെന്നുമാത്രം. കാരണം അവിടെ ഇരിക്കുന്നവര്‍ അതൊന്നും കാര്യമായി ശ്രദ്ധിച്ചിട്ട് പോലുമില്ല. അവര്‍ കുറച്ചുനേരം വിശ്രമിക്കാന്‍ വന്നിരിക്കുന്നു എന്നല്ലാതെ. ആ പ്രസംഗത്തിന്റെ ആശയതലത്തോട് ഇഴുകിച്ചേര്‍ന്നവര്‍ അവിടെ വളരെ കുറവായിരുന്നു. അന്നീ റെക്കോര്‍ഡിങ് ഒന്നുമില്ലാത്തതിനാല്‍ അവിടെ പറഞ്ഞ കാര്യങ്ങളൊക്കെ ആ വായുവില്‍ അങ്ങനെ അലിഞ്ഞു പോയെന്ന് മാത്രം.
ചിലയിടത്ത് വളരെ എക്‌സലന്റ് ആയ പ്രസംഗം നടത്തണം എന്നൊക്കെ വിചാരിച്ച് തയ്യാറെടുത്തു പോകും. അപ്പോള്‍ മൈക്ക് ശരിയായിരിക്കില്ല. ചിലപ്പോള്‍ അന്തരീക്ഷം ശരിയായിരിക്കില്ല. മൈക്ക് തന്നെയാണ് വലിയൊരു ഘടകം. 10 സ്ഥലത്ത് പോയാല്‍ ഒന്നോ രണ്ടോ സ്ഥലത്തേ ശരിയായ ശബ്ദ സംവിധാനം ഉണ്ടാവുകയുള്ളൂ.
അപ്പോള്‍ മുഖ്യമന്ത്രി മൈക്കിനെ പഴി പറയുന്നത് വെറുതെയല്ല.
സ്ഥിരം പ്രസംഗിക്കുന്നവര്‍ക്ക് ഇത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യമാണ്. പലയിടത്തും ശബ്ദ ക്രമീകരണം ഒന്നും നന്നായിരിക്കില്ല. പ്രസംഗം എന്നത് വളരെയധികം പരിശ്രമമുള്ളൊരു കാര്യമാണ്. പുറത്തുകാണുമ്പോള്‍ ബുദ്ധിമുട്ടുള്ള കാര്യം ഒന്നുമല്ലെന്ന് തോന്നുമെങ്കിലും ഒരു മണിക്കൂര്‍ സംസാരിച്ചു കഴിയുമ്പോഴേക്കും ശാരീരികമായി നമ്മള്‍ വല്ലാതെ ക്ഷീണിച്ചു പോകും. ഒരു ഒന്നരമണിക്കൂറൊക്കെ സംസാരിച്ചാല്‍ എനിക്ക് നെഞ്ചിലൊരു കനം തോന്നാറുണ്ട്. ഒരുതരത്തിലൊരു നെഞ്ചുവേദന തന്നെ.
അപ്പോള്‍ സ്വാഭാവികമായും മൈക്ക് കൂടെ ശരിയല്ലെങ്കില്‍ നമുക്കതൊരു ഇറിറ്റേഷന്‍ തന്നെയാണ്. ഞാന്‍ പിന്നെ അധികം ശബ്ദത്തോടെ അത്രയ്ക്ക് സ്‌ട്രെയിന്‍ എടുക്കാറില്ല. ഉള്ളതുപോലെ പ്രസംഗിക്കും. ചിലപ്പോള്‍ ഇത് കേള്‍ക്കുന്നില്ല എന്നൊക്കെ ആളുകള്‍ പറയാറുണ്ടെന്ന് മാത്രം.
എങ്കിലും പ്രസംഗം നന്നാക്കാന്‍ വേണ്ടിയുള്ള മുന്നൊരുക്കങ്ങളുണ്ടാവില്ലേ.
പ്രസംഗം നന്നാവണമെങ്കില്‍ മൂന്നു കാര്യങ്ങളാണ് ഞാന്‍ കാണുന്നത്. ഒന്ന് വിഷയ ധാരണ വേണം. നമ്മുടെ പ്രസംഗം ഒരാള്‍ കേട്ട് കഴിഞ്ഞാല്‍ അയാള്‍ക്ക് എന്തെങ്കിലും ഒന്ന് പുതുതായി കിട്ടണം. അയാള്‍ക്ക് അറിയാവുന്നൊരു കാര്യം ആലങ്കാരികമായി കെട്ടിച്ചമച്ച ഭാഷയില്‍ പറഞ്ഞാല്‍ പത്തോ പതിനഞ്ചോ മിനുട്ട് ഒക്കെ ആളുകള്‍ അതില്‍ രസിച്ചെന്നിരിക്കും. അതല്ലാതെ ഒരു മണിക്കൂറൊന്നും അലങ്കാര ഭാഷ ആളുകളെ കൊണ്ട് ആളുകളെ പിടിച്ചുനിര്‍ത്താന്‍ പറ്റില്ല. അതില്‍ വസ്തുത വേണം. പിന്നെ പറയുന്ന വിഷയത്തില്‍ നിങ്ങള്‍ പൂര്‍ണമായും സ്വയം സമര്‍പ്പിക്കണം. നമ്മുടെ ഭൂരിപക്ഷം പ്രസംഗങ്ങളിലും ഇത് കുറവാണ്. വലിയ പങ്കാളിത്തമോ ഹൃദയ ആഭിമുഖ്യമുള്ളതോ ഒന്നുമല്ല ആളുകള്‍ പറയുന്നത്. പലരുടേതും പൊള്ളയായ ഒച്ചയാണെന്ന് കേള്‍ക്കുന്നവര്‍ക്ക് പെട്ടെന്ന് മനസ്സിലാവും. പ്രസംഗിക്കുന്നവര്‍ക്ക് ഒരുപക്ഷേ അതു തോന്നണമെന്നില്ല. പക്ഷേ കേള്‍വിക്കാര്‍ക്ക് പെട്ടെന്ന് മനസ്സിലാവും.
മൂന്നാമത്തെ ഘടകം മനുഷ്യരുടെ മേല്‍ ആധിപത്യം സ്ഥാപിക്കാതിരിക്കുക എന്നതാണ്. രാഷ്ട്രീയ നേതാക്കളാണ് അങ്ങനെ പ്രസംഗിക്കുന്നതെങ്കില്‍ അണികള്‍ അത് കേട്ടെന്നിരിക്കും. അവരെ സംബന്ധിച്ച് ഇത് തങ്ങളുടെ നേതാവാണെന്നുള്ള ഒരു അബോധ ധാരണ ഉള്ളിലുണ്ടല്ലോ. അതേസമയം പൊതു സദസ്സില്‍ സംസാരിക്കുമ്പോള്‍ നിങ്ങള്‍ ഒരു സര്‍വജ്ഞാനിയുടെ ഭാഷയിലാണ് പറയുന്നതെങ്കില്‍ പ്രയാസമാണ്. ദീര്‍ഘകാലത്തെ പ്രസംഗം കൊണ്ടും എഴുത്തുകൊണ്ടും സമൂഹം ഉന്നത സ്ഥാനത്തേക്ക് നിങ്ങളെ പ്രതിഷ്ഠിച്ചാല്‍ ചിലപ്പോള്‍ ഇങ്ങനെ സംസാരിക്കാന്‍ പറ്റിയേക്കും. അഴീക്കോട് മാഷിന്റെ ചില പ്രസംഗങ്ങള്‍ ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഒരു സന്ദര്‍ഭത്തില്‍ മാഷ് അമൃതാനന്ദമയിയെ അതിനിശിതമായി വിമര്‍ശിച്ചു സംസാരിച്ചു. അതിനു മുമ്പ് വരെ മാഷിന്റെ പ്രസംഗംകേട്ട് കൈയടിച്ചവര്‍ ഈ വാക്യം കേട്ട് ഞെട്ടി. അപ്പോള്‍ മാഷ് പ്രസംഗം നിര്‍ത്തി ചോദിച്ചു, എന്താ നിങ്ങള്‍ കയ്യടിക്കാത്തതെന്ന്. അതിനുശേഷം അദ്ദേഹം പറയുകയാണ് ഞാന്‍ ഇതുവരെ പറഞ്ഞതില്‍ ഏറ്റവും നല്ല വാക്യം ഇതാണ്, അതിനു നിങ്ങള്‍ കയ്യടിക്കുന്നില്ല. അതിനുമുന്നേ ഞാന്‍ പറഞ്ഞ പന്നത്തരത്തിനൊക്കെ കൈയടിക്കുകയും ചെയ്തു എന്ന്..തന്നെ കേള്‍ക്കാനെത്തിയ സദസ്സിനോട് എന്തുകൊണ്ടാണ് നിങ്ങള്‍ കയ്യടിക്കാത്തത് എന്ന് ചോദിക്കുന്ന ഒരു പ്രഭാഷകനെ അധികം കാണാന്‍ പറ്റില്ലല്ലോ.
അഴീക്കോടിന്റെ ശരീരഭാഷയ്ക്കും പ്രത്യേകതയുണ്ട്. അത് സ്വാധീനിച്ചിട്ടുണ്ടോ.
ബോധപൂര്‍വ്വമായിട്ടില്ല. അഴീക്കോടിനെക്കാള്‍ എന്നെ സ്വാധീനിച്ചത് വിജയന്‍ മാഷാണ്. അദ്ദേഹത്തിന്റെ ശൈലിയും വിചാരരീതിയുമൊക്കെ ആദ്യത്തെ പത്ത് പതിനഞ്ചു കൊല്ലം എന്റെ പ്രസംഗത്തില്‍ വളരെ പ്രകടമായിരുന്നു. പെട്ടെന്ന് കേട്ടാല്‍ മനസ്സിലാവും ഇത് വിജയന്‍ മാഷിന്റെ ശൈലിയാണെന്ന്. പക്ഷേ ഭാവഹാവങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ആദ്യകാലത്ത് ഞാന്‍ കൈയൊന്നും അനക്കാതെ നിന്ന് പ്രസംഗിക്കുന്ന ആളായിരുന്നു. ഇപ്പോള്‍ എനിക്ക് തന്നെ അറിയില്ല, ഞാന്‍ എന്തൊക്കെയാണ് ചെയ്യുന്നതെന്ന്. എന്റെ വിചാര രീതിയുടെയും ആശയാവിഷ്‌കാരങ്ങളുടെയുമൊക്കെയുള്ളില്‍ വിജയന്‍ മാഷ് ഇപ്പോഴുമുണ്ട.് അത് പ്രത്യക്ഷമല്ലെന്ന് മാത്രം. വിജയന്‍ മാഷേ നന്നായി പരിചയിച്ചിട്ടുള്ള ആളുകള്‍ക്ക് ഒരുപക്ഷേ അത് പെട്ടെന്ന് തിരിച്ചറിയാന്‍ പറ്റിയേക്കും. ബോധപൂര്‍വ്വം ഞാനതിനെ തേച്ചു മായ്ച്ചു കളയാന്‍ ഒന്നും ശ്രമിച്ചിട്ടില്ല. കാരണം ഏതെങ്കിലും സ്വാധീനങ്ങള്‍ എല്ലാ മനുഷ്യര്‍ക്കും ഉണ്ടാവുമല്ലോ. അതൊരു കുറ്റകൃത്യം ആയിട്ടൊന്നും ഞാന്‍ കാണുന്നുമില്ല. അല്ലെങ്കിലും 100% അനന്യമാണ് ആളുകളുടെ ആവിഷ്‌കാര രീതി എന്നൊന്നും വിശ്വാസമില്ല. ഇതൊക്കെ ഒരു പങ്കുവെപ്പ് ആണെന്ന് കരുതുന്ന ആളാണ് ഞാന്‍.
വലിയ ശബ്ദമെടുത്ത് സംസാരിച്ചാലും ആളുകളെ പിടിച്ചിരുത്താന്‍ കഴിയണമെന്നില്ലല്ലോ.
അമിതമായ ശബ്ദത്തിന്റെ പ്രശ്‌നം എന്താണെന്ന് വെച്ചാല്‍ ഒരു 15- 20 മിനിറ്റൊന്നും വലിയ പ്രശ്‌നമുണ്ടാവില്ല. പക്ഷേ നിങ്ങള്‍ ഒരു മണിക്കൂറോ ഒന്നര മണിക്കൂറോ സംസാരിക്കുമ്പോള്‍ ആര്‍ക്കുമത് കേള്‍ക്കാന്‍ പറ്റണമെന്നില്ല. ആളുകളുടെ ശ്രവണശേഷിക്ക് അലോസരമുണ്ടാക്കരുത്. ഒരു മണിക്കൂര്‍ കേട്ടിരുന്നാലും കേള്‍ക്കുന്നവര്‍ക്ക് അതൊരു ആയാസം ആകരുത്. ആ ടോണ്‍ നിലനിര്‍ത്തുക എന്നതും പ്രധാനമാണ്. നമ്മുടെ പല പ്രാസംഗികര്‍ക്കും അത് അറിയില്ല. അവര്‍ ആകാവുന്നത്ര ഒച്ച വെക്കും. അത് ആളുകള്‍ ശ്രദ്ധിക്കും എന്നാണ് കരുതുന്നത്. പക്ഷേ വലിയ ശബ്ദം വന്നാല്‍ അത് ശ്രദ്ധയെ വഴി തിരിച്ചു വിടുകയേയുള്ളൂ.
വാക്കുകളെയും തുറന്നുപറച്ചിലുകളെയും ഭയപ്പെടുന്ന ഒരു വിഭാഗം ഇപ്പോഴുമുണ്ട്. അത്തരം ഭീഷണികളെക്കുറിച്ച് ഓര്‍ക്കാറുണ്ടോ? പ്രത്യേകിച്ചും ശബരിമല പോലെയുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യേണ്ടി വന്നപ്പോള്‍.
അങ്ങനെ ഭയപ്പെടാറില്ല. ഞാന്‍ മുഖ്യമായിട്ടും ആശയങ്ങളെ കേന്ദ്രീകരിച്ചേ സംസാരിക്കാറുള്ളൂ. വ്യക്തികളെക്കുറിച്ച് പറയുകയാണെങ്കില്‍ തന്നെ അതൊരു ആശയാടിസ്ഥാനത്തിലാണ് പറയാറ്. പ്രസംഗത്തിന്റെ പേരില്‍ വ്യക്തിപരമായി ധാരാളം അധിക്ഷേപങ്ങളും ചീത്ത വിളികളും ഒക്കെ ധാരാളം ഉണ്ടായിട്ടുണ്ട്. ഞാന്‍ പക്ഷേ അതിനെ പറയുന്ന ആള്‍ എന്ന നിലയില്‍ എടുക്കാറില്ല. അതിപ്പോള്‍ എന്റെ മഹത്വം കൊണ്ടൊന്നുമല്ല. വ്യക്തിപരമായി ആളുകളോടുള്ള അനിഷ്ടം മനസ്സില്‍ സൂക്ഷിച്ചാല്‍ അത് ആത്യന്തികമായി നമ്മളെ തന്നെയാണ് നെഗറ്റീവ് ആയി ബാധിക്കുക. പിന്നെ ആ ഒരു വൈരാഗ്യ ബുദ്ധിയും അതിനു പക വീട്ടാനുള്ള തോന്നലുകളുമൊക്കെയായി നമ്മുടെ മനസ്സിനെ അത് വല്ലാതെ സ്വാധീനിക്കും. നമ്മുടെ ഊര്‍ജ്ജം ആര്‍ക്കോ വേണ്ടി പാഴാക്കേണ്ടി വരും. അതുകൊണ്ട് ഇത്തരം അതിക്രമങ്ങളും അധിക്ഷേപങ്ങളുമൊക്കെ വരുമ്പോള്‍ അതിനെ അതിന്റെ പാട്ടിന് വിടുകയാണ് ചെയ്യാറ്. ആദ്യമൊക്കെ പ്രയാസങ്ങള്‍ ഉണ്ടായിരുന്നു. പിന്നെ പിന്നെ നല്ല സന്തുലിതാവസ്ഥയില്‍ എത്തി. ഇപ്പോള്‍ ഇതൊന്നും ഞാന്‍ അറിയാറു പോലുമില്ല.
പിന്നെ ശാരീരികമായി അതിക്രമങ്ങള്‍ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല. യൂണിവേഴ്‌സിറ്റിയിലെ ഓഫീസ് കൈയേറിയ ഒരു സന്ദര്‍ഭം ഉണ്ടായിരുന്നു. പിന്നെ ഈ സോഷ്യല്‍ മീഡിയയിലെ ചീത്തവിളികളേയുള്ളൂ. എന്തായാലും അതിന്റെ പേരില്‍ പ്രസംഗത്തെ നിയന്ത്രിക്കേണ്ടി വന്നിട്ടില്ല.
മഹാഭാരതത്തെക്കുറിച്ച് ധാരാളം സംസാരിച്ച ആളാണ്. അതു പ്രസംഗകലയെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട്.
അതിലൊരു സവിശേഷതയുണ്ട്. മഹാഭാരതം എന്ന ഒരൊറ്റ തീമിനെ വെച്ച് അഞ്ചുദിവസം 15 മണിക്കൂറോളം ഞാന്‍ സംസാരിച്ചു. അത് വ്യത്യസ്തമായിരുന്നു. മാത്രമല്ല ദിവസം മൂന്നുമണിക്കൂറിനടുത്ത് ഞാന്‍ ഇത് പറഞ്ഞിട്ടുണ്ട.് ഇത്രയും നേരം ആളുകളുടെ ശ്രദ്ധ പിടിച്ചു നിര്‍ത്തുക, ഒരേ വിഷയത്തിന്റെ വിശദാംശങ്ങള്‍ പതുക്കെ പതുക്കെ അഴിച്ചു കൊണ്ടുവരിക... അതൊന്നും മഹാഭാരത പ്രസംഗത്തില്‍ നടന്നത് പോലെ അധികം കണ്ടിട്ടില്ല. മാത്രമല്ല മഹാഭാരതം കേട്ട പോലെ അത്ര ശ്രദ്ധാപൂര്‍വ്വം മറ്റു വിഷയങ്ങള്‍ ആളുകള്‍ കേട്ടിട്ടുമില്ല. അതിനു രണ്ടു കാരണങ്ങളുണ്ട്. ഒന്ന് മഹാഭാരതം പോലൊരു ടെക്സ്റ്റ് മുന്‍നിര്‍ത്തിയുള്ള ആലോചന എന്ന നിലയ്ക്ക് അത് ആദ്യത്തെതായിരുന്നു. അഴീക്കോട് മാഷ് നേരത്തെ ഭാരതീയതയെക്കുറിച്ച് ഏഴു ദിവസത്തെ പ്രസംഗം നടത്തിയിട്ടുണ്ട്. അതു പക്ഷേ ഇന്ത്യാ ചരിത്രത്തെയും രാഷ്ട്രീയത്തെയും ഒക്കെ മുന്‍നിര്‍ത്തിയായിരുന്നു.
മഹാഭാരതം ആയിരക്കണക്കിന് വര്‍ഷങ്ങളായി പ്രവര്‍ത്തിച്ച് മനുഷ്യരുടെ മനസ്സില്‍ വേര് പിടിച്ച ഒന്നാണല്ലോ. നമ്മളായിട്ട് അധികം പറഞ്ഞ് ഉണ്ടാക്കണ്ട. അതിലെ കഥാപാത്രങ്ങള്‍, അതിലെ ജീവിതം, ദുരന്താത്മകമായ ഉള്ളടക്കം ഇതൊക്കെ ആളുകളുടെ ഉള്ളിലുണ്ട.് പിന്നെ നമ്മള്‍ അതില്‍ നിന്ന് തുടങ്ങിയാല്‍ മതി. അതായത് മഹാഭാരതം പറയാന്‍ തുടങ്ങുമ്പോള്‍ 60% എങ്കിലും നിലവില്‍ അവിടെ നിക്ഷേപിക്കപ്പെട്ടിട്ടുണ്ട.് അതില്‍ നിന്ന് നമ്മള്‍ വിടര്‍ത്തി എടുത്താല്‍ മതി. വേറ വിഷയങ്ങള്‍ ഇങ്ങനെയല്ല, ഉദാഹരണത്തിന് മാര്‍ക്‌സിസ്റ്റ് ഫിലോസഫി. അതിനെ കുറിച്ച് പറയുമ്പോള്‍ 10% പോലും ആളുകളുടെ മനസ്സില്‍ ഉണ്ടാവില്ല. അപ്പോള്‍ നമ്മള്‍ പറഞ്ഞുണ്ടാക്കേണ്ടത് 90% ആണ്. മറ്റേത് പറഞ്ഞു ഉണ്ടാക്കേണ്ടത് ഒരു 40 -50 ശതമാനമാണ്. അതുകൊണ്ടുതന്നെ മനുഷ്യരുടെ മനസ്സില്‍ അതിന്റെ ആഘാതശേഷി കൂടുതലായിരിക്കും.
ഗുരു അങ്ങനെയുള്ളൊരു വിഷയമാണ്. അത് മനുഷ്യരുടെ മനസ്സിലുണ്ട്. അങ്ങനെ ആളുകളുടെ ഉള്ളില്‍ ഒരു സാംസ്‌കാരിക നിക്ഷേപം പോലെ അവശേഷിക്കുന്ന ഘടകങ്ങളില്‍ നിന്നാണ് നമ്മള്‍ കെട്ടിപ്പൊക്കുന്നതെങ്കില്‍ അത് ആ ജനങ്ങളിലേക്ക് പെട്ടെന്ന് ഇറങ്ങിച്ചെല്ലും. മഹാഭാരതത്തിന്റെ സ്വീകാര്യതയില്‍ ഇതൊരു കാരണമായിരുന്നു.
മഹാഭാരതം ഒരു ടെക്സ്റ്റ് എന്നതിനേക്കാള്‍ ഒരു അന്തരീക്ഷമാണ്. നമുക്ക് അതിലേക്ക് എന്തിനെയും കൊണ്ടുവരാന്‍ പറ്റും. നിങ്ങള്‍ക്ക് ആര്‍ക്കിയോളജി അറിയാമെങ്കില്‍ മഹാഭാരതത്തെ മുന്‍നിര്‍ത്തി ആര്‍ക്കിയോളജിയെ കുറിച്ച് പറയാം, പ്രാചീന ഇന്ത്യാ ചരിത്രത്തെക്കുറിച്ച് പറയാം, തിയോളജിയെക്കുറിച്ചും ആധ്യാത്മികതയെക്കുറിച്ചും പറയാം. അങ്ങനെ തുറന്നിട്ട ഒന്നാണത്. അതിങ്ങനെ പരന്നുകിടക്കുയാണ്.
എന്തായാലും മഹാഭാരതം പരമ്പര എനിക്ക് ഒരു പരിശീലനം ആയിരുന്നു. വളരെ വൈവിധ്യമുള്ള പ്രേക്ഷകരായിരുന്നു അതിനുണ്ടായിരുന്നത്. ഒരു ആറേഴ് പരമ്പരകള്‍ അതിനുശേഷം ചെയ്തു. അതെല്ലാം ഏറിയും കുറഞ്ഞും ഫലിച്ചു. പക്ഷേ മഹാഭാരതം പോലെ വേറൊന്നിനും ഇംപാക്ട് ഉണ്ടായില്ല. മറ്റൊന്ന് കൂടെയുണ്ട്. 2016- 17 കാലത്താണ് ഞാന്‍ ഇത് പറയുന്നത്. അതാവട്ടെ ഹിന്ദുത്വത്തിന്റെ അധിനിവേശം ശക്തമാകുന്ന കാലഘട്ടമാണ്. ഈയൊരു സമയത്ത് മഹാഭാരതം പോലൊരു പാഠത്തെ വളരെ മതേതരത്വത്തോടെ ഹിസ്റ്റോറിക്കലും സോഷ്യലുമായ ഒരു ഫ്രെയിമിലേക്ക് മാറ്റി പ്രതിഷ്ഠിക്കാനാണ് ഞാന്‍ ശ്രമിച്ചത.് സ്വാഭാവികമായും ഹിന്ദുത്വവുമായുള്ള ഒരു ഏറ്റുമുട്ടല്‍ അതിനകത്തുണ്ട.് അതുകൊണ്ടുതന്നെ ആളുകള്‍ക്ക് ആ നിലയ്ക്ക് ഇതിനോട് ഒരു താല്‍പര്യം തോന്നുക സ്വാഭാവികമാണ്. പിന്നെ ഞാന്‍ മഹാഭാരതത്തെ തള്ളിപ്പറയുകയോ ചീത്ത പറയുകയോ ഒന്നുമല്ല ചെയ്തിട്ടുള്ളത്. ആ ടെക്സ്റ്റിനെ ആദരിച്ചുകൊണ്ടുതന്നെ അതിനെ ഹിന്ദുത്വത്തിന്റെ യുക്തിക്ക് പുറത്ത് പലരീതിയില്‍ കാണാന്‍ പറ്റുമെന്ന് വ്യാഖ്യാനിക്കുകയായിരുന്നു. ഞാന്‍ ആരുടെയും വിശ്വാസത്തെ അല്ല ആക്രമിച്ചത്. ഞാന്‍ അറ്റാക്ക് ചെയ്യുന്നത് ഇതിനെയൊരു പൊളിറ്റിക്കല്‍ ടൂള്‍ ആക്കുന്നതിനെതിരെയാണ്.
ഇത്രയേറെ ആളുകളോട് സംസാരിക്കുമ്പോള്‍ സ്വയം എങ്ങനെയെങ്കിലും സംസ്‌കരിക്കപ്പെട്ടിട്ടുണ്ടോ.
തീര്‍ച്ചയായും. ഒരു 15 വര്‍ഷത്തിനിടയില്‍ എന്റെ ബോധ്യങ്ങളിലും പെരുമാറ്റ രീതികളിലുമൊക്കെ ധാരാളം മാറ്റം വന്നിട്ടുണ്ട്. ഗുരുവിനെ കുറിച്ച് പറഞ്ഞു പറഞ്ഞു ഞാന്‍ കുറെയേറെ മാറി. മുമ്പ് ഞാന്‍ താര്‍ക്കിക സ്വഭാവമുള്ള ഒരാളായിരുന്നു. എന്റെ ആശയത്തിന് എതിരായി ഒരാള്‍ പറഞ്ഞാല്‍ ഏറ്റുമുട്ടാനും ചീത്ത വിളിക്കാനുമൊന്നും പോവുമെന്നല്ല. പക്ഷേ, ആ വാദത്തെ ഖണ്ഡിക്കാന്‍ ഞാന്‍ ശ്രമിക്കുമായിരുന്നു. ഇപ്പോള്‍ അതൊന്നും ചെയ്യാറില്ല. അത് അയാളുടെ ബോധ്യം എന്ന നിലയ്ക്ക് വിടും. എന്റെ വീക്ഷണഗതി ആകാവുന്നത്ര വ്യക്തമായി പറയുമെന്ന് മാത്രം. അല്ലാതെ മറ്റൊരാളുടെ വീക്ഷണഗതി തര്‍ക്കിച്ചില്ലാതാക്കാന്‍ ശ്രമിക്കാറില്ല. അതിപ്പോള്‍ നൂറുശതമാനവും എനിക്ക് എതിരായ അഭിപ്രായം ആണെങ്കില്‍ പോലും. എന്നെ ഇങ്ങനെ മാറ്റുന്നതില്‍ ഞാന്‍ സംസാരിക്കുന്ന വിഷയങ്ങള്‍ക്കും വലിയ പങ്കുണ്ട്. എല്ലാ വിഷയങ്ങളും ഏറിയും കുറഞ്ഞും എന്നെ മാറ്റിയിട്ടുണ്ട്. അതാണ് ഞാന്‍ തുടക്കത്തില്‍ നമ്മള്‍ ഇന്‍വോള്‍വ്ഡ് ആവുക എന്നത് വളരെ പ്രധാനമാണെന്ന് പറഞ്ഞത്. അങ്ങനെയാകുമ്പോള്‍ ആ വിഷയം പുറത്ത് പ്രവര്‍ത്തിക്കുന്ന പോലെ നമ്മളിലും പ്രവര്‍ത്തിക്കുന്നത് കാണാം.
Inshort - Sunil P Ilayidam`s journey as a public speaker, his techniques, and insights into connecting with audiences.
Content Highlights: sunil ilayidam interveiw his journey and techniques in speech
Published: 18 Nov 2024, 07:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented