സജീവ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്ന് പിൻവാങ്ങുന്നതിനിടെ രാഷ്ട്രീയ വിവാദങ്ങളിലും ബാർകോഴ ആരോപണങ്ങളിലും നിർണായക വെളിപ്പെടുത്തലുകളുമായി മുൻ മന്ത്രി കെ. ബാബു. മാതൃഭൂമി 'ഓപ്പൺ ഹാർട്ടി'ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉമ്മൻചാണ്ടി സർക്കാരിന്റെ പ്രവർത്തനങ്ങളെ വി.എം. സുധീരന്റെ നിലപാടുകൾ വരിഞ്ഞുമുറുക്കിയെന്നും തന്റെ രാഷ്ട്രീയ പരാജയത്തിന് കാരണങ്ങളിലൊന്ന് സുധീരന്റെ നടപടികളാണെന്നും അദ്ദേഹം ആരോപിച്ചു. ബാർകോഴ വിവാദം കനത്ത സമയത്ത് ബാറുകൾ പൂട്ടാനുള്ള തീരുമാനം ഉമ്മൻചാണ്ടി വിളിപ്പിച്ചു തന്നെക്കൊണ്ടാണ് എഴുതിപ്പിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. കെ.എം. മാണിയുടെ ആത്മകഥയിലെ തനിക്കെതിരായ പരാമർശങ്ങൾ വാസ്തവവിരുദ്ധമാണെന്നും, ബാർ തുറക്കുന്നതുമായി ബന്ധപ്പെട്ട ഫയലുകൾ നേരിട്ട് കാണാതെ അന്ന് നിയമമന്ത്രിയായിരുന്ന കെ.എം മാണി അനിതരസാധാരണ വേഗത്തിൽ നടപടികളെടുത്തുവെന്നും കെ.ബാബു വെളിപ്പെടുത്തി

To advertise here,

2016ൽ തനിക്ക് സീറ്റില്ലെങ്കിൽ മത്സരിക്കാനില്ലെന്ന് ഉമ്മൻചാണ്ടി സുധീരന് മുന്നിൽ ഉറച്ച നിലപാടെടുത്ത കാര്യവും അദ്ദേഹം പങ്കുവെച്ചു. വിജിലൻസ് റെയ്ഡിന് പിന്നിൽ ജേക്കബ് തോമസിന് തന്നോടുള്ള വ്യക്തിപരമായ പകയാണെന്നും, റെയ്ഡിന് ശേഷം താൻ അഴിമതിക്കാരനായി പൊതുസമൂഹത്തിൽ ചിത്രീകരിക്കപ്പെട്ടതായും അദ്ദേഹം പറഞ്ഞു. എക്‌സൈസ് വകുപ്പ് വേണ്ടെന്ന് ഉമ്മൻചാണ്ടിയെ അറിയിച്ചിരുന്നുവെന്നും വിവാദങ്ങൾകൂടി വന്നതോടെ വകുപ്പ് ഒഴിയാൻ പലതവണ താൻ ആഗ്രഹിച്ചിരുന്നതായും ഇക്കാര്യം മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയെ അറിയിച്ചിരുന്നതായും കെ. ബാബു പറഞ്ഞു