ശോഭന മാമിന്റെ മടിയിൽ ഞാനും ലാലേട്ടന്റെ മടിയിൽ തോമസേട്ടനും, ആ ഫോട്ടോ ഒരു നിധിയാണ് | Amritha Varshini
'ലാലേട്ടനെന്നാൽ ഒരു വികാരമല്ലേ. ആദ്യ സിനിമ തന്നെ രണ്ട് ഇതിഹാസങ്ങൾക്കൊപ്പം, ശോഭന മാമും ലാലേട്ടനും. ഇതിൽ കൂടുതൽ വേറെന്തു വേണം. ഇപ്പോഴും ആ ഹാങ്ങോവർ മാറിയിട്ടില്ല'. നിർത്താതെ പറയുകയാണ് തുടരും എന്ന സിനിമയിൽ ബെൻസിന്റെയും ലളിതയുടെയും മകളായെത്തിയ അമൃത വർഷിണി.
ഇൻസ്റ്റാഗ്രാം റീലുകളിലൂടെ നേരത്തെ തന്നെ പ്രേക്ഷകർക്ക് പരിചിതയാണ് ഈ പത്താംക്ലാസുകാരി. അസൽ നർത്തകിയും. രശ്മിക മന്ദാനയുടെ പാട്ടുകൾക്ക് ചുവട് വയ്ക്കുകയും അതേ റീലിന് രശ്മിക കമന്റിടുകയും ചെയ്തതോടെ അമൃത ശരിക്കും സ്റ്റാറായി. അങ്ങ് തമിഴിലും തെലുങ്കിലും കന്നഡത്തിലും വരെ ആരാധകരായി. അവർ സ്നേഹത്തോടെ അമൃതയ്ക്ക് ജൂനിയർ രശ്മിക എന്ന പേരും ഇട്ടു. അമ്മാവന്റെ സുഹൃത്തായ നടൻ ബിനു പപ്പു വഴിയാണ് താൻ തുടരുമിന്റെ ഭാഗമായതെന്ന് പറയുന്നു അമൃത.
"ഓഡിഷൻ വഴിയാണ് തുടരുമിന്റെ ഭാഗമാവുന്നത്. രണ്ട് സിറ്റുവേഷനാണ് അവർ ചെയ്യാൻ പറഞ്ഞത്. ഒന്ന് വീട്ടിൽ അച്ഛന്റെ അടുത്ത് ചേട്ടനെ പറ്റി കുറ്റം പറയുന്നത്. അതെനിക്ക് ഈസിയായി ചെയ്യാൻ പറ്റി. സ്ഥിരമുള്ള പരിപാടിയാണല്ലോ. എനിക്കും ഒരു ഇരട്ട സഹോദരൻ ഉണ്ടേ. രണ്ടാമത് വീട്ടിൽ ഒറ്റയ്ക്കുള്ളപ്പോൾ ഒരു അപരിചതൻ കയറി വന്നാൽ എങ്ങനെ പ്രതികരിക്കും എന്നുള്ളതായിരുന്നു. ആ രംഗം അഭിനയിക്കുമ്പോൾ ഞാൻ ചെറുതായി പേടിച്ചു, കരഞ്ഞു. പക്ഷേ ഫസ്റ്റ് ടേക്കിൽ തന്നെ ഓകെയായി. അതോടെ ഞാൻ സിനിമയുടെ ഭാഗമായി.
പവിത്ര എന്നാണ് സിനിമയിലെന്റെ കഥാപാത്രത്തിന്റെ പേര് . ഞാനും പവിത്രയും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ല. ഇതേപോലെ നിർത്താതെ സംസാരിക്കുന്ന ആളാണ് ഞാൻ. എനിക്ക് എന്നെത്തന്നെ സ്ക്രീനിൽ കാണിക്കാൻ പറ്റി. വീട്ടിൽ ഞാൻ അച്ചുവാണ്. എനിക്കൊരു ഇരട്ട സഹോദരൻ ഉണ്ട്. കാര്യം ഞങ്ങൾ വഴക്കടിക്കുമെങ്കിലും റീലുകളെടുക്കാൻ എന്നെ സഹായിക്കുന്നത് അവനാണ്. ക്യാമറ, എഡിറ്റിങ്ങ് പബ്ലിഷിങ്ങ് ഒക്കെ അവൻ തന്നെയാണ് ചെയ്ത് തരുന്നത്. ഞാൻ വരുന്നു, ഡാൻസ് ചെയ്യുന്നു, പോകുന്നു അത്രേ ഉള്ളൂ. റീലുകൾ തന്നെയാണ് സിനിമയിലെത്തിച്ചത്. ബ്രേക്ക് ടൈമിൽ ശോഭന മാമിന്റെ മടിയിൽ ഞാനും ലാലേട്ടന്റെ മടിയിൽ തോമസേട്ടനും ഇരുന്ന് ഒരു ഫാമിലി ഫോട്ടോ എടുത്തിരുന്നു, അത് കിട്ടിയിട്ടില്ല. ചോദിച്ച് വാങ്ങണം. വലിയൊരു നിധിയല്ലേ അത്".... അമൃത പറയുന്നു.
Content Highlights: amrithavarshini thudarum movie actress interview
Published: 15 May 2025, 10:42 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented